Connect with us

afc champions league

എ എഫ് സി ചാമ്പ്യൻസ് ലീഗിന് ഇന്ത്യയിൽ നിന്നാര്; പയ്യനാട്ട് ഇന്ന് ഒന്നൊന്നര കളി

മുംബൈ സിറ്റി എഫ് സി- ജംഷഡ്പൂർ മത്സരം രാത്രി 8.30ന്

Published

|

Last Updated

മലപ്പുറം | ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ട് വമ്പൻ ക്ലബുകളുടെ ഉശിരൻ പോരിന് ഇന്ന് പയ്യനാട് ഫുട്ബോൾ സ്റ്റേഡിയം സാക്ഷിയാകും. 2023-24 സീസൺ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ ചാമ്പ്യൻസ് ലീഗിൽ (എ എഫ് സി) മത്സരിക്കാനുള്ള ഇന്ത്യൻ ടീമിനെ കണ്ടെത്തുന്നതിനുള്ള മത്സരത്തിൽ മുംബൈ സിറ്റി എഫ് സി ജംഷഡ്പൂർ എഫ് സിയെ നേരിടും. രാത്രി എട്ടരക്കാണ് മത്സരം. വിജയികൾ ഇത്തവണത്തെ ഏഷ്യയിലെ ഏറ്റവും വലിയ ക്ലബ് ഫുട്ബോൾ പോരാട്ടമായ എ എഫ് സി ഏഷ്യൻ കപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കും.

ഐ എസ് എൽ ഷീൽഡ് ചാമ്പ്യന്മാരാണ് മുബൈ സിറ്റി എഫ് സി. ജംഷഡ്പൂർ പത്താം സ്ഥാനത്താണ് സീസൺ അവസാനിപ്പിച്ചത്. 20 കളികളിൽ 14 ജയവും നാല് സമനിലയും രണ്ട് പരാജയവുമായി 46 പോയിന്റ് നേടിയാണ് മുംബൈ ഷീൽഡ് ചാമ്പ്യന്മാരായത്. സെമിയിൽ ബെംഗളൂരു എഫ് സിയോട് പരാജയപ്പെട്ടു. ജംഷഡ്പൂരിന് 20 കളികളിൽ നിന്ന് അഞ്ച് ജയം മാത്രമേ നേടാനായുള്ളൂ. നാല് സമനില. 11 തോൽവി. ലഭിച്ചത് 19 പോയിന്റ്. കഴിഞ്ഞ തവണ ഇന്ത്യയെ പ്രതിനിധീകരിച്ച മുംബൈ സിറ്റി ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് സ്റ്റേജിൽ രണ്ടാം സ്ഥാനം നേടിയിരുന്നു.

രണ്ട് മലയാളി താരങ്ങളുൾപ്പെട്ടതാണ് ജംഷഡ്പൂർ ടീം. കോഴിക്കോട് സ്വദേശി ഗോൾകീപ്പർ ടി പി രഹ്നേഷ്, നിലമ്പൂർ സ്വദേശി മുഹമ്മദ് ഉവൈസ് എന്നിവരാണ് ടീമിലെ മലയാളിത്തിളക്കം. ഇരു ടീമുകളും മുൻനിര താരങ്ങളുമായി പന്ത് തട്ടുമ്പോൾ പയ്യനാട്ടെ കാണിക്കൂട്ടം കളിയാരവം തീർക്കും. ആദ്യമായാണ് രണ്ട് ഐ എസ് എൽ ടീമുകൾ പയ്യനാട് ഫുട്ബോൾ സ്റ്റേഡിയത്തിൽ പന്ത് തട്ടുന്നത്.

Latest