Uae
എ എഫ് സി ചാമ്പ്യന്‍സ് ലീഗ് വിജയം: അല്‍ ഐന്‍ എഫ് സി ടീമിനെയും പിന്നണി പ്രവര്‍ത്തകരെയും ആദരിച്ച് യു എ ഇ പ്രസിഡന്റ്
ടീമിന്റെ മെഡിക്കല്‍ സേവനദാതാവായ ബുര്‍ജീലിന്റെ ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലിലും സംഘത്തിലുണ്ടായിരുന്നു.
അല്‍ ഐന്‍ എഫ് സി ടീമംഗങ്ങള്‍ യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനൊപ്പം (ഇടത്). ക്ലബിന്റെ മെഡിക്കല്‍ പങ്കാളിയായ ബുര്‍ജീലിന്റെ സ്ഥാപകന്‍ ഡോ. ഷംഷീര്‍ വയലില്‍ യു എ ഇ പ്രസിഡന്റിന് ആശംസ നേരുന്നു.
അബൂദബി | 2024ലെ എ എഫ് സി ചാമ്പ്യന്‍സ് ലീഗില്‍ യു എ ഇക്ക് അഭിമാനവിജയം സമ്മാനിച്ച അല്‍ ഐന്‍ ഫുട്ബോള്‍ ടീമിനെയും പിന്നണി പ്രവര്‍ത്തകരെയും ആദരിച്ച് യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. തിളങ്ങുന്ന വിജയത്തില്‍ ടീമിനെ അഭിനന്ദിക്കാനായി അബൂദബി ഖസര്‍ അല്‍ ബഹറിലാണ് പ്രത്യേക സ്വീകരണം ഒരുക്കിയത്.
ചരിത്ര നേട്ടത്തില്‍ ടീമിലെ കളിക്കാരെയും പിന്നണി പ്രവര്‍ത്തകരെയും യു എ ഇ പ്രസിഡന്റ് അഭിനന്ദിച്ചു. ടൂര്‍ണമെന്റിലുടനീളമുള്ള ടീമിന്റെ അസാധാരണമായ പ്രകടനത്തെയും യു എ ഇയെ പ്രതിനിധീകരിച്ച് വിജയം കൈവരിക്കാന്‍ കാരണമായ പരിശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു.
കളിക്കാര്‍, ക്ലബ് ഭാരവാഹികള്‍, കമ്മിറ്റി അംഗങ്ങള്‍, സ്‌പോണ്‍സര്‍മാര്‍ എന്നിവരാണ് സ്വീകരണത്തില്‍ പങ്കെടുത്തത്. ക്ലബിന്റെ മെഡിക്കല്‍ പങ്കാളിയായ ബുര്‍ജീലിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലിലും സംഘത്തില്‍ ഉണ്ടായിരുന്നു. അബൂദബി ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്യാനടക്കമുള്ള പ്രമുഖരും ടീമിനെ അഭിനന്ദിക്കാനായി എത്തി. രാജ്യത്തെ കായിക, യുവജന മേഖലയ്ക്ക് യു എ ഇ പ്രസിഡന്റ് നല്‍കുന്ന പിന്തുണയുടെ ഫലമാണ് അല്‍ ഐന്‍ ഫുട്‌ബോള്‍ ക്ലബിന്റെ നേട്ടമെന്ന് ടീമംഗങ്ങള്‍ പ്രതികരിച്ചു.