afc cup qualifier
എ എഫ് സി യോഗ്യത: ഇന്ത്യക്ക് ഹാട്രിക് ജയം
ഹോങ്കോംഗിനെ എതിരില്ലാത്ത നാല് ഗോളിനാണ് പരാജയപ്പെടുത്തിയത്.
കൊല്‍ക്കത്ത | എ എഫ് സി ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ഹാട്രിക് ജയവുമായി നീലപ്പട. മത്സരത്തിന് മുമ്പ് തന്നെ യോഗ്യത നേടി പൂര്‍ണ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ഇന്ത്യ, ഹോങ്കോംഗിനെ എതിരില്ലാത്ത നാല് ഗോളിനാണ് പരാജയപ്പെടുത്തിയത്. അന്‍വര്‍ അലി, ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, മന്‍വീര്‍ സിംഗ്, ഇഷാന്‍ പണ്ഡിത എന്നിവരാണ് സ്‌കോര്‍ ചെയ്തത്. ഇതോടെ ഗ്രൂപ്പ് ഡിയിൽ ഇന്ത്യക്ക് ഒൻപത് പോയിൻ്റായി.
കളിയുടെ രണ്ടാം മിനുട്ടില്‍ തന്നെ ആശിഖിന്റെ ക്രോസ് ഹോങ്കോംഗിന്റെ വലയിലെത്തിച്ച് അന്‍വര്‍ അലി ഇന്ത്യക്ക് വേണ്ടി അക്കൗണ്ട് തുറന്നു. ഒന്‍പതാം മിനുട്ടില്‍ ഇന്ത്യയുടെ സുരേഷ് സിംഗിന് മഞ്ഞക്കാര്‍ഡ് ലഭിച്ചത് കളിയിലെ കല്ലുകടിയായി. ഒന്നാം പകുതി അവസാനിക്കാനിരിക്കെയാണ് ഇന്ത്യ രണ്ടാം ഗോള്‍ നേടിയത്.
ജീക്‌സന്റെ ഫ്രീകിക്ക് ലഭിച്ച സുനില്‍ ഛേത്രി കരുത്തുറ്റ ഷോട്ടില്‍ ഹോങ്കോംഗിന്റെ വലയിലെത്തിക്കുകയായിരുന്നു. ഇതിനിടയില്‍ നിരവധി അവസരങ്ങള്‍ ഇന്ത്യക്ക് ലഭിച്ചിരുന്നു. ചില അവസരങ്ങള്‍ ഹോങ്കോംഗും സൃഷ്ടിച്ചു. 85ാം മിനുട്ടിലായിരുന്നു ഇന്ത്യയുടെ മൂന്നാം ഗോള്‍. ബോക്‌സിന്റെ മൂലയില്‍ നിന്നുള്ള ബ്രാന്‍ഡന്റെ ക്രോസ്സ് ആണ് മന്‍വീര്‍ ഗോളാക്കിയത്. രണ്ടാം പകുതിയുടെ അധിക സമയത്താണ് മന്‍വീറിന്റെ ക്രോസില്‍ സൂപ്പര്‍ സബ് ഇഷാന്‍ പണ്ഡിത ഹോങ്കോംഗിന്റെ വലയില്‍ അവസാന ഗോളും നിക്ഷേപിച്ചത്.
കംബോഡിയയെയും അഫ്ഗാനിസ്ഥാനെയുമാണ് ആദ്യ രണ്ട് മത്സരങ്ങളില്‍ ഇന്ത്യ പരാജയപ്പെടുത്തിയത്. ഗ്രൂപ്പ് ബിയില്‍ ഫിലിപ്പീന്‍സിനെ ഫലസ്തീന്‍ തോല്‍പ്പിച്ചതോടെ ഇന്ത്യ യോഗ്യത നേടുകയായിരുന്നു.