Connect with us

From the print

ഫർസാനയോട് പ്രണയമല്ല, കടുത്ത പകയായിരുന്നെന്ന് അഫാൻ

വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ പുതിയ വെളിപ്പെടുത്തൽ

Published

|

Last Updated

വെഞ്ഞാറമൂട് (തിരുവനന്തപുരം)| വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനുമായുള്ള പാങ്ങോട് പോലീസിന്റെ തെളിവെടുപ്പ് പൂർത്തിയായി. തുടർന്ന് ഇയാളെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത് തിരികെ ജയിലിൽ എത്തിച്ചു. ഈ മാസം 13 വരെയാണ് റിമാൻഡ് കാലാവധി. ഇനിയുള്ളത് പ്രതിയുടെ പിതൃസഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിലുള്ള തെളിവെടുപ്പാണ്. ഇതിനായി കിളിമാനൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കസ്റ്റഡി അപേക്ഷ നൽകി.

കൊലപാതകങ്ങൾക്കു വേണ്ടി ചുറ്റിക വാങ്ങിയ വെഞ്ഞാറമൂട്ടിലെ ഹാർഡ്‌വെയർ കട, പിതൃമാതാവിന്റെ മാല പണയം വെച്ച സ്വകാര്യ പണമിടപാട് സ്ഥാപനം, ചുറ്റിക ഒളിപ്പിക്കാൻ ബാഗ് വാങ്ങിയ ചെരുപ്പ് കട, പണയം വെച്ച പണം നിക്ഷേപിച്ച എ ടി എം കൗണ്ടർ എന്നിവിടങ്ങളിലെത്തിച്ചായിരുന്നു പാങ്ങാട് പോലീസിന്റെ തെളിവെടുപ്പ്. കട ഉടമകളും പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരും പ്രതിയെ തിരിച്ചറിഞ്ഞു. എത്തിച്ച എല്ലാ സ്ഥലങ്ങളിലും ആൾക്കൂട്ടമുണ്ടായിരുന്നതിനാൽ വൻ പോലീസ് സുരക്ഷയിലാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്. അതേസമയം, കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതിന് പുറമെ പെൺസുഹൃത്തിനെക്കൂടി വകവരുത്തിയതിന്റെ കാരണവും അഫാൻ വെളിപ്പെടുത്തി. തനിക്ക് ഫർസാനയോട് പ്രണയമല്ല, കടുത്ത പകയാണ് ഉണ്ടായിരുന്നതെന്നാണ് പുതിയ വെളിപ്പെടുത്തൽ. പണയം വെക്കാൻ നൽകിയ മാല ഫർസാന തിരികെ ചോദിച്ചതാണ് വൈരാഗ്യത്തിന് കാരണം. അഫാന് മാല നൽകിയ വിവരം ഫർസാനയുടെ വീട്ടിൽ അറിഞ്ഞിരുന്നു. മാല തിരികെ നൽകാൻ ഫർസാന സമ്മർദം ചെലുത്തി. ഇതാണ് കടുത്ത പക തോന്നാൻ കാരണമായത്. ആസൂത്രണം നടത്തിയതിനു ശേഷമാണ് ഫർസാനയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. മാതാവ് ഷെമിക്ക് സുഖമില്ലെന്ന് പറഞ്ഞാണ് വീട്ടിലേക്ക് വിളിച്ചുവരുത്തിയതെന്നും പ്രതി പറഞ്ഞു. നാഗരുകുഴിയിലെ കടയിൽ നിന്ന് മുളകുപൊടി വാങ്ങിയിരുന്നു. കൊലപാതകത്തിനിടെ വീട്ടിൽ ആരെങ്കിലും എത്തിയാൽ അവരെ ആക്രമിക്കാനായിരുന്നു ഇത്. പേരുമലയിലെ വീട്ടിൽ ഇന്നലെ തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് അഫാൻ ഇക്കാര്യം വെളിപ്പടുത്തിയത്. പിതാവിന്റെ കാർ പണയപ്പെടുത്തിയത് ഫർസാനയുടെ മാല തിരികെ എടുത്ത് നൽകാനായിരുന്നുവെന്നും പോലീസിനോട് പറഞ്ഞു. നിർവികാരനായി മുഖത്ത് ഒരു ഭാവവ്യത്യാസവുമില്ലാതെയാണ് അഫാൻ കാര്യങ്ങൾ വിവരിച്ചത്.

 

Latest