Connect with us

International

അഫ്ഗാൻ ഭൂകമ്പം: കനത്ത മഴയും മോശം ക്രമീകരണങ്ങളും; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം; നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍

രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലായതിനാല്‍ ഈ ദുരന്തത്തില്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും ആശങ്ക

Published

|

Last Updated

കാബൂള്‍ | കനത്ത മഴയും വിഭവങ്ങളുടെ അഭാവവും ദുഷ്‌കരമായ ഭൂപ്രദേശങ്ങളും കാരണം ഭൂകമ്പം നാശം വിതച്ച അഫ്ഗാനിസ്ഥാനിലെ ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ ദുഷ്‌കരമാകുന്നു. ദുരന്തഭൂമിയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പൂര്‍ണമായും എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല. ആരോഗ്യ സംവിധാനം ഇതിനകം തന്നെ തകര്‍ച്ചയിലായ രാജ്യത്ത് ഈ ദുരന്തം പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കി. രാജ്യത്തെ വാര്‍ത്താവിനിമയ സംവിധാനത്തെയും ദുരന്തം സാരമായി ബാധിച്ചിട്ടുണ്ട്.

ദുഷ്‌കരമായ സാഹചര്യങ്ങള്‍ക്കിടയില്‍ താലിബാന്‍ ഭരണകൂടം അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായം അഭ്യര്‍ത്ഥിച്ചു. തങ്ങള്‍ക്ക് ആ പ്രദേശത്ത് എത്താന്‍ കഴിയില്ലെന്നും അവിടേക്കുള്ള വഴി തടസ്സപ്പെട്ടിരിക്കുകയാണെന്നും താലിബാന്‍ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് ചുറ്റുമുള്ള ഗ്രാമങ്ങളും റോഡുകളും മൊബൈല്‍ ഫോണ്‍ ടവറുകളും പൂര്‍ണ്ണമായും തകര്‍ന്നതായി രക്ഷാപ്രവര്‍ത്തകരും പറയുന്നു. രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലായതിനാല്‍ ഈ ദുരന്തത്തില്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും ആശങ്കയുണ്ട്.

തെക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ ഇതുവരെ ആയിരത്തിലധികം ആളുകള്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. താലിബാന്‍ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, ദുരന്തത്തില്‍ കുറഞ്ഞത് 1,500 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ തകര്‍ന്നതില്‍ ഏറെയും മണ്ണും കല്ലും കൊണ്ട് നിര്‍മ്മിച്ച വീടുകളാണ്. കിഴക്കന്‍ പ്രവിശ്യയായ പക്തികയിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചത്. ഈ പ്രവിശ്യയില്‍ നിരവധി വീടുകള്‍ അവശിഷ്ടങ്ങളായി മാറിയിട്ടുണ്ട്. ഇവിടെ നിന്ന് വരുന്ന ചിത്രങ്ങളില്‍ പരിക്കേറ്റവരെ സ്ട്രെച്ചറുകളില്‍ കയറ്റുന്നത് കാണാം. നൂറുകണക്കിനാളുകള്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. പക്തിക പ്രവിശ്യയ്ക്ക് പുറമെ ഖോസ്ത്, ഗസ്‌നി, ലോഗര്‍, കാബൂള്‍, ജലാലാബാദ്, ലഗ്മാന്‍ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

തെക്കുകിഴക്കന്‍ നഗരമായ ഖോസ്റ്റില്‍ നിന്ന് 44 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് വിവരം. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂള്‍, പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദ്, ഇന്ത്യ എന്നിവിടങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ അഫ്ഗാനിസ്ഥാനിലുണ്ടായ ഏറ്റവും ശക്തമായ ഭൂചലനം താലിബാന്‍ ഭരണകൂടത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. പതിറ്റാണ്ടുകളായി യുദ്ധം ചെയ്യുന്ന അഫ്ഗാനിസ്ഥാന്‍ ഭൂകമ്പങ്ങളും മറ്റ് പ്രകൃതി ദുരന്തങ്ങളും തടയാന്‍ ഇതുവരെ പ്രത്യേക നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ദുരന്തങ്ങള്‍ വരുമ്പോള്‍ പകച്ചുനില്‍ക്കാന്‍ മാത്രമേ സര്‍ക്കാറിന് സാധിക്കുന്നുള്ളൂ.

---- facebook comment plugin here -----

Latest