Afghanistan crisis
താലിബാന്റെ വിജയാഹ്ളാദത്തിനിടെ ഞെരിഞ്ഞമര്‍ന്ന് അഫ്ഗാന്‍ സമ്പദ്ഘടന
കൂപ്പുകുത്തുന്ന സമ്പദ്ഘടനയെ താലിബാന്‍ എങ്ങനെ താങ്ങിനിര്‍ത്തുമെന്നതും ത്രിശങ്കുവിലാണ്.
കാബൂള്‍ | അഫ്ഗാനിസ്ഥാന്‍ ഭരണം പിടിച്ചടക്കുകയും 20 വര്‍ഷത്തെ അധിനിവേശം അവസാനിപ്പിച്ച് അമേരിക്ക പിന്‍വാങ്ങുകയും ചെയ്തതിന്റെ ആഹ്ളാദം താലിബാന്‍ നടത്തുന്നുണ്ടെങ്കിലും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരം. ആഗസ്റ്റ് 15ന് കാബൂള്‍ താലിബാന്‍ പിടിച്ചടക്കിയതിന് ശേഷം രാജ്യത്തെ ബേങ്കുകളുടെ പ്രവര്‍ത്തനം ദുര്‍ബലമാണ്. അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങള്‍ അഫ്ഗാനുമായുള്ള ബന്ധം വിച്ഛേദിച്ചതാണ് പ്രധാന കാരണം.
താലിബാന്‍ പിടിച്ചടക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പുതന്നെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കുടിശ്ശികയാണ്. താലിബാനും അശ്‌റഫ് ഗാനി സര്‍ക്കാറിന്റെ സൈന്യവും തമ്മില്‍ മാസങ്ങള്‍ നീണ്ട പോരാട്ടത്തിനിടെ അഞ്ച് ലക്ഷം പേര്‍ ആഭ്യന്തരമായി ഭവനരഹിതരായിട്ടുണ്ട്. അഫ്ഗാനില്‍ മാനവിക ദുരന്തമുണ്ടാകുമെന്ന് യു എന്‍ മേധാവി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കുന്നത് സംബന്ധിച്ച് ഇപ്പോഴും ആശങ്കകള്‍ ഉയരുന്നുണ്ട്. കൂപ്പുകുത്തുന്ന സമ്പദ്ഘടനയെ താലിബാന്‍ എങ്ങനെ താങ്ങിനിര്‍ത്തുമെന്നതും ത്രിശങ്കുവിലാണ്. ലോക ബേങ്ക്, ഐ എം എഫ് പോലുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ രാജ്യത്തിനുള്ള പണം നല്‍കുന്നത് മരവിപ്പിച്ചത് താലിബാന് വലിയ തിരിച്ചടിയാകും. അഫ്ഗാന്‍ സെന്‍ട്രല്‍ ബേങ്കിന്റെ 950 കോടി ഡോളറിന്റെ സ്വത്തുക്കള്‍ അമേരിക്ക ഈയടുത്ത് മരവിപ്പിച്ചിരുന്നു.