taliban afgan
അഫ്ഗാൻ പലായനം; മതിലിനപ്പുറം മറഞ്ഞുപോയ മകന് വേണ്ടി
അഫ്ഗാൻ ദന്പതികളുടെ കാത്തിരിപ്പ് നീളുന്നു. കാണാതായത് രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ
കാബൂൾ/വാഷിംഗ്ടൺ | അന്ന് താലിബാൻ കാർ അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളും വളഞ്ഞിരുന്നു. മിർസ അലി അഹ്്മദിയും ഭാര്യ സുരയ്യയും അഞ്ച് മക്കളും ആഗസ്റ്റ് 19ന് കാബൂൾ വിമാനത്താവളത്തിന്റെ കവാടത്തിന് പുറത്ത് ഇളകിമറിഞ്ഞ ജനക്കൂട്ടത്തിനിടയിലായിരുന്നു.
അപ്പോഴാണ്, ഉയരമേറിയ മതിലിന് മുകളിൽ നിന്ന് ഒരു യു എസ് സൈനികൻ അവർക്കു നേരെ സഹായ ഹസ്തം നീട്ടിയത്. രണ്ട് മാസം മാത്രം പ്രായമുള്ള മകൻ സുഹൈലിന് ഒന്നും സംഭവിക്കരുതേ എന്ന കരുതലോടെ നെഞ്ചോട് ചേർത്ത് നീങ്ങുകയായിരുന്നു ആ കുടുംബം. പ്രവേശന കവാടത്തിലേക്ക് അഞ്ച് മീറ്റർ മാത്രം നീങ്ങിയാൽ മതി. പക്ഷേ, ആൾത്തിരക്ക് അതി ഭീകരമായിരുന്നു. ഒരു നിമിഷാർധത്തിലെടുത്ത തീരുമാനമായിരുന്നു അത്. മറ്റൊന്നും ആലോചിക്കാതെ അവർ കൈക്കുഞ്ഞിനെ തങ്ങൾക്ക് നേരെ നീട്ടിയ യു എസ് സൈനികന് കൈമാറി. വേഗം അകത്തെത്തി കുഞ്ഞിനെ തിരികെ വാങ്ങാമെന്നായിരുന്നു കണക്കുകൂട്ടൽ.
പക്ഷേ, അപ്പോഴേക്കും പലായനം ലക്ഷ്യമിട്ടെത്തിയവരെ വിമാനത്താവള പരിസരത്ത് നിന്ന് താലിബാൻ സൈനികർ ആട്ടിയോടിക്കാൻ തുടങ്ങിയിരുന്നു. മകൻ അകത്തെത്തിയിരിക്കുന്നു എന്ന ബോധ്യം മിർസ അലി അഹ്്മദി- സുരയ്യ ദന്പതികളെ തളർത്തി. എങ്കിലും അരമണിക്കൂറിലേറെ നീണ്ട പരിശ്രമത്തിൽ അവർക്ക് വിമാനത്താവളത്തിന് അകത്ത് കയറാൻ കഴിഞ്ഞു. പക്ഷേ, കുഞ്ഞിനെ മാത്രം കണ്ടെത്താനായില്ല.
പത്ത് വർഷം കാബൂളിലെ യു എസ് എംബസിയിൽ കാവൽക്കാരനായി ജോലി നോക്കിയ ധൈര്യം വെച്ച് മുന്നിൽക്കണ്ട യു എസ് ഉദ്യോഗസ്ഥരോടും സൈനികരോടും മിർസ അലി തന്റെ പിഞ്ചുകുഞ്ഞ് എവിടെയാണെന്ന് അന്വേഷിച്ചു. സുരക്ഷ കണക്കിലെടുത്ത് കുഞ്ഞുങ്ങളെയെല്ലാം വിമാനത്താവളത്തിലെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റിയെന്നായിരുന്നു ഒരു സൈനിക കമ്മാൻഡർ നൽകിയ മറുപടി. ദന്പതികൾ അവിടെയെത്തിയെങ്കിലും ഒഴിഞ്ഞുകിടിക്കുകയായിരുന്നു.
കമ്മാൻഡറുടെ സഹായത്തോടെ അവർ വിമാനത്താവളത്തിലുടനീളം പിന്നെയും കുട്ടിക്ക് വേണ്ടി തിരച്ചിൽ നടത്തി. നിരവധി പേരോട് സംസാരിച്ചു. കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ വിമാനത്താവളത്തിൽ സംവിധാനമില്ലെന്നും സുഹൈലിനെ ഏതെങ്കിലും വിമാനത്തിൽ കയറ്റിയിരിക്കാമെന്നും ഒരു ഉദ്യോഗസ്ഥൻ അവരോട് പറഞ്ഞു. അവർക്ക് മുന്നിൽ എല്ലാ വഴികളും അടഞ്ഞു. പിന്നാലെയെത്തിയ രക്ഷാ ദൗത്യ വിമാനത്തിൽ കയറി അലിയും സുരയ്യയും നാല് മക്കളും അഫ്ഗാനിസ്ഥാനോട് വിട പറഞ്ഞു. വിമാനം ആദ്യം ഖത്വറിലും പിന്നെ ജർമനിയിലും ഒടുവിൽ യു എസിലുമെത്തി. ടെക്സാസിലെ ഫോർട്ട് ബ്ലിസ്സിലുള്ള അഫ്ഗാൻ അഭയാർഥി ക്യാന്പിലാണ് അലിയും കുടുംബവും. സുഹൈലിന് വേണ്ടി മുട്ടാത്ത വാതിലുകളില്ല. തങ്ങളെ പോലെ മറ്റ് പലരും കാബൂൾ വിമാനത്താവളത്തിന് പുറത്ത് വെച്ച് പിഞ്ചുകുഞ്ഞുങ്ങളെ യു എസ് സൈനികർക്ക് കൈമാറിയിരുന്നു. അതിന്റെ നിരവധി ചിത്രങ്ങൾ മാധ്യമങ്ങളിൽ കണ്ടിരുന്നു. അവർക്കൊക്കെ മക്കളെ തിരിച്ചു കിട്ടിക്കാണുമോ?- അലി ചോദിക്കുന്നു.
കാണാതായ കുട്ടികളെ കണ്ടെത്താൻ വേണ്ടി ഉണ്ടാക്കിയ സന്നദ്ധ സംഘടനയുടെ ലോഗോയിൽ സുഹൈലിന്റെ ചിത്രമാണ് ചേർത്തിരിക്കുന്നത്. കുട്ടിയെ കണ്ടെത്തുന്നതിന് അന്താരാഷ്ട്ര പങ്കാളികളുമായും അന്താരാഷ്ട്ര സമൂഹവുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് യു എസ് വിദേശകാര്യ മന്ത്രാലയ വക്താവ് പറയുന്നു.