Talibaninvasion
അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികളില്‍ ആശങ്കയിലാണ്ട് യു എ ഇയിലെ അഫ്ഗാന്‍ പൗരന്‍മാര്‍
സ്വന്തം രാജ്യത്തേക്കുള്ള മടങ്ങിപ്പോക്ക് അടക്കമുള്ള കാര്യങ്ങളില്‍ അനിശ്ചിതാവസ്ഥയാണ് നിലനില്‍ക്കുന്നത്. പലര്‍ക്കും വീട്ടുകാരുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല.
ദുബൈ | അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികളില്‍ ആശങ്കയിലാണ്ട് യു എ ഇയിലെ അഫ്ഗാന്‍ പൗരന്മാര്‍. വീട്ടുകാരുടെയും ബന്ധുക്കളുടെയും അവസ്ഥയറിയാതെ ഭീതിയില്‍ കഴിയുകയാണ് അവര്‍. താലിബാന്‍ അധികാരം പിടിച്ചതോടെ ഇനിയെന്താണ് സംഭവിക്കുക എന്ന കാര്യത്തില്‍ തികഞ്ഞ അവ്യക്തതയാണ്. ദുബൈ അടക്കം യു എ ഇയുടെ എല്ലാ ഭാഗങ്ങളിലും അഫ്ഗാനികള്‍ ഏറെയുണ്ട്. രാജ്യത്തെ ബ്ലൂ കോളര്‍ ജോലിക്കാരില്‍ വലിയൊരു പങ്ക് അഫ്ഗാനികളാണ്. നിരവധി വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്നവരുടെ കൂട്ടത്തിലും ഇവരുണ്ട്.
സ്വന്തം രാജ്യത്തേക്കുള്ള മടങ്ങിപ്പോക്ക് അടക്കമുള്ള കാര്യങ്ങളില്‍ അനിശ്ചിതാവസ്ഥയാണ് നിലനില്‍ക്കുന്നത്. പലര്‍ക്കും വീട്ടുകാരുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. വീട്ടുകാരുടെ ഇപ്പോഴത്തെ സ്ഥിതിയെന്താണെന്നത് സംബന്ധിച്ച് കൃത്യമായ വിവരം ആര്‍ക്കും ലഭ്യമല്ല. സ്വയരക്ഷ തേടി ജനങ്ങളില്‍ ഏറെപ്പേരും ഇറാന്‍, തജിക്കിസ്ഥാന്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുകയാണെന്നാണ് അറിയുന്നതെന്ന് അവര്‍ പറയുന്നു. സ്ഥിതിഗതികള്‍ വളരെ മോശമാണെന്നും സാധാരണ രീതിയിലുള്ള ജീവിതം അസാധ്യമായ സാഹചര്യമാണ് ഉള്ളതെന്നുമാണ് ലഭിക്കുന്ന വിവരമെന്നും അവര്‍ പറഞ്ഞു. സ്‌നേഹസമ്പന്നരും സമാധാനപ്രിയരുമായ അഫ്ഗാന്‍ പൗരന്മാരെയാണ് ഗള്‍ഫില്‍ എല്ലായിടത്തും കാണാനാവുക. അവരുടെ വ്യഥകള്‍ വേഗത്തില്‍ മാറട്ടേയെന്ന പ്രാര്‍ഥനയാണ് അതുകൊണ്ട് തന്നെ പ്രവാസി സമൂഹത്തിനുമുള്ളത്.
അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ വിവിധ മേഖലകളില്‍ സഹായം നല്‍കുന്നതില്‍ യു എ ഇ സര്‍ക്കാര്‍ എന്നും ശ്രദ്ധേയമായ പങ്കാണ് നിര്‍വഹിക്കുന്നത്. വിവിധ പദ്ധതികള്‍ ഇതിനായി ഏറ്റെടുത്ത് നടപ്പിലാക്കുന്നു. കാബൂള്‍ നഗരത്തിലെ ഖസബ പ്രദേശത്തെ 3333 അപ്പാര്‍ട്ട്‌മെന്റുകള്‍ ഉള്‍ക്കൊള്ളുന്ന ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ സിറ്റി ഇത്തരത്തില്‍ നടപ്പിലാക്കിയ ഒരു പദ്ധതിയാണ്. റെസിഡന്‍ഷ്യല്‍ ഹൗസിംഗ് പ്രോജക്ടിന്റെ നിരവധി ബ്ലോക്കുകള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. അവശ വിഭാഗങ്ങള്‍ക്ക് ഭക്ഷണമെത്തിക്കുക, വിദ്യാഭാസ പദ്ധതികള്‍, ആശുപത്രികള്‍, അനാഥ മന്ദിരങ്ങള്‍ തുടങ്ങി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ രാജ്യം അവിടെ നിര്‍വഹിക്കുന്നുണ്ട്. 200 ബെഡുകളുള്ള ശൈഖ് സായിദ് ഹോസ്പിറ്റല്‍ ഇതിലൊന്നാണ്.
അഫ്ഗാനിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. റണ്‍വേ അടച്ചതിനാല്‍ കാബൂളിലേക്കുള്ള വിമാനം വഴിതിരിച്ചുവിട്ടതായി എമിറേറ്റ്‌സ് എയര്‍ലൈന്‍ അറിയിച്ചു. ഫ്‌ളൈ ദുബൈ വിമാന സര്‍വീസും നിര്‍ത്തിവച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും സുരക്ഷിതമായ പ്രവര്‍ത്തനം ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട എല്ലാ അധികാരികളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും എമിറേറ്റ്‌സ് വക്താവ് പറഞ്ഞു.