National
അഫ്ഗാന്‍ മടങ്ങി; ദക്ഷിണാഫ്രിക്കക്ക് അഞ്ച് വിക്കറ്റിന്റെ ജയം
ഒന്‍പതില്‍ നാല് വിജയങ്ങളുമായാണ് അഫ്ഗാന്‍ ടീമിന്റെ മടക്കം.
അഹമ്മദാബാദ് | ക്രിക്കറ്റ് ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയോടു അഞ്ച് വിക്കറ്റിന്റെ തോല്‍വിക്ക് വഴങ്ങി അഫ്ഗാനിസ്ഥാന്‍. ഇംഗ്ലണ്ട്, പാകിസ്ഥാന്‍, ശ്രീലങ്ക ടീമുകളെ അട്ടിമറിച്ച് അത്ഭുതം തീര്‍ത്ത അഫ്ഗാന്‍ ഈ തോല്‍വിയോടെ ലോക കപ്പില്‍ നിന്നും പുറത്തായി. ഒന്‍പതില്‍ നാല് വിജയങ്ങളുമായാണ് അഫ്ഗാന്‍ ടീമിന്റെ മടക്കം.മത്സരത്തില്‍ 245 റണ്‍സായിരുന്നു ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം. 47.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ അവര്‍ 247 റണ്‍സെടുത്തു വിജയം ഉറപ്പിച്ചു. സെമി ബര്‍ത്ത് നേരത്തെ തന്നെ ഉറപ്പിച്ചാണ് ദക്ഷിണാഫ്രിക്ക ഇറങ്ങിയത്.
ദക്ഷിണാഫ്രിക്കയ്ക്കായി റസ്സി വാന്‍ ഡെര്‍ ഡുസന്‍ 76 റണ്‍സെടുത്തു. ആറ് ഫോറും ഒരു സിക്സും സഹിതമായിരുന്നു താരത്തിന്റെ അര്‍ധ സെഞ്ച്വറി. ടീം വിജയിക്കുമ്പോള്‍ ഡുസനൊപ്പം മികച്ച ബാറ്റിങുമായി ആന്‍ഡില്‍ ഫെലുക്വാവോയും തിളങ്ങി. താരം 37 പന്തില്‍ മൂന്ന് സിക്സും ഒരു ഫോറും സഹിതം 39 റണ്‍സെടുത്തു പുറത്താകാതെ നിന്നു.ക്വിന്റന്‍ ഡി കോക്ക് (41), ക്യാപ്റ്റന്‍ ടെംബ ബവുമ (23), എയ്ഡന്‍ മാര്‍ക്രം (25), ഡേവിഡ് മില്ലര്‍ (24) എന്നിവരും സ്‌കോറിലേക്ക് സംഭവാന നല്‍കി. ഹെയ്ന്റിച് ക്ലാസന്‍ (10) ആണ് പുറത്തായ മറ്റൊരു താരം.മുഹമ്മദ് നബി, റാഷിദ് ഖാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ശേഷിച്ച ഒരു വിക്കറ്റ് മുജീബ് റഹ്മാന്‍ നേടി.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ നിശ്ചിത ഓവറില്‍ 244 റണ്‍സിനു എല്ലാവരും പുറത്തായി. 107 പന്തുകള്‍ നേരിട്ട് ഏഴ് ഫോറും മൂന്ന് സിക്‌സും സഹിതം ഒമര്‍സായ് 97 റണ്‍സുമായി പുറത്താകാതെ നിന്നു. റഹ്മത് ഷാ, നൂര്‍ അഹമ്മദ് (26 റണ്‍സ് വീതം), റഹ്മാനുല്ല ഗുര്‍ബാസ് (25) എന്നിവരും അല്‍പ്പ നേരം ക്രീസില്‍ നിന്നു പൊരുതി.ദക്ഷിണാഫ്രിക്കക്കായി ജെറാള്‍ഡ് കോറ്റ്സി നാല് വിക്കറ്റുകള്‍ വീഴ്ത്തി. കേശവ് മഹാരാജ്, ലുംഗി എന്‍ഗിഡി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.