Connect with us

Ongoing News

നെതര്‍ലന്‍ഡ്‌സിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച് അഫ്ഗാനിസ്ഥാന്‍

നിശ്ചിത ഓവറുകള്‍ മുഴുവന്‍ ബാറ്റ് ചെയ്യാനാകാതിരുന്ന ഓറഞ്ചുകാര്‍ 179 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിംഗില്‍ 31.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അഫ്ഗാന്‍ ലക്ഷ്യത്തിലെത്തി.

Published

|

Last Updated

ലക്‌നൗ | ലോകകപ്പിലെ 34ാം മത്സരത്തില്‍ അഫ്ഗാനിസ്ഥാന് ജയം. ഏഴ് വിക്കറ്റിന് നെതര്‍ലന്‍ഡ്‌സിനെയാണ് തോല്‍പ്പിച്ചത്. നിശ്ചിത ഓവറുകള്‍ മുഴുവന്‍ ബാറ്റ് ചെയ്യാനാകാതിരുന്ന ഓറഞ്ചുകാര്‍ 179 റണ്‍സിന് പുറത്തായി. 46.3 ഓവറില്‍ നെതര്‍ലന്‍ഡ്‌സ് ഓള്‍ഔട്ടാവുകയായിരുന്നു. മറുപടി ബാറ്റിംഗില്‍ 31.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അഫ്ഗാന്‍ ലക്ഷ്യത്തിലെത്തി.

റഹ്മത്ത് ഷായും നായകന്‍ ഹഷ്മതുല്ല ഷാഹിദിയുമാണ് അഫ്ഗാന്‍ വിജയത്തിന് അടിത്തറയിട്ടത്. ഷാ 54 പന്തില്‍ നിന്ന് 52 റണ്‍സെടുത്തു. 64 പന്തില്‍ പുറത്താകാതെ 56 റണ്‍സാണ് ഷാഹിദിയുടെ സംഭാവന. റഹ്മാനുല്ല ഗുര്‍ബാസ് പത്തും, ഇബ്‌റാഹിം സദ്രാന്‍ 20ഉം റണ്‍സെടുത്തു. അസ്മതുല്ല ഒമര്‍സായി 31 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. നെതര്‍ലന്‍ഡ്‌സ് നേടിയ വിക്കറ്റുകള്‍ ലോഗന്‍ വാന്‍ ബീക്, റോള്‍ഫ് വാന്‍ ഡെര്‍ മെര്‍വെ, സാഖിബ് സുള്‍ഫിക്കര്‍ എന്നിവര്‍ പങ്കിട്ടു.

86 പന്തില്‍ 58 റണ്‍സെടുത്ത് സിബ്രാന്‍ഡ് എംഗെല്‍ബ്രിക് ആണ് നെതര്‍ലന്‍ഡ്‌സിന്റെ ടോപ് സ്‌കോറര്‍. 40 പന്തില്‍ 42 റണ്‍സെടുത്ത മാക്‌സ് ഒദൗഡും മികച്ച പ്രകടനം കാഴ്ചവച്ചു. കോളിന്‍ അക്കര്‍മന്‍ 29 റണ്‍സെടുത്തു. അഫ്ഗാനിസ്ഥാനായി മുഹമ്മദ് നബി മൂന്ന് വിക്കറ്റെടുത്തു. നൂര്‍ അഹമദ് രണ്ടും മുജീബുര്‍ റഹ്മാന്‍ ഒന്നും വിക്കറ്റെടുത്തു. നെതര്‍ലന്‍ഡ്‌സിന്റെ നാല് ബാറ്റര്‍മാരാണ് റണ്ണൗട്ടായത്.

 

Latest