Connect with us

Editors Pick

പൊതുവേദികളിൽ സംസാരിക്കാൻ ഭയമോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ...

പബ്ലിക് സ്പീക്കിംഗ് എന്നത് പരിശീലനത്തിലൂടെ മെച്ചപ്പെടുത്താൻ കഴിയുന്ന ഒന്നാണ്‌.

Published

|

Last Updated

പൊതുവേദികളിൽ സംസാരിക്കാൻ (പബ്ലിക് സ്പീക്കിംഗ്) പലർക്കും മടിയാണ്‌. കോൺഫിഡൻസ്‌ കുറവ്‌, മറ്റുള്ളവർ തൻ്റെ സംസാരം എങ്ങനെ കാണും തുടങ്ങി പല കാര്യങ്ങളാണ്‌ അവരെ പിന്നോട്ടടുപ്പിക്കുന്നത്‌. എന്നാൽ പബ്ലിക് സ്പീക്കിംഗ് എന്നത് പരിശീലനത്തിലൂടെ മെച്ചപ്പെടുത്താൻ കഴിയുന്ന ഒന്നാണ്‌. അതിന്‌ ചില വഴികളുണ്ട്‌. അവ കൃത്യമായി പിന്തുടർന്നാൽ പബ്ലിക്‌ സ്‌പീക്കിംഗ്‌ ഒരു പ്രശ്‌നമേ അല്ലാതായി മാറും.

നല്ല തയ്യാറെടുപ്പ്‌

  • വെപ്രാളം, ഉത്കണ്ഠ എന്നിവ പൊതുവേദികളിൽ സംസാരിക്കുന്നവർ നേരിടുന്ന പ്രശ്‌നങ്ങളാണ്‌. ഇതിനെ മറികടക്കാൻ ഏറ്റവും നല്ല മാർഗം നല്ല തയ്യാറെടുപ്പാണ്‌. ഒരു പബ്ലിക്‌ സ്‌പീക്കിംഗിന്‌ മുമ്പ്‌ സംസാരിക്കാൻ പോകുന്ന കാര്യം പലവട്ടം പരിശീലിക്കുക. ഒരു കണ്ണാടിക്ക്‌ മുമ്പിലാണെങ്കിൽ കൂടുതൽ നല്ലത്‌. ഇത്‌ നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കും.

പ്രേക്ഷകരെ മനസ്സിലാക്കുക

  • ആരോടാണ്‌ സംസാരിക്കാൻ പോകുന്നത്‌ എന്ന നല്ല ധാരണ വേണം. അവർക്ക്‌ വേണ്ടതായിരിക്കണം നാം സംസാരിക്കേണ്ടത്‌. ആരോഗ്യ ബോധവൽക്കരണ ക്ലാസിൽ ബിസിനസ്‌ സംസാരിച്ചിട്ട്‌ കാര്യമില്ല. ഇക്കാര്യം ആദ്യമേ തിരിച്ചറിയണം.

കണ്ടൻ്റ്‌ നേരത്തേ തയ്യാറാക്കുക

  • മുൻ പരിശീലനത്തിൻ്റെ ഭാഗമാണിത്. നാം സംസാരിക്കാൻ പോകുന്ന കാര്യം ആദ്യം തന്നെ തയ്യാറാക്കണം. മുഴുവനായി തയ്യാറാക്കാൻ സമയം ലഭിച്ചില്ലെങ്കിൽ പോയിൻ്റ്‌ എങ്കിലും തയ്യാറാക്കുക.വ്യക്തമായ അടുക്കും ചിട്ടയോടും കാര്യങ്ങൾ അവതരിപ്പിക്കാൻ ഇത്‌ നമ്മെ സഹായിക്കും. മാത്രമല്ല പ്രധാനപ്പെട്ടത്‌ ഒന്നും വിട്ടുപോവുകയുമില്ല.

ഫീഡ്‌ബാക്കിനും സമയം കരുതുക

  • ഒരാളോടോ ഒരു ഗ്രൂപ്പിനോടോ സംസാരിക്കുക ആണെങ്കിൽ പോലും അവരുടെ പ്രതികരണത്തിനും സമയം കണ്ടെത്തണം. നമ്മുടെ അവതരണം പൂർണമായി തിരൂന്നതിന്‌ ഇടയിലോ തീർന്നതിനുശേഷമോ പ്രേക്ഷകരുടെ അഭിപ്രായങ്ങൾ തേടുക. ഇത്‌ എഫക്‌ടീവ്‌ കമ്യൂണിക്കേഷന്‌ മാത്രമല്ല, നിങ്ങളുടെ ഭാവി അവതരണവും മെച്ചപ്പെടുത്തും.

ആധികാരികത ഉറപ്പാക്കുക

  • സംസാരിക്കുന്ന വിഷയത്തിലെ ആധികാരികത നമ്മുടെ വിശ്വാസ്യതയെ ആണ്‌ വർധിപ്പിക്കുന്നത്‌. കോൺഫിഡൻസ്‌ കൂട്ടുന്നതൊടൊപ്പം നമ്മുടെ വ്യക്തിത്വത്തെയും അത്‌ സമ്പന്നമാക്കുന്നു.

ചെറിയ തമാശകൾ

  • തമാശകൾ, ഉപകഥകൾ, വ്യക്തമായ ഭാഷ എന്നിവ നിങ്ങളുടെ സന്ദേശത്തെ കൂടുതൽ ആകർഷകമാക്കും.ഇത്‌ നമ്മുടെ അവതരണത്തെ ലളിതാമാക്കാനും സഹായിക്കുന്നു.

ശരീര ചലനം

  • അവതരണത്തിൽ ശരീര ചലനത്തിന്‌ നിർണയാക സ്വാധീനമുണ്ട്‌. ഒരാൾ ഒരിടത്ത്‌ അനങ്ങാതെ നിന്ന്‌ പേപ്പറിലുള്ളത്‌ നോക്കി വായിക്കുകയാണെങ്കിൽ അത്‌ പ്രേക്ഷകരിൽ എത്തണമെന്നില്ല. വിരസത ഉടനെ പിടികൂടും. അതേസമയം പ്രേക്ഷകരുമായി സംവദിച്ചുള്ള അവതരണം എഫക്‌ടീവ്‌ ആയിരിക്കും. പ്രേക്ഷകരുടെ മുഖത്ത് നോക്കി സംസാരിക്കുക പ്രധാനമാണ്‌.

ക്വാട്ടുകൾ

  • പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ഒരു പ്രശസ്‌തമായ ക്വാട്ട്‌ ഉപയോഗിച്ച് നിങ്ങളുടെ പ്രസംഗം ആരംഭിക്കുന്നത്‌ നന്നാകും. എന്നാൽ ഇതിന്‌ നാം സംസാരിക്കുന്ന കാര്യവുമായി ബന്ധമുണ്ടാകണം. അതുപോലെ വാക്കുകളുടെ അവസാനത്തിലും ഒരു ക്ലോസിംഗ് പ്രസ്താവന നല്ലതാണ്‌.

Latest