Connect with us

feature

അനുഭവങ്ങളിൽ വിളയുന്ന ആഫ്രിക്കൻ ജീവിതം

അടുത്തറിയുമ്പോൾ അനുകമ്പാർദ്രമാണ് മൊസാംബിക് മനുഷ്യരുടെ ജീവിതങ്ങൾ.നീണ്ട നാല് നൂറ്റാണ്ട് കാലം കോളനി ഭരണത്തിന്റെ കെടുതികളിലമർന്നു കഴിഞ്ഞ ഒരു ജനത വീറുറ്റ സമര പോരാട്ടങ്ങളിലൂടെ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു തിരിച്ചു പിടിച്ചെങ്കിലും തലമുറകളിലൂടെ ഒലിച്ചിറങ്ങിയ വൈദേശിക വിധേയത്വങ്ങളും പാരതന്ത്ര്യത്തിന്റെ പരാശ്രയ ഭാവങ്ങളും ഇന്നും അവരുടെ കുഴിഞ്ഞ കണ്ണുകളിൽ കാണാം.

Published

|

Last Updated

നോഹരമാണ് ഇരുണ്ട ഭൂഖണ്ഡമെന്നു വിശേഷിപ്പിക്കപ്പെടുന്ന ആഫ്രിക്കയിലെ മൊസാംബിക് രാഷ്ട്രം. ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരത്ത്, തെക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഈ പരമാധികാര സ്വതന്ത്ര രാജ്യം ജൈവശാസ്ത്രപരമായും സാംസ്കാരികമായും വൈവിധ്യപൂർണമായതോടൊപ്പം പ്രകൃതി വിഭവങ്ങളാൽ സമ്പന്നവുമാണ്.

വടക്ക് ടാൻസാനിയയും കിഴക്ക് മഡഗാസ്കർ ദ്വീപിൽ നിന്ന് വേർതിരിക്കുന്ന മൊസാംബിക് ചാനലും തെക്കും തെക്ക് പടിഞ്ഞാറും ദക്ഷിണാഫ്രിക്കയും സ്വാസിലാൻഡും പടിഞ്ഞാറ് സിംബാബ്‌വെയും വടക്ക് പടിഞ്ഞാറ് സാംബിയയും മലാവിയും അതിർത്തി പങ്കിടുന്ന, കലാപങ്ങൾ കലുഷിതമാക്കാത്ത രാജ്യം.

പൂർവ കാലത്ത് കോളനിവാഴ്ചയിൽ ഞെരിഞ്ഞമർന്ന മൊസാംബിക്കിന് 1975ലാണ് സ്വാതന്ത്ര്യം ലഭിച്ചത്. അധിനിവേശ ശക്തികളുടെ വിനാശ കാലഘട്ടത്തിലും രാജ്യമെമ്പാടും മുസ്‌ലിം ക്രിസ്ത്യൻ മിഷനറിമാർ സജീവമായി പ്രവർത്തിച്ചു എന്ന് ചരിത്രം രേഖപ്പെടുത്തുന്നുണ്ടെങ്കിലും ജനസംഖ്യയുടെ പകുതിയോളം പേർ ഇപ്പോൾ ഏതെങ്കിലും തരത്തിലുള്ള ക്രിസ്തുമത വിശ്വാസികളാണ്.

മുസ്‌ലിംകൾ ന്യൂനപക്ഷമാണെങ്കിലും രാജ്യത്തെ മിക്ക നഗരങ്ങളിലും ഗ്രാമങ്ങളിലും ഇസ്‌ലാമിക സമൂഹത്തേയും ചിഹ്നങ്ങളേയും മങ്ങിയും തെളിഞ്ഞും നിറഞ്ഞു കാണാം. പൗരന്മാർക്ക് അഭിപ്രായ സ്വാതന്ത്ര്യവും വിശ്വാസ സ്വാതന്ത്ര്യവും വകവെച്ചു കൊടുക്കുന്ന രാജ്യത്ത് മതം പ്രചരിപ്പിക്കാനും സാമുദായിക വിലാസത്തിൽ തന്നെ പൊതുരംഗത്ത് പ്രവർത്തിക്കാനും വിലക്കുകളില്ല. വൈവിധ്യമാർന്ന സംസ്കാരങ്ങളുടെയും വിദൂരമായ ഭൂഖണ്ഡത്തിന്റെയും ഈ ഭൂതുണ്ടിലേക്ക് രണ്ട് പതിറ്റാണ്ട് മുമ്പാണ് എത്തിപ്പെട്ടത്.

അനുകമ്പയുടെ ആൾരൂപങ്ങൾ

അടുത്തറിയുമ്പോൾ അനുകമ്പാർദ്രമാണ് മൊസാംബിക് മനുഷ്യരുടെ ജീവിതങ്ങൾ. നീണ്ട നാല് നൂറ്റാണ്ട് കാലം കോളനി ഭരണത്തിന്റെ കെടുതികളിലമർന്നു കഴിഞ്ഞ ഒരു ജനത വീറുറ്റ സമര പോരാട്ടങ്ങളിലൂടെ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു തിരിച്ചു പിടിച്ചെങ്കിലും തലമുറകളിലൂടെ ഒലിച്ചിറങ്ങിയ വൈദേശിക വിധേയത്വങ്ങളും പാരതന്ത്ര്യത്തിന്റെ പരാശ്രയ ഭാവങ്ങളും ഇന്നും അവരുടെ കുഴിഞ്ഞ കണ്ണുകളിൽ കാണാം.

വ്രതമാസക്കാലത്തെ വേറിട്ട മുഖങ്ങൾ

20 വർഷം മുമ്പുള്ള ആഫ്രിക്കൻ റമസാൻ സ്മരണകൾക്ക് ഗൃഹാതുരതയുടെ നൊമ്പരങ്ങൾക്കും ആഹാരപ്പെരുമകളുടെ വീരസ്യങ്ങൾക്കുമപ്പുറം ആരാധനാ തത്പരതയിൽ ഒരു ജനത എന്നിൽ ആശ്ചര്യപ്പെടുത്തിയ ചിത്രങ്ങളുണ്ട്! മൊസാംബിക്കിന്റെ ഔദ്യോഗിക ഭാഷയായ “പോർച്ചുഗീസ് ‘ പഠിക്കേണ്ടത് ജോലിയുടെ ഭാഗമായി അനിവാര്യമായതിനാൽ രാജ്യതലസ്ഥാനമായ “മപ്പുട്ടോ’വിൽ നിന്ന് 1200 കി. മീ. അകലെയുള്ള സുപ്രധാന നഗരമായ “ബൈറ’യിലായിരുന്നു ആദ്യ നിയമനം. തദ്ദേശീയരുമായി ഇടപഴകി ഭാഷ പഠിച്ചെടുക്കാനായിരുന്നു കമ്പനി അധികൃതർ ആ ഗവർണറേറ്റിലേക്കയച്ചത്.

“ബൈറ’ യിലെ തദ്ദേശീയരുടെ ജീവിത രൂപങ്ങൾ ആഫ്രിക്കൻ പ്രവാസത്തിന്റെ ആദ്യ സമയങ്ങളിൽ ഉൾക്കൊള്ളാനായില്ലെങ്കിലും, മാസങ്ങൾക്കു പിറകെ വന്നെത്തിയ റമസാൻ കാലം അതിവിദൂരമായ ആ അവികസിത രാജ്യത്തെ വൈയക്തികമായ മനം മടുപ്പുകൾക്കു വേഗത്തിൽ തടയിട്ടു. കുത്തഴിഞ്ഞ ജീവിതവുമായി കഴിഞ്ഞു പോകുന്ന ഒരു ജനതയിലെ മുസ്‌ലിം പരിഛേദം, വ്രതമാസം ആഗതമായതോടെ വ്യത്യസ്തരായി. പർദകളിലേക്കും ഹിജാബുകളിലേക്കും മറ്റു മാന്യമായ വസ്ത്രധാരണകളിലേക്കും നടപ്പുരീതികൾ ചിട്ടപ്പെടുത്തിയാണ് മുസ്‌ലിം സ്ത്രീകൾ പാതയോരങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.

ജോലിയുടെ ഭാഗമായി മാർക്കറ്റ് പഠനത്തിന് നിർദേശം ലഭിച്ച ചില റമസാൻ പകലുകളിൽ “ബൈറ’ പ്രവിശ്യയുടെ തിരക്കേറിയ നഗരവൃത്തത്തിൽ നടന്നനുഭവം വെച്ച് അവിടെയുള്ളവരെ കുറിച്ചുള്ള മതവിശ്വാസ ധാരണകൾ പൊളിച്ചെഴുതേണ്ട കാഴ്ചകൾ കാണാനിടയായി.ആരാധനകളിലും അനുബന്ധമായ കർമങ്ങളിലും കേരളീയർക്കുള്ള അത്ര തന്നെ ഇഷ്ടവും നിഷ്ഠയും മറ്റാർക്കുമില്ലെന്ന അബദ്ധ ധാരണകളെ ആ ആഫ്രിക്കൻ നഗരത്തിൽ വെച്ച് വലിച്ചെറിയേണ്ടി വന്നു. ഇറക്കുമതി സാധനങ്ങൾ വലിയ തോതിൽ വിൽപ്പനക്ക് വെച്ച ഒരു വസ്ത്രക്കടയിൽ ഒരിക്കൽ എന്റെ “മിഷൻ’ ഉള്ളിലൊളിപ്പിച്ച് കയറിയപ്പോൾ ഖുർആൻ പാരായണത്തിൽ മുഴുകിയ ചുണ്ടുവരണ്ട കറുത്തുതടിച്ച ഒരു മനുഷ്യനെ കണ്ടു.

കച്ചവടത്തിരക്കിനിടയിലും ചെറിയൊരു മുസ്ഹഫ് നിവർത്തി വെച്ച് പാരായണത്തിൽ മുഴുകിയിരിക്കുകയായിരുന്നു അദ്ദേഹം. ഇടക്കിടെ മുഖമുയർത്തി കടക്കുള്ളിലെ കാര്യങ്ങൾ സശ്രദ്ധം വീക്ഷിക്കുന്നുണ്ടായിരുന്നു ഉടമസ്ഥനെന്ന് തോന്നിപ്പിച്ച ആ നൈജീരിയൻ വംശജൻ.
ഒറ്റപ്പെട്ടതെന്നു കരുതിയെങ്കിലും, മനസ്സിന് രോമാഞ്ചമുണ്ടാക്കുന്ന കാഴ്ചകൾ തന്നെയാണ് അന്നത്തെ തുടർ സഞ്ചാരങ്ങളിൽ കണ്ണുകളിൽ പതിഞ്ഞത്. അവരുടെ അധീനതയിലുള്ള ഒട്ടുമിക്ക വ്യാപാര കേന്ദ്രങ്ങളിലും വിശുദ്ധ സൂക്തങ്ങളിൽ ആത്മീയ നിർവൃതിയടയുന്ന ആഫ്രിക്കൻ വംശജരെ കാണാനിടയായി.

മാത്രമല്ല, നിർമാണത്തിലിരിക്കുന്ന ചില കെട്ടിടങ്ങളുടെ പാർശ്വങ്ങളിൽ നിസ്്കാരത്തിനായി പ്രത്യേകം തയ്യാറാക്കിയ ടെന്റുകളിൽ പോലും കൊടും ചൂടു വകവെക്കാതെ കൂട്ടമായിരുന്ന് ഖുർആൻ പാരായണത്തിൽ മുഴുകിയ കറുത്ത വംശജർ , നമ്മുടെ നാടുകളിലെ പൗരാണികമായ പള്ളികളിലെ ഇഅ്തികാഫുകളെയാണ് ഓർമിപ്പിച്ചത്.

ആരാധനകളിലെ ആഗോള സാമ്യങ്ങൾ

ബൈറയിലേയും തലസ്ഥാന നഗരമായ മപ്പുട്ടോവിലേയും വ്യത്യസ്തമായ മസ്ജിദുകളിലെ ആരാധനാ വൈവിധ്യങ്ങൾ മൂന്നര വർഷക്കാലത്തെ മൊസാംബിക്കൻ പ്രവാസത്തിൽ നിന്ന് അനുഭവിച്ചറിയാനായിട്ടുണ്ട്.

വിവിധ ഇസ്‌ലാമിക രാജ്യങ്ങളിലെ ധനാഢ്യരുടെയും മൊസാംബിക് മുസ്‌ലിം വ്യവസായികളുടെയും സഹകരണത്തിൽ നിർമിക്കപ്പെട്ട പട്ടണത്തിലെ വലിയ പള്ളികളിലും ഗ്രാമീണ മേഖലയിലെ ചെറിയ പള്ളികളിലും ജുമുഅ/തറാവീഹ് നിസ്കാരങ്ങൾക്ക് പങ്കെടുത്ത പ്രവാസകാലങ്ങളിൽ നിന്ന് അനുഭവവേദ്യമായിട്ടുള്ളത്, സുന്നീ വിശ്വാസ ധാരകളുടെ സാധൂകരണവും നിർവഹണവുമാണ്.

വിശ്വാസികളുടെ ജ്ഞാന ശാക്തീകരണത്തിനു വേണ്ടിയുള്ള ഉദ്ബോധനങ്ങൾക്ക് മാത്രം ദേശീയ/ പ്രാദേശിക ഭാഷകൾ തിരഞ്ഞടുക്കുകയും ആരാധനാ സംബന്ധമായവക്ക് അറബി ഭാഷ തന്നെ ഉപയോഗിക്കുകയും ചെയ്യുന്ന രീതി ഇവിടെയും കണ്ടു.

സൊഫാലയിലേക്കൊരു സഫലയാത്ര

മൊസാംബിക്കിന്റെ പ്രധാന പ്രവിശ്യയാണ് സൊഫാല. കൊടുംകാടിനും പെരുങ്കടലിനുമിടയിൽ അന്ത്യനിദ്ര കൊള്ളുന്ന ഒരു സുകൃതന്റെ ഖബറിടം സൊഫാലയിലുണ്ട്.കൊടും കാടും പ്രക്ഷുബ്ധമായ കടലും മുഖാമുഖം നിൽക്കുന്ന സമുദ്രത്തോട് ചേർന്നാണ് വിസ്മയ കാഴ്‌ചയൊരുക്കി അഞ്ച് നൂറ്റാണ്ട് മുമ്പ് അറിയപ്പെട്ട ഈ അസാധാരണ വ്യക്തിത്വത്തിന്റെ മഖ്ബറ.
അവിചാരിതമായാണ് അങ്ങോട്ട് പോകാൻ അവസരം കിട്ടിയത്. “ബൈറ’ പട്ടണത്തിൽനിന്ന് സൊഫാലയിലേക്കുള്ള പതിനൊന്നംഗ യാത്രാസംഘത്തിൽ ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, മൊസാംബിക്, പാക്കിസ്ഥാൻ എന്നീ രാജ്യക്കാർക്കൊപ്പം ഈ അവസരം.ഞങ്ങൾ മലൈബാറിൽ നിന്നുള്ളവരാണെന്നറിഞ്ഞപ്പോൾ യാത്രാ സംഘത്തിന്റെ അമീർ മൗലാനാ റാശിദ്‌ ഭായി ഞങ്ങളെ കൂടുതൽ പരിചയപ്പെടുകയും ‘അനുഗൃഹീതർ’ എന്നു പറഞ്ഞ് ആലിംഗനം ചെയ്യുകയുമുണ്ടായി.

നഗരമുഖങ്ങളിൽ നിന്ന് ഗ്രാമഹൃദയങ്ങളിലൂടെ സഞ്ചരിച്ച് കൊടുംകാട്ടിലൂടെയൊക്കെ കടന്നുപോയ ആ യാത്ര അനിർവചനീയമായ ആത്മീയ നിർവൃതിയോടൊപ്പം ഒരു പറ്റം ആഫ്രിക്കൻ ജനതയുടെ സാമൂഹിക നിർജീവത്വത്തിന്റെയും പട്ടിണിയുടെയും കഷ്‌ടാരിഷ്ടതകളുടെയും നേർക്കാഴ്‌ചകൾ കൂടി തന്നു. കാട്ടുവഴികളിൽ മാത്രം എൺപതിൽപരം കിലോമീറ്റർ കടന്നുപോകുമ്പോൾ ഇടക്കിടെ മാത്രം പ്രത്യക്ഷമായിരുന്ന ചെറുകുടിലുകളിൽ നിന്ന് വൃദ്ധരും കുട്ടികളും ഞങ്ങളുടെ വാഹനം കണ്ട് കൈവീശിയും ചാടിയും ആഹ്ലാദിക്കുന്നത് കണ്ടു.!
ദുർഘടമായ കാട്ടുപാതകൾ താണ്ടി ലക്ഷ്യത്തിലെത്തുമ്പോൾ വനത്തിനു നടുവിലൂടെ ഒഴുകി കടലിൽ ചേർന്ന ഒരു പുഴയാണ് കണ്ടത്.

കടത്തുവഞ്ചിയിൽ അതു മുറിച്ചുകടന്ന് തിരമാലകൾ ഗർജിക്കുന്ന സമുദ്രത്തിന്റെ തീരത്തിലൂടെ അൽപ്പം നടന്നപ്പോൾ കോൺക്രീറ്റ് ഭിത്തികളാൽ സംരക്ഷിക്കപ്പെട്ട ആ മഖ്ബറ കണ്ടു. തിരയൊടുങ്ങാത്ത സമുദ്രത്തിനും നിശ്ശബ്ദ‌ത കനത്തുനിൽക്കുന്ന ഘോരവനത്തിനുമിടയിൽ പത്ത് സെന്റോളം വരുന്ന സ്ഥലത്ത് തികച്ചും സുശാന്തിയിൽ ശയിക്കുന്ന ഒരു പുണ്യാത്മാവിന്റെ മഖ്ബറ!

മതപ്രബോധനത്തിന് അറേബ്യയിൽ നിന്നെത്തിയ ഒരു സംഘാംഗത്തിെന്റതാണ് ഇത്. തീർത്തും ഇസ്‌ലാമികമായി സംരക്ഷിക്കപ്പെടുകയും സന്ദർശിക്കപ്പെടുകയും ചെയ്യുന്ന ഈ ഖബറിടം അത് നിലകൊള്ളുന്ന അതിശയകരമായ പരിസരക്കാഴ്ചയിൽ നിന്നുതന്നെ ആത്മ‌ീയോൽക്കർഷമുണ്ടാക്കുന്നതാണ്.

മൗലിക മതാചാരങ്ങളുടെ മൊസാംബിക് പതിപ്പ്

മൊസാംബിക്കിലെ പ്രമുഖനായൊരു വ്യാപാരിയുടെ വീട്. അദ്ദേഹത്തിന്റെ മാതാവ് മരണപ്പെട്ടതിന്റെ ആണ്ടു പരിപാടിയാണ്. ഇന്ത്യൻ സുഹൃത്തുക്കൾക്കു പുറമെ മറ്റു രാജ്യക്കാരായ അദ്ദേഹത്തിന്റെ ധാരാളം പരിചയക്കാരും വന്നെത്തിയിരുന്നു. നല്ലൊരു ആത്‌മീയ സദസ്സ്. പ്രാഥമികമായി വിവിധ ഭാഷകളിലുള്ള പ്രവാചക പ്രകീർത്തനങ്ങൾ ആലപിച്ച് യാസീൻ ഓതി. എല്ലാം പരേതക്കുവേണ്ടി ഹദ്‌യ ചെയ്ത‌്‌ ദുആ ചെയ്തു. “ബൈറ’ പട്ടണപ്രാന്തത്തിലുള്ള ഒരു കൊച്ചു പള്ളിയിൽ നടന്ന ഒരു മിഅ്റാജ്‌ ദിന പ്രോഗ്രാമും ഓർമയിൽ വരുന്നു.

ഒരു മൗലാനയും കുറച്ചു വൃദ്ധരും നമ്മുടെ പ്രിയങ്കരമായ സലാം ബൈത്ത് പ്രത്യേകമായൊരു ഈണത്തിലും ഭാവത്തിലും ആലപിക്കുന്നത് കണ്ടപ്പോൾ നാട്ടിലെ നബിദിനാഘോഷ പരിപാടിയുടെ മധുരമായ ഓർമകൾ മനസ്സിലുണർന്നു.

സാംസ്‌കാരികമായി അധഃപതിക്കുകയും വൈജ്ഞാനികമായി ഇരുൾ മൂടപ്പെടുകയും ചെയ്ത അതിവിദൂരമായ ഈ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ അത്രയൊന്നും അറിയപ്പെടാത്ത ഈ കൊച്ചുരാഷ്ട്രത്തിൽപോലും മിന്നാമിനുങ്ങുപോലെ ഇസ്‌ലാമികാചാരങ്ങളുടെ ചാരുതയാർന്ന പ്രകാശകിരണങ്ങൾ കണ്ടപ്പോൾ ശരിക്കും കുളിരണിഞ്ഞുപോയി. ഒരു മെറ്റിക്കൽ (മൊസാംബിക് നാണയം) നൽകിയാൽ ലഭിക്കുന്ന “പാവു’ (ബെന്നിന് സമാനമായ ഇവിടുത്തെ ഒരു പ്രധാന ഭക്ഷണം) വിന് പോലും ചർച്ചിൽപോയി മുട്ടുകുത്താൻ തയ്യാറാവുന്ന പട്ടിണിപ്പാവങ്ങളുടെ ജീവിതാവസ്ഥകൾ അതിദയനീയമാണ്.

മധുരം നിറച്ച ഇന്ത്യൻ കുടുംബം

ബൈറയിൽ താമസിച്ചിരുന്ന നാളുകളിൽ വാടകയ്ക്കെടുത്ത വില്ലയുടെ അയൽവാസിയായിരുന്ന മൊസാംബിക്കൻ പൗരത്വമുള്ള ഇന്ത്യൻ വംശജരായ മുസ്‌ലിം കുടുംബം ഇടയ്ക്കിടെ അവരുടെ വീട്ടിലെ ഭക്ഷണം എത്തിച്ചു തരുമായിരുന്നു.

പ്രത്യേക വിഭവങ്ങൾ തന്ന് സത്കരിച്ചു കൊണ്ടുള്ള അവരുടെ സ്നേഹവും ആതിഥ്യവും കേരളീയർ നന്നേ വിരളമായിരുന്ന ആ ആഫ്രിക്കൻ ദേശത്തെ എന്റെ സ്വകാര്യ വിരഹങ്ങളിൽ വിശിഷ്ടമായ രുചിഭേദങ്ങളായി ഇന്ന് സ്മരണകളിലുണരുന്നു!

വിവിധ തരം മാങ്ങകളും മധുര നാരങ്ങയും ഉൾപ്പെടെ സ്വാദിഷ്ടമായ പഴവർഗങ്ങൾ ഗുണമേന്മയിലും വിലക്കുറവിലും ധാരാളം ലഭിക്കുന്ന മൊസാംബിക്കിലെ പ്രവാസം ഇന്നും ഹൃദയതീരങ്ങളിൽ മധുരം ചൊരിയുന്നു !!

Latest