Siraj Article
അഫ്‌സ്പ ജനാധിപത്യവിരുദ്ധമാകുന്നത്
നമ്മുടെ നിയമ വ്യവസ്ഥയെ തന്നെ ഡീകൊളോനൈസ് ചെയ്യേണ്ട സമയമതിക്രമിച്ചിരിക്കുന്നു എന്ന് വേണം കരുതാന്‍. അത് രാജ്യത്തെ അപകടപ്പെടുത്തുകയല്ല, സുരക്ഷിതമാക്കുകയാണ് ചെയ്യുക. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തദ്ദേശീയ ജനതയുടെ അടിസ്ഥാന മനുഷ്യാവകാശങ്ങളെ ലംഘിക്കുക മാത്രമല്ലല്ലോ അഫ്‌സ്പ ചെയ്യുന്നത്. ആ മണ്ണില്‍ വിഘടന ഭീകരവാദ ആശയങ്ങള്‍ക്ക് വളരാനുള്ള മണ്ണൊരുക്കുകയുമാണ്
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിലവിലുള്ള സായുധ സൈനിക നിയമമായ അഫ്‌സ്പ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നാഗാലാന്‍ഡ് നിയമസഭ കഴിഞ്ഞ ദിവസം ഐക്യകണ്‌ഠ്യേന പാസ്സാക്കുകയുണ്ടായി. മുഖ്യമന്ത്രി നെയ്ഫ്യു റിയോ ആണ് പ്രമേയം സഭയില്‍ അവതരിപ്പിച്ചത്. ഡിസംബര്‍ നാലിന് മോണ്‍ ജില്ലയിലെ ഒട്ടിംഗ് ഗ്രാമത്തില്‍ 21 പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ വെടിയേറ്റ് 14 ഗ്രാമീണര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ അഫ്‌സ്പക്കെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധം നിലനില്‍ക്കെയാണ് നാഗാലാന്‍ഡ് നിയമസഭ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസ്സാക്കിയിരിക്കുന്നത്.
സായുധ സൈന്യത്തിന് സംഭവിച്ച വലിയ വീഴ്ച തദ്ദേശീയ ജനതയുടെ ജീവനെടുത്തപ്പോഴും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രാബല്യത്തിലുള്ള ഭീകരവിരുദ്ധ നിയമത്തെ പ്രതി കാര്യമായ മുഖ്യധാരാ ചര്‍ച്ചകള്‍ നടന്നില്ലെന്നത് നിരാശാജനകമാണ്. ക്രമസമാധാന സംരക്ഷണത്തിനും രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഉയര്‍ന്നുകൊണ്ടിരുന്ന വിഘടനവാദ ആശയങ്ങളെ പ്രതിരോധിക്കാനുമാണ് സ്വാതന്ത്ര്യാനന്തരം ഭീകരവിരുദ്ധ നിയമങ്ങള്‍ രാജ്യത്ത് കൊണ്ടുവരുന്നത്. 1958ല്‍ കോണ്‍ഗ്രസ്സ് ഭരണകാലത്താണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സായുധ കലാപങ്ങള്‍ അടിച്ചമര്‍ത്താനെന്ന പേരില്‍ ആംഡ് ഫോഴ്‌സസ്(സ്‌പെഷ്യല്‍ പവേഴ്‌സ്) ആക്ട്(അഫ്‌സ്പ) നടപ്പാക്കിയത്.
അഫ്‌സ്പ നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരമുള്ള “പ്രശ്‌നബാധിത മേഖലകളാ’ണെന്ന് കണക്കാക്കിയാണ് കാലാകാലങ്ങളില്‍ നിയമത്തിന്റെ അധികാരപരിധി വികസിപ്പിക്കുന്നത്. അതാണെങ്കില്‍ പലപ്പോഴും കേന്ദ്ര സര്‍ക്കാറിന്റെ രാഷ്ട്രീയ തീരുമാനങ്ങളുമാണ്. പുതിയ പ്രശ്‌നബാധിത മേഖലകളെ ഭരണകൂടം ഗസറ്റില്‍ വിളംബരപ്പെടുത്തുന്നതാണ് ചട്ടം. ഭരണകൂടത്തിന്റെ നിക്ഷിപ്ത താത്പര്യങ്ങളും തിരഞ്ഞെടുപ്പ് രാഷ്ട്രീയവും പ്രശ്‌നബാധിത മേഖലകളെ നിര്‍ണയിക്കുന്നതിലെ ഘടകമാകുമ്പോള്‍ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാകുന്നത് കാണാതെ പോകുകയാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അഫ്‌സ്പയുടെ പേരില്‍ അരങ്ങേറുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ നിരവധിയാണ്. അതിന്റെ ഒരു പകല്‍ ചിത്രമാണ് നാഗാ ന്യൂനപക്ഷ വിഭാഗത്തിനെതിരെ നടന്ന കൂട്ടക്കൊല കാണിക്കുന്നത്.
അഫ്‌സ്പ സായുധ സൈന്യത്തിന് വലിയ അധികാരമാണ് നല്‍കുന്നത്. ഭരണകൂടം പ്രശ്‌നബാധിത മേഖലയെന്ന് നിശ്ചയിച്ച ഇടങ്ങളില്‍ നിയമം ലംഘിക്കുകയോ ലംഘിക്കുമെന്ന് സംശയിക്കുകയോ ചെയ്യുന്ന വ്യക്തിയെ വെടിവെക്കാനുള്ള അധികാരം നിയമം സൈന്യത്തിന് വകവെച്ചു നല്‍കുന്നുണ്ട്. വ്യക്തിയുടെ മരണം സംഭവിക്കുന്നതിന് വരെ കാരണമാകുമെന്നാല്‍ പോലും വെടിയുതിര്‍ക്കാം എന്ന് തന്നെയാണ് അഫ്‌സ്പ പറയുന്നത്. വെടിവെക്കുന്നതിന് മുമ്പ് സൈനിക ഓഫീസര്‍ മുന്നറിയിപ്പ് നല്‍കണമെന്ന് മാത്രം. നിയമത്തിലെ ഇത്തരം വകുപ്പുകള്‍ ഭരണകൂട മിഷനറിയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന നിയമ വിധേയമല്ലാത്ത കൂട്ടക്കൊലകള്‍ക്കാണ് അരങ്ങൊരുക്കുന്നത്. ആ ദിശയിലുള്ള യാഥാര്‍ഥ്യങ്ങള്‍ ബോധ്യപ്പെടുത്തുന്ന വിവിധ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ നമുക്ക് വായിക്കാനാകുന്നതുമാണ്.
2004ലെ ജസ്റ്റിസ് ജീവന്‍ റെഡ്ഡി കമ്മിറ്റി റിപ്പോര്‍ട്ട്, 2012ലെ ജസ്റ്റിസ് ജെ എസ് വര്‍മ കമ്മിറ്റി റിപ്പോര്‍ട്ട്, 2013ലെ ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ കമ്മിറ്റി റിപ്പോര്‍ട്ട് എന്നിവ അഫ്‌സ്പയുടെ മറവിലെ മനുഷ്യാവകാശ ലംഘനങ്ങളെ സവിശേഷമായി പ്രതിപാദിച്ച കമ്മിറ്റി റിപ്പോര്‍ട്ടുകളാണ്. പ്രസ്താവിത കമ്മിറ്റികളെല്ലാം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സായുധ സൈന്യത്തിന്റെ നേതൃത്വത്തില്‍ നടന്ന ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ കൃത്യമായി പരിശോധിച്ചു. വിവിധ പ്രദേശങ്ങളില്‍ ക്രമസമാധാന സംരക്ഷണം ഉറപ്പുവരുത്താന്‍ അഫ്‌സ്പ പര്യാപ്തമല്ലെന്നും നിയമം നടപ്പാക്കുന്നതിന്റെ പേരില്‍ മനുഷ്യാവകാശ ലംഘനങ്ങളാണ് പലപ്പോഴും നടക്കുന്നതെന്നും കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ വിശദീകരിക്കുന്നുണ്ട്. ജസ്റ്റിസ് ജീവന്‍ റെഡ്ഡി കമ്മിറ്റി അഫ്‌സ്പ പിന്‍വലിക്കണമെന്ന നിര്‍ദേശവും മുന്നോട്ടുവെച്ചിരുന്നു. കൂടാതെ 1967ലെ യു എ പി എ നിയമത്തിന് വേണ്ട ഭേദഗതിയും റെഡ്ഡി കമ്മിറ്റി മുന്നോട്ടുവെച്ചു. പക്ഷേ ഭരണഘടനാ ദത്തമായ പൗരാവകാശങ്ങളെ പടിക്ക് പുറത്ത് നിര്‍ത്തി വാഴുന്ന “ഡ്രാകോണിയന്‍ ആക്ട്’ തുടരട്ടെ എന്ന നിലപാടാണ് രാജ്യം ഭരിച്ച ഭരണകൂടങ്ങള്‍ സ്വീകരിച്ചത്. നാഗാ ന്യൂനപക്ഷങ്ങള്‍ ക്രൂരമായി കൊലചെയ്യപ്പെട്ട പുതിയ സാഹചര്യത്തില്‍ പൗരസ്വാതന്ത്ര്യത്തിന് പ്രാമുഖ്യം നല്‍കുന്ന തരത്തിലുള്ള നീക്കം കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കാന്‍ വകയൊന്നും കാണുന്നില്ല.
അടിയന്തരാവസ്ഥയില്‍ പൗരസ്വാതന്ത്ര്യം നിയന്ത്രിക്കാന്‍ സര്‍ക്കാറിന് അധികാരം നല്‍കുന്നുണ്ട് നമ്മുടെ ഭരണഘടന. എന്നാല്‍ പൗരന് സ്വാഭാവികവും സാധാരണവുമായ ജീവിതം സാധ്യമാകാതെ എക്കാലത്തും അടിയന്തരാവസ്ഥക്ക് സമാനമായ ജീവിതം നയിക്കേണ്ടി വരുന്നത് ഭീതിദമാണ്. അത് ഭരണഘടന ഉറപ്പുനല്‍കുന്ന ജീവിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ്. അഫ്‌സ്പ വിവേചനപൂര്‍ണമായി അടിച്ചേല്‍പ്പിക്കുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും അതാണ്.
രാജ്യത്തെ ഭീകരവിരുദ്ധ നിയമങ്ങള്‍ക്കുള്ളത് ബ്രിട്ടീഷ് ഛായയാണ്. അവയില്‍ പലതും സ്റ്റേറ്റിന്റെ അമിതാധികാര പ്രവണതയുടെ ഉത്പന്നവും പൗരാവകാശത്തിലേക്കുള്ള അധിനിവേഷവുമാണ്. വൈദേശിക ആധിപത്യത്തിനെതിരെ ഉയരുന്ന എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള ആയുധമായാണ് ബ്രിട്ടീഷ് ഇന്ത്യയില്‍ രാജ്യദ്രോഹമടക്കമുള്ള കുറ്റകൃത്യങ്ങള്‍ നിയമാസ്തിത്വം പൂണ്ട് വലിയ അളവില്‍ പൗരാവകാശ നിഷേധിയായിത്തീര്‍ന്നത്. കോളനി രാജ്യങ്ങളില്‍ ആധിപത്യമുറപ്പിക്കുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന രാജ്യദ്രോഹക്കുറ്റം ജനാധിപത്യവിരുദ്ധമാണെന്ന് വിലയിരുത്തി 2010ല്‍ ബ്രിട്ടന്‍ തന്നെയും റദ്ദാക്കിയപ്പോഴും ഇന്ത്യയില്‍ അത് മാറ്റമില്ലാതെ തുടരുന്നത് ആധുനിക ജനാധിപത്യ സങ്കല്‍പ്പങ്ങള്‍ക്ക് നിരക്കാത്തതാണ്. സ്വാതന്ത്ര്യാനന്തരവും പുതിയ കരിനിയമങ്ങള്‍ കൊണ്ടുവരിക വഴി പൗരാവകാശങ്ങള്‍ക്ക് മേല്‍ പാരതന്ത്ര്യത്തിന്റെ വിലങ്ങുകളണിയിക്കുകയാണ് രാജ്യത്തെ മാറിവരുന്ന ഭരണകൂടങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അതിനാല്‍ നമ്മുടെ നിയമ വ്യവസ്ഥയെ തന്നെ ഡീകൊളോനൈസ് ചെയ്യേണ്ട സമയമതിക്രമിച്ചിരിക്കുന്നു എന്ന് വേണം കരുതാന്‍. അത് രാജ്യത്തെ അപകടപ്പെടുത്തുകയല്ല, സുരക്ഷിതമാക്കുകയാണ് ചെയ്യുക. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തദ്ദേശീയ ജനതയുടെ അടിസ്ഥാന മനുഷ്യാവകാശങ്ങളെ ലംഘിക്കുക മാത്രമല്ലല്ലോ അഫ്‌സ്പ ചെയ്യുന്നത്. ആ മണ്ണില്‍ വിഘടന ഭീകരവാദ ആശയങ്ങള്‍ക്ക് വളരാനുള്ള മണ്ണൊരുക്കുകയുമാണ്. ജനതയെ വിശ്വാസത്തിലെടുത്തും വിഘടന പ്രത്യയശാസ്ത്രങ്ങളെ ജനാധിപത്യപരമായി പ്രതിരോധിച്ചും വേണം ഭരണകൂടം ഇത്തരം സങ്കീര്‍ണ ക്രമസമാധാന പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാന്‍.