National
ബീഹാറിനു പിന്നാലെ ജാതി സര്‍വേ ആരംഭിക്കാനൊരുങ്ങി ഒഡീഷ
പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള ആളുകളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ചുള്ള കണക്ക് ശേഖരിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് ഒഡീഷ.
ഭുവനേശ്വര്‍| ഒ ബി സി വിഭാഗങ്ങള്‍ക്ക് അര്‍ഹമായ സൗകര്യങ്ങള്‍ സര്‍ക്കാര്‍ നഷ്ടപ്പെടുത്തുന്നതായുള്ള ആരോപണത്തെ തുടര്‍ന്ന് ജാതി സര്‍വേക്ക് തുടക്കമിട്ട് ഒഡീഷ. ജൂലൈ 12 നകം സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സംസ്ഥാനം തീരുമാനിച്ചു.
പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള ആളുകളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ചുള്ള കണക്ക് ശേഖരിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് ഒഡീഷ. നേരത്തെ ബീഹാര്‍ ജാതി സര്‍വേ നടത്തിയിരുന്നു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായുള്ള വോട്ടര്‍മാരെ ആകര്‍ഷിക്കാനുള്ള ഭരണകക്ഷിയായ ബി ജെ ഡിയുടെ ശ്രമമായാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനെ കാണുന്നത്.
ഒ എ സി ബി സിയുടെ മേല്‍നോട്ടത്തിലായിരിക്കും സര്‍വേ നടക്കുക. ജില്ലാ കലക്ടര്‍മാരും മുനിസിപ്പല്‍ മേധാവികളും അവരുടെ സര്‍വേ മാനേജ്‌മെന്റ് പ്ലാനുകള്‍ തയ്യാറാക്കി മാര്‍ച്ച് ആദ്യവാരം കമ്മീഷന് അയയ്ക്കണം.
വിദ്യാഭ്യാസത്തിലും തൊഴിലിലും ഒ ബി സികള്‍ക്ക് സംവരണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് പ്രതിപക്ഷമായ ബി ജെ പിയുടെ വിമര്‍ശനം. സര്‍ക്കാരിന്റെ നടപടി വോട്ട് ബേങ്ക് രാഷ്ട്രീയമാണെന്ന് ബി ജെ പി എം എല്‍ എ. സൂര്യവംശി സൂരജ് പറഞ്ഞു.
വരുന്ന പൊതു, സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ഒ ബി സി വോട്ടുകള്‍ നേടാനാണ് സര്‍വേ നടത്തുന്നതെന്നും കഴിഞ്ഞ 22 വര്‍ഷമായി ബി ജെ ഡി സര്‍ക്കാര്‍ ഒ ബി സി വിഭാഗങ്ങള്‍ക്കായി ഒന്നും ചെയ്തിട്ടില്ലെന്നും കോണ്‍ഗ്രസ് എം എല്‍ എ. താരപ്രസാദ് ബഹിനിപതി ആരോപിച്ചു.