Connect with us

National

സ്ത്രീധനം വാങ്ങിയ ശേഷം വിവാഹം നീട്ടിക്കൊണ്ടുപോയി; വരനെ ഓടിച്ചിട്ട് പിടികൂടി വിവാഹം ചെയ്ത് യുവതി

മാതാപിതാക്കള്‍ക്കൊപ്പം ചന്തയിലെത്തിയ യുവതി വിവാഹം നിശ്ചയിക്കപ്പെട്ടിരുന്ന യുവാവിനെ കണ്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം

Published

|

Last Updated

നവാഡ |   സ്ത്രീധനം വാങ്ങിയതിന് ശേഷം വിവാഹം നടത്താതെ ഒഴിഞ്ഞുമാറിയ യുവാവിന് ഓടിച്ചിട്ട് പിടികൂടി പോലീസ് സഹായത്തോടെ വിവാഹം ചെയ്തു യുവതി. യുവാവിന് പിന്നാലെ ഓടുന്ന യുവതിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു. ബിഹാറിലെ നവാഡയിലെ ഭഗത് സിംഗ് ചൗക്കിലാണ് സംഭവം. മാതാപിതാക്കള്‍ക്കൊപ്പം ചന്തയിലെത്തിയ യുവതി വിവാഹം നിശ്ചയിക്കപ്പെട്ടിരുന്ന യുവാവിനെ കണ്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. യുവാവിനോട് തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടു. പ്രശ്‌നങ്ങള്‍ തുടങ്ങിയതോടെ നാട്ടുകാരും ചുറ്റും കൂടി.ഇതോടെ യുവാവ് ഓടി രക്ഷപെടാനുള്ള ശ്രമങ്ങള്‍ നടത്തി. എന്നാല്‍, പിറകില്‍ ഓടിയ യുവതി യുവാവിനെ പിടികൂടി. യുവതിയുടെ കൈയില്‍ നിന്ന് പിടിവിട്ട് രക്ഷപെടാനുള്ള ശ്രമങ്ങള്‍ യുവാവ് നടത്തുന്നതും ദൃശ്യങ്ങളിലുണ്ട്.

മൂന്ന് മാസം മുമ്പാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നതെന്ന് യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു.സ്ത്രീധനമായി ഒരു ബൈക്കും 50,000 രൂപയും വാങ്ങുകയും ചെയ്തു. എന്നാല്‍, വിവാഹ തീയതി അടുത്തതോടെ വിവാഹം നീട്ടവയ്ക്കണമെന്ന് യുവാവ് ആവശ്യപ്പെട്ടു. യുവാവിന്റെ ബന്ധുക്കള്‍ വിവാഹം നീട്ടുന്നതിനായി ഒഴികഴിവുകള്‍ പറഞ്ഞുകൊണ്ടേയിരിക്കുകയായിരുന്നുവെന്നും അവര്‍ പറയുന്നു. ഇതിനിടയിലാണ് യുവതി ചന്തയില്‍ വെച്ച് യുവാവിനെ കാണുന്നത്.

സംഭവമറിഞ്ഞ സ്ഥലത്തെത്തിയ പോലീസ് ഇരു കൂട്ടരെയും പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും യുവതിക്കും യുവാവിനും കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. ഇതിന് ശേഷം ഇരുകൂട്ടരും വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. പോലീസ് സ്റ്റേഷന് സമീപം തന്നെയുള്ള ക്ഷേത്രത്തില്‍ വച്ച് വിവാഹവും നടന്നു.

 

Latest