Travelogue
കച്ചും ധോളവീരയും കടന്ന്...
ബസ്റ്റാന്റിന്റെ ഇടത് വശം മുന്നൂറ് മീറ്റർ മാറി ഒരു പ്രൈവറ്റ് മിനി ബസ് തത്കാലികമായി സർവീസ് നടത്തുന്ന ഒരു സമയമായത് കൊണ്ട് എന്റെ ഭാഗ്യമെന്നോണം ആ ബസിൽ ആൾ തികയാതെ അതവിടെ കിടപ്പുണ്ടായിരുന്നു. ആൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും കൃത്യം പത്ത് മണിക്ക് ഈ വണ്ടി രാപ്പാർ വിട്ടിരിക്കും.
ബറേലിയിൽ നിന്ന് ഗുജറാത്തിലെ ഭുജ് വരെ പോകുന്ന ബി ഭുജ് എക്‌സ്പ്രസ്സിൽ സമഖ്യാലിയിലേക്കാണ് ഇനി യാത്ര തിരിക്കുന്നത്. സമഖ്യാലി റയിൽവേ സ്റ്റേഷനിൽ ചെന്നിറങ്ങി റെയിൽവേക്ക് പുറത്തു കടന്നു. പല ഭാഗത്തേക്കായി പോകുന്ന ഷെയർ ടാക്‌സിക്കാരുടെ പിടിവലിയാണ് പുറത്ത് നടക്കുന്നത്. രാപ്പാർ….രാപ്പാർ എന്ന് വിളിച്ചു കൂവുന്ന ഒരു ടാക്‌സിക്കാരന്റെ അടുത്ത് ചെന്നു, എത്തിപ്പെടേണ്ടത് രാപ്പാറിലേക്കാണ്.
സ്റ്റേഷൻ പരിസത്ത് തിങ്ങിനിറഞ്ഞിരുന്ന ഷെയർ ടാക്‌സികളിൽ പലതും പല ഭാഗങ്ങളിലേക്കായി ആളെ കയറ്റി ഇതിനോടകം സ്ഥലം വിട്ടിരിക്കുന്നു. ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ വണ്ടിയെടുത്തു, യാത്ര രാപ്പാർ ബസ്റ്റാന്റിലെത്തി. അന്വേഷണ ബൂത്തിൽ ചെന്ന് കദിർ ബേട്ടിലേക്കുള്ള ബസ് സമയം അന്വേഷിച്ചു. ഉച്ചക്ക് ഒരു മണിക്കും മൂന്ന് മണിക്കും എന്നിങ്ങനെ രണ്ട് ട്രാൻസ്പോർട് ബസുകൾ മാത്രമാണ് ദിനേനെ സർവീസ് നടത്തുന്നത്.
ബസ്റ്റാന്റിന്റെ ഇടത് വശം മുന്നൂറ് മീറ്റർ മാറി ഒരു പ്രൈവറ്റ് മിനി ബസ് തത്കാലികമായി സർവീസ് നടത്തുന്ന ഒരു സമയമായത് കൊണ്ട് എന്റെ ഭാഗ്യമെന്നോണം ആ ബസിൽ ആൾ തികയാതെ അതവിടെ കിടപ്പുണ്ടായിരുന്നു. ആൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും കൃത്യം പത്ത് മണിക്ക് ഈ വണ്ടി രാപ്പാർ വിട്ടിരിക്കും.
തൊട്ടടുത്ത സീറ്റിൽ സഹയാത്രികനായികിട്ടിയത് ഏകദേശം അമ്പതിനോട് അടുത്ത് പ്രായമുള്ള കദിർബെട്ടിലെ നെരഞ്ജി സാബ്.തന്റെ ഗ്രാമത്തിലേക്കുള്ള കച്ചവട സാമഗ്രികളുമായിട്ടാണ് അദ്ദേഹം ബസിൽ കയറിയിട്ടുള്ളത്. പൊതുവെ ഈ ഭാഗത്തേക്കുള്ള ആളുകൾ അവരുടെ കച്ച് ഭാഷയാണ് സംസാരിക്കുന്നത്… പുള്ളി എന്തൊക്കയോ എന്നോട് ചോദിക്കുന്നുണ്ട്, അവരുടെ ഭാഷയിലായത് കൊണ്ട് എനിക്കതൊന്നും മനസ്സിലായതില്ല. പതിയെ ഞാൻ പുറംകാഴ്ചകളിലേക്ക് നോക്കിയിരുന്നു…..അങ്ങനെ ബസ് ബാലസർ എത്തി. രാപ്പാർ വിട്ടുകഴിഞ്ഞാൽ അത്യാവശ്യം ആൾപാർപ്പുള്ള സ്ഥലമാണ് ബാലസർ. അതു കഴിഞ്ഞു ലോദർണി, വെർസർ. എന്റെ മട്ടും ഭാവവും നിരീക്ഷിച്ച പുള്ളിക്ക് ഏകദേശ ധാരണ കിട്ടിക്കാണുമെന്ന് തോന്നുന്നു. പതിയെ എനിക്ക് മനസ്സിലാകുന്ന രീതിയിൽ ഹിന്ദിയിൽ സംസാരിക്കാൻ തുടങ്ങി.നന്നായി ഹിന്ദി അറിയാം അവർക്ക്.
സംസാരിച്ചു തുടങ്ങിയപ്പോൾ എന്റേത് അരമുറി ഹിന്ദിയാകാൻ തുടങ്ങി… എങ്ങനൊക്കെയോ ഒരു വിധം ആളുടെ അടുത്ത് പിടിച്ചു നിന്നു. വെർസർ കഴിഞ്ഞു കുറച്ചു ദൂരം പിന്നിട്ടു കഴിഞ്ഞാൽ ഉപ്പ് മരുഭൂമി പ്രത്യക്ഷപ്പെട്ടു തുടങ്ങും. ഈ ഉപ്പ് മരുഭൂമിയിലൂടെ കിലോമീറ്ററുകൾ ദൂരം സഞ്ചരിക്കുമ്പോൾ ഇരു വശവും കച്ച് താടാകം ഉൾവലിഞ്ഞു ഉപ്പ് പാടങ്ങൾ നോക്കെത്താ ദൂരത്തേക്ക് പോയി മറഞ്ഞിട്ടുണ്ട്. കച്ച് ഉൾക്കടലിൽ നിന്നും കയറി വരുന്ന വെള്ളം കൊണ്ട് ഉപ്പുണ്ടാകുന്ന പ്രതലങ്ങളാണ് തരിശു ഭൂമിപോലെ ഇപ്പോൾ കാലിയായി കിടക്കുന്നത്.
ഏകദേശം കച്ച് താടാകത്തിന്റെ വടക്ക് കിഴക്ക് വശത്തിലൂടെ കദിർ ബേട്ട് എന്ന കച്ച് താടാകത്തിലെ ആ വലിയ തുരുത്തിലേക്ക് പതിയെ വണ്ടി പ്രവേശിച്ചു. ആദ്യം ചെന്നെത്തുന്ന അമരാപർ കഴിഞ്ഞു ഇനിയും 30 കിലോമീറ്റർ കൂടെ യാത്രാ ദൂരെമുണ്ട് ലക്ഷ്യസ്ഥാനത്തേക്ക്. എന്റെ ആഗമന ഉദ്ദേശ്യവും ജോലിയും മറ്റും ചോദിച്ചറിഞ്ഞ നെരഞ്ജി സാബ് ഇതിനോടകം നല്ല സൗഹൃദത്തിലായിട്ടുണ്ട്.
1993ൽ കൊച്ചിയിൽ ഒരു തവണ പുള്ളിയുടെ ഹാൻഡ് ക്രാഫ്റ്റുമായിട്ട് ഒരു മേളക്ക് വന്ന കഥകളൊക്കെ പറഞ്ഞു തന്നു. കച്ച്കാരുടെ കരകൗശല വസ്തു നിർമാണവും നെയ്തുമെല്ലാം എനിക്കൊരു പുതിയ അറിവായിരുന്നു, രസകരമായ ആ കഥയും ബസിലെ മറ്റു യാത്രികരുടെ തനത് കച്ചി വസ്ത്രധാരണയും അവരവരുടെ ഗ്രാമങ്ങളിലേക്കുള്ള പാലും പത്രവും എന്നു വേണ്ട എല്ലാ കച്ചവട സാമഗ്രികളും വഹിച്ചു, കൂടാതെ അവരുടെ വളർത്തു മൃഗങ്ങളേയുമെല്ലാം കുത്തിനിറച്ചു കൊണ്ട് പോകുന്ന ഒരു ബസ് യാത്ര പ്രത്യേക അനുഭവവും മനോഹരവുമാണ്.
തണുത്ത ഉപ്പുകാറ്റേറ്റ് ആടിയുലഞ്ഞ ബസ് പതിയെ കച്ച് ഉൾക്കടലിലെ ഏറ്റവും പ്രധാനപ്പെട്ട ആ തുരുത്തിലെ അതിലേറെ പ്രാധാന്യമുള്ള ആ ഗ്രാമത്തിൽ ചെന്നു നിന്നു. ഇവിടെ നിന്നും ആ നഗരം സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് കഷ്ടിച്ച് രണ്ട് കിലോമീറ്റർ ദൂരംകൂടി നടക്കേണ്ടതുണ്ട്. ഒരു ബോട്ടിൽ വെള്ളം വാങ്ങിച്ചു ധോളവീര എന്ന പുരാതന നഗരത്തിലേക്ക് നടപ്പ് തുടങ്ങി… പുറത്ത് നല്ല വെയിലുണ്ട്, അതിലേറെ കച്ച് താടാകത്തിൽ നിന്നു വീശുന്ന തണുത്ത കാറ്റും, ഒരു തരം തണുപ്പ്…സഹിക്കുന്നില്ല.
ഇതിനിടെ ബൈക്കിൽ കടന്നു പോകുന്ന രണ്ടുപേർ ബൈക്ക് നിറുത്തികൊണ്ട് കൊട്ടഡ ബേട്ട എന്നൊക്കെ എന്നോട് ചോദിക്കുന്നുണ്ട് . അതൊന്നും കേട്ട ഭാവം വെക്കാതെ മുന്നോട്ട് തന്നെ നടന്നു, അവസാനം ആ പുരാതന നഗരത്തിന്റെ മുമ്പിലെത്തി.
പിന്നീടാണ് മനസ്സിലായത് കൊട്ടഡ ബേട്ട എന്ന് മുമ്പ് ബൈക്കിൽ പോയവർ ചോദിച്ചത് എനിക്ക് ലിഫ്റ്റ് തരാനായിരുന്നെന്ന്. ആ രണ്ടു പേരും ദേ ഇവിടെ നിൽക്കുന്നുണ്ട്. അവരിവിടുത്തെ ഗൈഡ് ആയി ജോലി ചെയ്യുന്നവരാണ്. തകർന്നു കിടക്കുന്ന ഈ നഗരത്തെ ഇവിടുത്തുകാർ വിളിക്കുന്ന പേരാണെത്രെ കൊട്ടഡ ബേട്ട എന്നത്. ഇതറിയാമായിരുന്നെങ്കിൽ ആ രണ്ട് കിലോമീറ്റർ നടത്തമെങ്കിലും ലാഭിക്കാമായിരുന്നു. “സൈന്ധവ നാഗരികതയിലെ എണ്ണം പറഞ്ഞ അഞ്ച് പട്ടണങ്ങളിൽ ഒന്നാണ് ധോളവീര ‘ എന്നത്.ധോളവീര ഒരു പുരാവസ്തു സ്ഥലമായതിനാൽ ഹാരപ്പൻ ജീവിത ശൈലിയുടെയും വാസ്തുവിദ്യയുടെയും വ്യക്തമായ ഭാഗങ്ങൾ ഉൾക്കൊള്ളുന്ന 120 ഏക്കറിലായി പടർന്നു കിടക്കുന്ന പട്ടണ അവശിഷ്ടങ്ങളുടെ ഉൽഖനനം പകുതിയോളം ആയിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്.
മ്യുസിയം കണ്ടു തീർത്തു നേരെ ഉൽഖനനം നടത്തിയ സ്ഥലത്തേക്ക് നടന്നു. ചതുരത്തിൽ കെട്ടിപ്പൊക്കിയ കുളം പോലുള്ള രണ്ട് ജലസംഭരണികളാണ് ആദ്യം കാണുക. മൻസാർ, മൻഹർ, എന്നീ പ്രധാനപ്പെട്ട രണ്ട് ജലച്ചാലുകൾ. അതു കഴിഞ്ഞു നേരെ ഉയരമുള്ള സിറ്റാഡലിലേക്കു കയറിയാൽ പഴയ കൽത്തൂണിന്റെയൊക്കെ അവശിഷ്ടം ഇപ്പോഴും അവിടെതന്നെയുണ്ട്. ഇനി അകത്തോട്ടു പോകുമ്പോഴാണ് യഥാർഥ കാഴ്ചകൾ കാണാനുള്ളത്. മൊബൈൽ വീഡിയോയും ഫോട്ടോയും എടുക്കാൻ ഇവിടെ അനുവദിക്കില്ല. ഇതുവരെ പകർത്തിയതൊക്കെ പേർസണൽ ഉപയോഗത്തിന് മാത്രമാണെന്ന് പറഞ്ഞു ഒരു വിധം തടി തപ്പി. ഇനി ഫോട്ടോ എടുക്കാൻ കഴിയാത്ത ഒരു വിഷമം ഉണ്ടെങ്കിലും ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ആ നഗരത്തിനും ഒരു സംസ്‌കാരത്തിനും മുന്നിൽ നിന്ന് നൂറ്റാണ്ടുകൾക്കിപ്പുറം ഇതൊക്കെ നേരിട്ട് കാണുമ്പോഴും അനുഭവിക്കുമ്പോഴുമുള്ള ആഹ്ലാദം പറഞ്ഞറിയിക്കാനാകാത്തതാണ്.