Connect with us

Poem

മരണാനന്തരം

അവസാനനോക്കിന് അണമുറിയാത്ത ജനപ്രവാഹം, തിക്കിലും തിരക്കിലുംപെട്ട് വീർപ്പുമുട്ടി സ്നേഹം.

Published

|

Last Updated

രണവാർത്തയെ
ടാഗ് ചെയ്ത്,
വാട്സ്ആപ്പ് ഗ്രൂപ്പിൽ
“ആദരാഞ്ജലികൾ’
സ്റ്റിക്കർ പതിപ്പിച്ചാണ്
സ്നേഹമാദ്യം
വിളമ്പിത്തുടങ്ങിയത്.
പിന്നാലെ,
നിറഞ്ഞുകവിഞ്ഞ്
കറുപ്പണിഞ്ഞ ഡി പികളുടെ
സ്നേഹപ്രദർശനം.

എഫ് ബിയിൽ,
വിടചൊല്ലിയ
വാർത്തയ്‌ക്കൊപ്പം
വെളിച്ചം വിതറുന്ന മുഖം.
കമന്റ്ബോക്സിൽ
നിലയ്ക്കാത്ത പ്രണാമങ്ങളുടെ
പെരുമഴപ്പെയ്ത്ത്.

സംസ്കാരച്ചടങ്ങിനുടൻ
അനുശോചനസംഗമം
നടക്കുമെന്നുള്ള അറിയിപ്പ്,
സാന്നിധ്യമറിയിക്കാൻ
നേതാക്കളുടെ കുത്തൊഴുക്ക്.

അവസാനനോക്കിന്
അണമുറിയാത്ത
ജനപ്രവാഹം,
തിക്കിലും തിരക്കിലുംപെട്ട്
വീർപ്പുമുട്ടി സ്നേഹം.

ഒടുവിൽ,
നെഞ്ചിൽ കയറ്റിവെച്ച
റീത്തുകളിൽ
സ്നേഹത്തിന്റെ
പരിമളം പരന്നപ്പോൾ
എല്ലാം കണ്ടുനിന്ന ആത്മാവ്
മരിക്കാനൽപ്പം വൈകിപ്പോയതിലെ
നിരാശയിലൊരു
നെടുവീർപ്പിടാൻപോലുമാകാതെ
നീണ്ടുനിവർന്നങ്ങനെ കിടന്നു.

---- facebook comment plugin here -----

Latest