Kerala
നരബലിക്ക് ശേഷം സ്ത്രീകളുടെ മാംസം പാകം ചെയ്ത് ഭക്ഷിച്ചു; ആയുസ്സ് കൂടാനെന്ന് പ്രതികളുടെ മൊഴി
മാംസം പൂജ ചെയ്ത ശേഷമാണ് ഷാഫി ഭഗവൽസിംഗിനും ലൈലക്കും നൽകിയത്.
പത്തനംതിട്ട | ഇലന്തൂരില്‍ മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ഇരട്ടനരബലിയിൽ സ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം മാസം പാകം ചെയ്ത് ഭക്ഷിച്ചതായി പ്രതിയുടെ മൊഴി. കേസിൽ അറസ്റ്റിലായ പ്രതികളിൽ ഒരാളായ ലൈലയാണ് പോലീസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. നരബലിയുടെ ആസൂത്രകൻ ഷാഫിയുടെ നിർദേശപ്രകാരമാണ് ഇങ്ങനെ ചെയ്തതെന്നും ലൈല മൊഴി നൽകി. ആയുരാരോഗ്യത്തിന് വേണ്ടി മൃതദേഹങ്ങളില്‍നിന്ന് മാംസം ഭക്ഷിക്കാന്‍ ഷാഫി നിർദേശിച്ചതായും പ്രതി പറഞ്ഞു.
പത്മയെയും റോസ്‍ലിയേയും കൊലപ്പെടുത്തിയ ശേഷം മാംസഭാഗം അറുത്തെടുത്ത് സൂക്ഷിച്ചിരുന്നു. മൃതദേഹത്തിന്റെ മറ്റു ഭാഗങ്ങൾ കുഴിച്ചിട്ട ശേഷമാണ് മാറ്റിവെച്ച മാംസം പാകം ചെയ്ത് കഴിച്ചത്. മാംസം പൂജ ചെയ്ത ശേഷമാണ് ഷാഫി ഭഗവൽസിംഗിനും ലൈലക്കും നൽകിയത്.
അതേസമയം പോലീസ് പ്രതിയുടെ മൊഴി പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് പോലീസ് അറിയിച്ചു. നരബലിക്കു മുമ്പ് സ്ത്രീകളുടെ ആഭരണങ്ങള്‍ ഷാഫി കൈക്കലാക്കി. ഇത് പിന്നീട് എറണാകുളം, പത്തനംതിട്ട ജില്ലകളിലെ ബാങ്കുകളില്‍ പണയം വച്ചെന്നും പോലീസ് പറഞ്ഞു.
ഇന്നലെയാണ് കേരളത്തെ ഞെട്ടിച്ച നരബലി കേസ് വിവരങ്ങൾ പുറത്തായത്. കടവന്ത്രയില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശിനി പത്മം, തൃശൂര്‍ സ്വദേശിനി റോസിലി എന്നിവരാണ് നരബലിക്ക് ഇരയായി കൊല്ലപ്പെട്ടത്. റോസിലിയെ ജൂണ്‍ എട്ടിനും പത്മത്തെ സെപ്റ്റംബര്‍ 26 നും കൊലപ്പെടുത്തിയെന്നാണ് കരുതുന്നത്.