Connect with us

From the print

ജുമുഅ കഴിഞ്ഞ് എല്ലാവര്‍ക്കും ബിരിയാണി ഉണ്ടായിരിക്കുന്നതാണ്

നിസ്‌കാരത്തിന് പള്ളികളിലേക്ക് നടന്ന് പോകലും പള്ളികളിലേക്കുള്ള ചവിട്ടടികള്‍ വര്‍ധിപ്പിക്കലും സുന്നത്താണ്. ഇത് പാപമോക്ഷത്തിന് ഹേതുവാകുന്ന പ്രവര്‍ത്തനങ്ങളായാണ് ഹദീസുകള്‍ പഠിപ്പിക്കുന്നത്.

Published

|

Last Updated

ഹലോ, നീ എവിടേക്കാണ് ജുമുഅ നിസ്‌കാരത്തിന് പോകുന്നത്?
നിസ്‌കാര ശേഷം അവിടെ എന്താണുണ്ടാവുക; മന്തിയോ ബിരിയാണിയോ?
നേരത്തേ എത്തുന്നവര്‍ക്ക് വെല്‍ക്കം ഡ്രിംങ്ക്‌സ് വല്ലതും?. ഖുതുബയുടെ സമയത്ത് ഡ്രൈ ഫ്രൂട്സോ നട്സോ ഉണ്ടാവാറുണ്ടോ? തീരാന്‍ എത്ര സമയെടുക്കും…?

ഇങ്ങനെ വിളിച്ച് അന്വേഷിച്ച് വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിന് പോകാന്‍ പറ്റിയ പള്ളികള്‍ കണ്ടെത്തുന്ന തലമുറയെക്കുറിച്ച് ഓര്‍ത്ത് നോക്കൂ. ഈയൊരു അവസ്ഥാ വിശേഷത്തിലേക്ക് കാര്യങ്ങള്‍ എത്തിപ്പെടാന്‍ കാലത്തിന് അധികം സഞ്ചരിക്കേണ്ടി വരുമോ.

തറാവീഹ് നിസ്‌കാരത്തിന് പള്ളി ഇമാമിന്റെ വേഗത്തെ സംബന്ധിച്ചുള്ള ചര്‍ച്ച പണ്ട് കാലം മുതലേയുള്ളതാണ്. ഓത്തിന്റെ സ്വരമാധുര്യം ഇഷ്ടപ്പെട്ടും പ്രശാന്തമായ അന്തരീക്ഷം തേടിയും വിവിധ ഇടങ്ങളിലേക്ക് നിസ്‌കാരത്തിന് പോകുന്ന ചുരുക്കം ചിലര്‍ എല്ലാ നാടുകളിലുമുണ്ടാകും. ഓരോരുത്തരും പ്രതിപത്തിയനുസരിച്ച് ടൗണ്‍ പള്ളികളിലേക്കോ ഗ്രാമീണ മസ്ജിദുകളിലേക്കോ പോകും. എയര്‍ കണ്ടീഷനര്‍ ഉള്ള പള്ളികളില്‍ ആളുകളുടെ എണ്ണത്തില്‍ ഈയിടെ ഗണ്യമായ വര്‍ധനയുണ്ടെന്നാണ് സംസാരം.

നബി(സ)യുടെ കാലത്ത് പള്ളിയില്‍ നിന്ന് കുറേ അകലെ വീടുള്ള ഒരാള്‍ എന്നും നടന്ന് നിസ്‌കാരത്തിന് വരുമായിരുന്നു. അകലെയായിരുന്നിട്ടും ജമാഅത്തിന് മുടങ്ങാതെ വരുന്ന മനുഷ്യന്‍. അദ്ദേഹത്തോടൊരാള്‍ ചോദിച്ചു. നിങ്ങള്‍ക്ക് പള്ളിയിലേക്ക് വരാന്‍ ഒരു കഴുതയെ വാങ്ങിക്കൂടേ. അങ്ങനെയായാല്‍ ഇരുട്ടത്തും കൊടും ചൂട് സമയത്തും നിങ്ങള്‍ക്ക് നല്ലതല്ലേ. അദ്ദേഹം അതിന് കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു.

എനിക്കതിനോട് താത്പര്യമില്ല. നിസ്‌കാരത്തിനായി പള്ളിയിലേക്കുള്ള നടത്തവും പള്ളിയില്‍ നിന്ന് വീട്ടിലേക്കുള്ള നടത്തവും എനിക്ക് വലിയ നേട്ടങ്ങളുണ്ടാക്കി തരുമല്ലോ.

നിസ്‌കാരത്തിന് പള്ളികളിലേക്ക് നടന്ന് പോകലും പള്ളികളിലേക്കുള്ള ചവിട്ടടികള്‍ വര്‍ധിപ്പിക്കലും സുന്നത്താണ്. ഇത് പാപമോക്ഷത്തിന് ഹേതുവാകുന്ന പ്രവര്‍ത്തനങ്ങളായാണ് ഹദീസുകള്‍ പഠിപ്പിക്കുന്നത്. നിസ്‌കാരങ്ങള്‍ക്ക് വാഹനങ്ങളെടുത്ത് പോകുന്നതിനെക്കാള്‍ പ്രതിഫലാര്‍ഹം നടത്തത്തിനു തന്നെയാണ്.

നടന്നായാലും വാഹനങ്ങളെടുത്തായാലും ദൂരങ്ങളിലേക്ക് പോകുന്നത് സദുദ്ദേശ്യത്തോടെയാകണം. പ്രത്യേകിച്ച് ആവശ്യങ്ങളൊന്നുമില്ലാതെ പെട്ടെന്ന് തീരുന്നിടം നോക്കിയും വേഗത കൂടുതലുള്ള സ്ഥലം തേടിയുമുള്ള പോക്ക് മടിയുടെ ലക്ഷണങ്ങളാണ്. മറ്റ് ലക്ഷ്യങ്ങളൊന്നുമില്ലാതെ സമൃദ്ധമായ ഭക്ഷ്യ വിഭവങ്ങള്‍ ലഭിക്കുന്ന സ്ഥലങ്ങളന്വേഷിച്ചുള്ള യാത്രയും ഭൗതിക താത്പര്യമാണ്.

ആരാധനകളെന്നാല്‍ സുഖങ്ങളും എളുപ്പങ്ങളും വ്യക്തി താത്പര്യങ്ങളുമെല്ലാം ഒത്തിട്ട് ചെയ്യേണ്ടതല്ല. അതിനിടക്ക് അനുഭവപ്പെടുന്ന പ്രതിസന്ധികളെ തരണം ചെയ്യാനുള്ള സഹനങ്ങള്‍കൂടെ അതില്‍ പ്രധാനമാണ്.

നമ്മള്‍ ആഗ്രഹിക്കുന്നതാണ് മനസ്സ് മന്ത്രിച്ച് കൊണ്ടിരിക്കുക. എന്നാല്‍ സ്വന്തം ആഗ്രഹങ്ങളെ അവഗണിച്ചും ദൈവിക കല്‍പ്പനകള്‍ പാലിക്കാനുള്ള സന്നദ്ധതയാണ് വിശ്വാസികള്‍ക്കുണ്ടാകേണ്ടത്. അതേസമയം, കൂടുതല്‍ ആളുകളെ പള്ളികളിലേക്കടുപ്പിക്കുന്നതിന് വേണ്ട സംവിധാനങ്ങളും സൗകര്യങ്ങളും ചെയ്യുന്നതിന് നല്ലവരായ നാട്ടുകാരും കമ്മിറ്റി ഭാരവാഹികളും കാണിക്കുന്ന ഔത്സുക്യം ശ്ലാഘനീയമാണ്.

 

 

Latest