Connect with us

Saudi Arabia

ഇടവേളക്ക് ശേഷം ഇരുഹറമുകളും വിശ്വാസികളെ സ്വീകരിച്ചു; ഒരുക്കിയത് മികവുറ്റ സംവിധാനങ്ങള്‍

പുണ്യ ദിനത്തില്‍ ഇരുഹറമിലേക്കുമെത്തിയ വിശ്വാസികള്‍ക്ക് നോമ്പ് തുറക്ക് ആവശ്യമായ വിഭവങ്ങള്‍ ഹറം മന്ത്രാലയത്തിന്റെ കീഴില്‍ തന്നെ ഈ വര്‍ഷവും ഒരുക്കിയിരുന്നു.

Published

|

Last Updated

മദീന | നീണ്ട രണ്ട് വര്‍ഷത്തെ ഇരുഹറമുകളും വിശ്വാസികള്‍ക്കായി തുറന്ന് നല്‍കിയതോടെ പുണ്യ മാസത്തില്‍ ഇരുഹറമുകളിലേക്കും ഒഴുകിയെത്തിയത് ജനലക്ഷങ്ങള്‍. ജമാഅത്ത്, ജുമുഅ, തറാവീഹ് നിസ്‌കാരങ്ങളില്‍ പങ്കെടുക്കുന്നതിനും റമസാന്റെ അവസാന പത്തില്‍ ഇഹ്തികാഫ് ഇരിക്കുന്നതിനും മികച്ച സൗകര്യങ്ങളായിരുന്നു ഇരുഹറമുകളും ഈ വര്‍ഷം ഏര്‍പ്പെടുത്തിയിരുന്നത്. പുണ്യ ദിനത്തില്‍ ഇരുഹറമിലേക്കുമെത്തിയ വിശ്വാസികള്‍ക്ക് നോമ്പ് തുറക്ക് ആവശ്യമായ വിഭവങ്ങള്‍ ഹറം മന്ത്രാലയത്തിന്റെ കീഴില്‍ തന്നെ ഈ വര്‍ഷവും ഒരുക്കിയിരുന്നു. ഹറം കാര്യാലയത്തിന്റെ കീഴില്‍ നടപ്പിലാക്കിയ റമസാന്‍ പദ്ധതി വന്‍ വിജയമായിരുന്നുവെന്ന് ഹറം ഇമാമും കാര്യാലയ മേധാവിയുമായ ശൈഖ് ഡോ: അബ്ദുല്‍റഹ്‌മാന്‍ അല്‍സുദൈസ് പറഞ്ഞു.

ഈ വര്‍ഷം ഹറമിന്റെ പൂര്‍ണ ശേഷി പ്രയോജനപ്പെടുത്തിയതോടെ, ഹറമിലെത്തിയ മുഴുവന്‍ തീര്‍ഥാടകര്‍ക്കും അനായാസേന ഉംറ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. പ്രായമായവര്‍ക്കും വൈകല്യമുള്ളവര്‍ക്കും പ്രത്യേക പരിഗണനയോടെ മികച്ച സേവനങ്ങള്‍ നല്‍കി. ഇതിനായി വിവിധ മന്ത്രാലയങ്ങളും സര്‍ക്കാര്‍ വകുപ്പുകളും ഒരുമയോടെ പ്രവര്‍ത്തിച്ചു. മന്ത്രാലയത്തിന്റെ റമസാന്‍ പദ്ധതി വിജയിച്ചതില്‍ സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഹറം കാര്യാലയ മേധാവി ശൈഖ് ഡോ: അബ്ദുല്‍റഹ്‌മാന്‍ അല്‍സുദൈസ് നന്ദി പറഞ്ഞു.

ഹറമില്‍ തീര്‍ഥാടകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി അറബി, ഇംഗ്ലീഷ്, ഉറുദു ഭാഷകളില്‍ റോബോട്ടിക് സംവിധാനവും ഹറമിലെത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മലിനീകരണ സാധ്യത കുറയ്ക്കുന്നതിനുമായി സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് സംസം പുണ്യജല വിതരണം എന്നിവ നടത്തിയിരുന്നു. അണുനശീകരണത്തിനും റോബോട്ടിക് സംവിധാനം ഉപയോഗപ്പെടുത്തിയിരുന്നു. കനത്ത തിരക്ക് ഒഴിവാക്കുന്നതിനായി ഈ വര്‍ഷം ഉംറ തീര്‍ഥാടകര്‍ക്ക് മാത്രമായിരുന്നു ഹറമിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത്.

 

---- facebook comment plugin here -----

Latest