Connect with us

Siraj Article

ലഖിംപൂർ കൂട്ടക്കൊലക്ക് ശേഷം?

ലഖിംപൂർ കൂട്ടക്കൊലയും അതുയർത്തിവിട്ട പ്രതിഷേധങ്ങൾക്കും ഇടയിൽത്തന്നെയാണ് ചരിത്രത്തിൽ ഏറ്റവും വലിയ പെട്രോൾ, ഡീസൽ വിലവർധിപ്പിച്ചതും വിമാനതാവളങ്ങളും റെയിൽവേയുടെ പല ഭാഗങ്ങളും കോർപറേറ്റുകൾക്ക് വിൽപ്പന നടത്തിയതും. അതിനർഥം ഇന്ത്യയിൽ ഭരണകൂടത്തെ തിരുത്തിക്കാൻ തക്ക ശക്തിയുള്ള പ്രതിപക്ഷങ്ങളും പ്രക്ഷോഭങ്ങളും ഇനിയും രൂപ്പപ്പെട്ടില്ലെന്നുതന്നെയാണ്. അതിന് ശാശ്വതമായ ഒരു അറുതി സൃഷ്ടിക്കലാകണം പ്രക്ഷോഭങ്ങളുടെ ആത്യന്തിക ലക്ഷ്യം

Published

|

Last Updated

ത്തരപ്രദേശിലെ ലഖിംപൂർ ഖേരിയിൽ സമരം ചെയ്യുന്ന കർഷകർക്കു നേരെ രാജ്യം ഭരിക്കുന്നവർ നടത്തിയ നരവേട്ടയിൽ ഒമ്പത് മനുഷ്യ ജീവൻ മാത്രമല്ല അതിദാരുണമായി കൊല ചെയ്യപ്പെട്ടത്. ഒരുകാലത്ത് ലോക ജനാധിപത്യത്തിന് തന്നെ മാർഗദർശകമായിരുന്ന ഇന്ത്യൻ ഡെമോക്രസിയെ ഹിംസയുടെ ശവപ്പറമ്പാക്കി മാറ്റിക്കൊണ്ടാണ് കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയും കൂട്ടരും ഫാസിസത്തിന്റെ രഥചക്രം പാവങ്ങളായ കർഷകർക്ക് നേരെ ഉരുട്ടിക്കയറ്റിയത്.
ന്യായമായും സംഭവിക്കേണ്ട പ്രതിഷേധങ്ങൾ അതിന് ശേഷം രാജ്യത്തൊട്ടാകെ ഉയർന്നു എന്നത് നേര്തന്നെ. അവസരത്തിനൊത്തുയർന്ന രാഹുൽഗാന്ധിയും സഹോദരി പ്രിയങ്കയും ഫാസിസ്റ്റ് മുഷ്‌ക്കിനെതിരെ അതിശക്തമായി ആഞ്ഞടിച്ച് പ്രതിഷേധത്തിന്റെ കരുത്ത് തെളിയിക്കുകയും ചെയ്തു. അടിയന്തരാവസ്ഥക്ക് എതിരെ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ അരങ്ങേറിയ സമ്പൂർണ വിപ്ലവം എന്ന് പേരിട്ട ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടം പോലെ, ഫാസിസത്തിനെതിരായ പോരാട്ടത്തിന് ഒരു സുവർണാവസരം ഒരുങ്ങുമെന്ന് തോന്നിപ്പിച്ച ദിവസങ്ങളായിരുന്നു പ്രിയങ്ക നയിച്ച പ്രതിരോധ ദിനങ്ങൾ. പക്ഷേ അതിന് ഉദ്ദേശിച്ച രീതിയിലുള്ള തുടർച്ച ഉണ്ടായോ എന്നത് പരിശോധിക്കേണ്ടതാണ്.

രാഹുലും പ്രിയങ്കയും കാണിച്ച ധൈര്യവും സ്ഥൈര്യവും രാജ്യത്തൊട്ടാകെ വേരോട്ടമുള്ള പാർട്ടിയെന്ന നിലക്ക് കോൺഗ്രസ്സ് പാർട്ടിക്ക് അത് വലിയൊരു സമരായുധമാക്കി ഇന്ത്യയിലെ ജനദ്രോഹ സർക്കാറിനെ ബഹുജന പ്രക്ഷോഭത്തിന് മുമ്പിൽ മുട്ടമടക്കിക്കാൻ കർഷക സമരത്തെ ഉപയോഗപ്പെടുത്താൻ വലിയൊരവസരം തന്നെയാണ് തുറക്കപ്പെട്ടിരുന്നത്. അത്രമാത്രം ബി ജെ പി ഇതരകക്ഷികളുടെയും സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്നവരുടെയും പിന്തുണയാർജിക്കാൻ ആ നീക്കങ്ങൾക്ക് കഴിയുകയും ചെയ്തു.

വരുൺ ഗാന്ധിയടക്കമുള്ള ബി ജെ പിയിലെ നേതാക്കൾ പോലും പരസ്യമായി യു പിയിലെയും കേന്ദ്രത്തിലെയും സർക്കാറുകൾക്കെതിരെ നിലയുറപ്പിച്ച അവസരം കൂടിയായിരുന്നു അത്. ഇടതുപക്ഷ പാർട്ടികൾ മാത്രമല്ല അകാലിദളും ശിവസേനയും പോലും കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തുവന്നു.

ഫാസിസ്റ്റ് കാലത്ത് ഇന്ത്യൻ ജൂഡീഷ്യറി ഏറ്റവും കൂടുതൽ അവസരത്തിനൊത്തുയർന്ന ദിവസങ്ങൾ കൂടിയായിരുന്നു പിന്നിട്ടത്. അതിന്റെയൊക്കെ പ്രതിഫലനം തന്നെയാകാം.
യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പോലും ചുവട് മാറ്റിപ്പിടിക്കേണ്ടി വന്നത്. ആശിഷ് മിശ്രയെന്ന അഹങ്കാരത്തിന്റെ മൂർത്തീഭാവമായ കേന്ദ്രമന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വെക്കാൻ ഭരണകൂടം നിർബന്ധിതമായെങ്കിൽ അത് നാടൊട്ടാകെ പടർന്നു പന്തലിച്ച പ്രക്ഷോഭത്തിന്റെ പ്രതിഫലനം തന്നെയായി കണക്കാക്കണം.

പക്ഷേ ഇവിടെ പതിയിരിക്കുന്ന വലിയൊരപകടം എന്നത് രാഹുലും പ്രിയങ്കയും നേടിയെടുത്ത താത്കാലിക വിജയത്തിലും പേരിനെങ്കിലും മന്ത്രിപുത്രൻ അറസ്റ്റിലായതിലും ആഹ്ലാദിക്കുന്നതോടൊപ്പം ഈ പ്രക്ഷോഭത്തിന് ഒരു തുടർച്ചയുണ്ടാകുന്നില്ല എന്നത് തന്നെയാകും. കുറഞ്ഞ ദിവസങ്ങളിൽ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളും പത്ര പ്രസ്താവനകളും കെട്ടടങ്ങുന്നതോടെ കർഷകർ നടത്തുന്ന പ്രക്ഷോഭം അതിന്റെ വഴിക്കും ഭരണകൂടം നടത്തുന്ന കൊള്ളകളും ജനദ്രോഹ നടപടികളും മുടക്കംകൂടാതെ അതിന്റെ വഴിക്കും നടക്കുകയാണ്.
ലഖിംപൂർ കൂട്ടക്കൊലയും അതുയർത്തിവിട്ട പ്രതിഷേധങ്ങൾക്കും ഇടയിൽത്തന്നെയാണ് ചരിത്രത്തിൽ ഏറ്റവും വലിയ പെട്രോൾ, ഡീസൽ വിലവർധിപ്പിച്ചതും വിമാനത്താവളങ്ങളും റെയിൽവേയുടെ പല ഭാഗങ്ങളും കോർപറേറ്റുകൾക്ക് വിൽപ്പന നടത്തിയതിനും രാജ്യം സാക്ഷ്യം വഹിച്ചതും. അതിനർഥം ഇന്ത്യയിൽ ഭരണകൂടത്തെ തിരുത്തിക്കാൻ തക്ക ശക്തിയുള്ള പ്രതിപക്ഷങ്ങളും പ്രക്ഷോഭങ്ങളും ഇനിയും രൂപ്പപ്പെട്ടില്ലെന്നുതന്നെയാണ്.

അതുകൊണ്ടാണ് വൈകാരികമായി ഉരുണ്ടുകൂടുന്ന ചില ചട്ടപ്പടി പ്രതിഷേധങ്ങൾക്കപ്പുറം ഭരണസിരാ കേന്ദ്രങ്ങളെ പിടിച്ചുലയ്ക്കാൻ തക്ക പ്രഹര ശേഷിയുള്ള തുടർച്ചകൾ ഈ സമരത്തിനൊന്നും ഇല്ലാതെ പോകുന്നതും.

ഇത് ഏറ്റവും നന്നായി മനസ്സിലാക്കിയിട്ടുള്ളത് ഇന്ത്യയിൽ എന്തു ജനവിരുദ്ധതയും എളുപ്പത്തിൽ നടപ്പാക്കാം എന്നു പരീക്ഷിച്ചുകൊണ്ടിരിക്കുന്ന സർക്കാറുമാണ്. അതാണിപ്പോൾ ഇന്ത്യയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നതും. അതിന് ശാശ്വതമായ ഒരു അറുതി സൃഷ്ടിക്കലാകണം പ്രക്ഷോഭങ്ങളുടെ ആത്യന്തിക ലക്ഷ്യം.

വൈകാരികമായ ചില പ്രകടനങ്ങൾക്കും പ്രതിഷേധങ്ങൾക്കുമപ്പുറം ജനങ്ങളെ അണിനിരത്തിക്കൊണ്ട് ജനാധിപത്യ രീതിയിൽ തന്നെ വലിയ ബഹുജന മുന്നേറ്റമായി വളർച്ച പ്രാപിക്കേണ്ട സമരമുറകൾ നിരന്തരമായി സംഘടിപ്പിക്കാൻ ഇന്ത്യയിലെ പ്രതിപക്ഷങ്ങൾക്ക് കഴിയുമോ എന്നതു തന്നെയാണ് കാതലായ ചോദ്യം.

നാളിതുവരെയുള്ള അനുഭവം വെച്ച് പരിശോധിക്കുകയാണെങ്കിൽ അതിനുതക്ക കരുത്തുള്ള നേതൃനിര മുഖ്യപ്രതിപക്ഷമായ കോൺഗ്രസ്സ് പാർട്ടിയിൽ തന്നെ ഇല്ലെന്നതാണ് പ്രശ്‌നം. ആ ബലഹീനത ആദ്യം അവർ തന്നെ മറികടക്കേണ്ടതുണ്ട്. എന്നാൽ മാത്രമേ വർഗീയ ഫാസിസ്റ്റ് ഭരണത്തിനെതിരെ പ്രായോഗികമായ ഒരു രാഷ്ട്രീയസഖ്യം സൃഷ്ടിച്ചെടുക്കാൻ അവർക്കാവൂ.
ശരിക്കും ഇന്ത്യൻ രാഷ്ട്രീയത്തെ സൂക്ഷ്മമായി നിരീക്ഷിക്കുമ്പോൾ സമാധാന കാംക്ഷികളായ ബഹുഭൂരിപക്ഷം വരുന്ന സാധാരണ മനുഷ്യരിൽ ഭയാശങ്കകൾ വളർന്നുകൊണ്ടിരിക്കുന്ന അന്തരീക്ഷം നാൾക്കുനാൾ ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ഏറ്റവും ഒടുവിൽ അരുന്ധതിറോയി പങ്കുവെച്ച ഒരു ചിന്തക്ക് ഏറെ പ്രസക്തിയുണ്ടെന്ന് തോന്നുന്നു. “എല്ലാ രംഗത്തും അരികുവത്കരിക്കപ്പെട്ട് ശാക്തീകരിക്കപ്പെടാതെ ജീവിക്കുന്ന ജനങ്ങളാൽ വോട്ട് ചെയ്യപ്പെട്ട് അധികാരത്തിലേറിയ ക്രൂരരും കൊലപാതകികളും വിജ്ഞാന വിരോധികളുമായ ഭരണാധികാരികളാൽ ഭരിക്കപ്പെടുന്ന വിഡ്ഡികളുടെ ഒരു രാജ്യം ശാശ്വതമായി ഉണ്ടാകും എന്നതാണ് എന്റെ ഭയം. അവരെ ആരാധിക്കുകയും അവർക്ക് വോട്ടു ചെയ്യുകയും ചെയ്യുന്ന ജനങ്ങളെത്തന്നെയാകും അവർ കൂടുതൽ ദ്രോഹിക്കുകയും ചെയ്യുക.’

ഈ ഭയം അരുന്ധതിറോയിക്ക് മാത്രമല്ല. കാര്യങ്ങൾ ശരിയായി വിലയിരുത്തുന്നവരിലൊക്കെ ഇത്തരം ആപത്ശങ്കകൾ വ്യാപിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. അതുകൊണ്ടാണ് മലപോലെ വരുന്ന പല പ്രക്ഷോഭങ്ങളും മഞ്ഞുപോലെ ഉരുകിപ്പോകുമ്പോൾ ഇന്ത്യയിലെ സമാധാനകാംക്ഷികളായ സാധാരണ മനുഷ്യരിൽ വലിയ തോതിൽ ഇച്ഛാഭംഗങ്ങൾ വളർന്നുകൊണ്ടിരിക്കുന്നത്. കിട്ടിയ അവസരം ഉപയോഗപ്പെടുത്തി ഇന്ത്യൻ ജനതയിൽ ആത്മവിശ്വാസവും ശുഭപ്രതീക്ഷയും വളർത്തിയെടുക്കാൻ ഖേരിയിൽ ഭരണകൂടം നടത്തിയ കൂട്ടക്കൊലകൾക്കെതിരെ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങൾക്കും പ്രചാരണങ്ങൾക്കും തുടർച്ചയുണ്ടാകൽ അനിവാര്യമായിരിക്കുന്നു എന്ന സന്ദേശം കൂടുതൽ പ്രസക്തമാവുകയാണിപ്പോൾ.