Kerala
നിയമ പോരാട്ടത്തിനൊടുവില്‍ 3.37 ലക്ഷത്തിന്റെ ചെക്ക് നിഷ കൈപ്പറ്റി
ദിവസക്കൂലി 400 രൂപ നിശ്ചയിച്ച് 2013 ലാണ് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിഷ ഖാദി ബോര്‍ഡില്‍ ജോലിക്ക് കയറിയത്
കണ്ണൂര്‍ | വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ദിവസ വേതനമായുള്ള 3.37 ലക്ഷം രൂപയുടെ ചെക്ക് ഖാദി ബോര്‍ഡ് നിഷയ്ക്ക് കൈമാറി. ദിവസക്കൂലി 400 രൂപ നിശ്ചയിച്ച് 2013 ലാണ് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിഷ ഖാദി ബോര്‍ഡില്‍ ജോലിക്ക് കയറിയത്. എന്നാല്‍ 2017 ല്‍ നിഷയെ പിരിച്ചുവിടുകയായിരുന്നു.പിരിച്ചുവിട്ട നടപടിക്കെതിരെ നിഷ ലേബര്‍ കോടതിയെ സമീപിക്കുകയായിരുന്നു.
കോടതിയില്‍ നിന്ന് ജോലിയില്‍ പ്രവേശിക്കാനുള്ള അനുകൂല വിധി സ്വന്തമാക്കി. തിരിച്ചെടുത്തിട്ടില്ലെങ്കില്‍ ഉത്തരവ് വന്ന സമയം മുതലുള്ള ശമ്പളം നല്‍കണമെന്നും നല്‍കില്ലെങ്കില്‍ ഖാദി ബോര്‍ഡിലെ വസ്തുക്കള്‍ ജപ്തി ചെയ്ത് ശമ്പളം ഈടാക്കാനുമായിരുന്നു ഉത്തരവായത്.എന്നാല്‍ ഇതിനെതിരെ ഖാദി ബോര്‍ഡ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളി. അനുകൂല വിധിയും കൈയ്യില്‍ പിടിച്ച് കഴിഞ്ഞ മൂന്ന് കൊല്ലമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുന്ന നിഷക്ക് ഒടുവില്‍ ഖാദി ബോര്‍ഡ് ചെക്ക് കൈമാറുകയായിരുന്നു.