National
ചന്ദ്രന് ശേഷം സൂര്യനിലേക്ക്; ഐ എസ് ആർ ഒയുടെ സൗര പേടകം സെപ്തംബർ ആദ്യവാരം വിക്ഷേപിച്ചേക്കും
സൂര്യനെ കുറിച്ച് പഠിക്കുന്ന ആദ്യ ഇന്ത്യൻ ദൗത്യമായിരിക്കും ആദിത്യ എൽ-1
ബംഗളൂരു |ചന്ദ്രന്റെ വിശേഷങ്ങൾ തേടിയുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന – ഐ എസ് ആർ ഒയുടെ യാത്ര തുടരുകയാണ്. ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യമായ ചാന്ദ്രയാൻ മൂന്ന് ചന്ദ്രനിൽ ഇറങ്ങാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ചാന്ദ്ര ദൗത്യത്തിന് ശേഷം മറ്റൊരു വലിയ ദൗത്യത്തിനുള്ള തയ്യാറെടുപ്പിലാണ് ഐ എസ് ആർ ഒ. ഇന്ത്യയുടെ ആദ്യ സൗര പേടകമായ ആദിത്യ എൽ വൺ സെപ്തംബർ ആദ്യവാരം വിക്ഷേപിച്ചേക്കും. വിക്ഷേപണ തീയതി ഔദ്യോഗികമായി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഇത് സെപ്റ്റംബർ ആദ്യവാരം വിക്ഷേപിക്കാനാകുമെന്ന് ഐഎസ്ആർഒ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പിഎസ്എൽവി സി 57 ബഹിരാകാശ വാഹനമായിരിക്കും പേടകത്തെ ഭ്രമണപഥത്തിൽ എത്തിക്കുക.
സൂര്യനെ കുറിച്ച് പഠിക്കുന്ന ആദ്യ ഇന്ത്യൻ ദൗത്യമായിരിക്കും ആദിത്യ എൽ-1. ഈ ബഹിരാകാശ പേടകം വിക്ഷേപിച്ച് നാല് മാസത്തിന് ശേഷം സൂര്യ-ഭൗമ സംവിധാനത്തിലെ ലഗ്രാഞ്ച് പോയിന്റ് -1 (എൽ -1) ൽ എത്തിച്ചേരും. ഗ്രഹണം ഈ പോയിന്റിനെ ബാധിക്കില്ലെന്നതിനാല ഇവിടെ നിന്ന് സൂര്യനെക്കുറിച്ചുള്ള പഠനം എളുപ്പമാണെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. ഒരു വസ്തുവിന്റെ ഭ്രമണപഥത്തിൽ മറ്റൊരു വസ്തുവിന് ചുറ്റും ഒരു ഉപഗ്രഹമോ മറ്റ് ആകാശഗോളമോ സ്ഥാപിക്കാൻ കഴിയുന്ന പോയിന്റുകളെയാണ് ലഗ്രാഞ്ച് പോയിന്റുകൾ എന്ന് പറയുന്നത്. ഭൂമിയിൽ നിന്ന് ലഗ്രാഞ്ച് പോയിന്റിലേക്കുള്ള ദൂരം 15 ലക്ഷം കിലോമീറ്ററാണ്.
വൈദ്യുതകാന്തികങ്ങളുടെയും കണിക, കാന്തിക മണ്ഡലം ഡിറ്റക്ടറുകളുടെയും സഹായത്തോടെ സൂര്യന്റെ ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ, പുറം പാളികൾ എന്നിവ പഠിക്കുന്ന ഏഴ് പേലോഡുകൾ പേടകത്തിലുണ്ടാകും. നാല് പേലോഡുകൾ എൽ-1 പോയിന്റിൽ നിന്ന് നേരിട്ട് സൂര്യനെ നിരീക്ഷിക്കുകയും മൂന്ന് പേലോഡുകൾ അവിടെയുള്ള കണങ്ങളെയും ഫീൽഡുകളെയും കുറിച്ച് പഠിക്കുകയും ചെയ്യും. സൗര പ്രവർത്തനങ്ങളും ബഹിരാകാശ കാലാവസ്ഥയിൽ അവയുടെ സ്വാധീനവും തത്സമയം മനസ്സിലാക്കാൻ വിക്ഷേപണം വഴി കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബംഗളൂരുവിലെ യു ആർ റാവു സാറ്റലൈറ്റ് സെന്ററിലാണ് ആദിത്യ എൽ വൺ നിർമ്മിച്ചിരിക്കുന്നത്. ഇവിടെ നിന്ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ എത്തിച്ചിട്ടുണ്ട്.