Connect with us

Uae

വീണ്ടും ബ്രിട്ടീഷ് എയര്‍വേയ്‌സ്; അബൂദബിയിലേക്ക് പ്രതിദിന സര്‍വീസ് ആരംഭിക്കും

ടെര്‍മിനല്‍ എ യില്‍ നിന്നും 2024 ഏപ്രില്‍ 20-നാണ് സര്‍വീസ് തുടങ്ങുക.

Published

|

Last Updated

അബൂദബി  | നാല് വര്‍ഷത്തെ ഇടവേളക്കു ശേഷം ബ്രിട്ടീഷ് എയര്‍വേയ്സ് അടുത്ത വര്‍ഷം അബൂദബിയിലേക്ക് പ്രതിദിന സര്‍വീസുകള്‍ ആരംഭിക്കും. ടെര്‍മിനല്‍ എ യില്‍ നിന്നും 2024 ഏപ്രില്‍ 20-നാണ് സര്‍വീസ് തുടങ്ങുക. ബോയിങ് 787-9 വിമാനം ലണ്ടന്‍ ഹീത്രൂവില്‍ നിന്നും യു എ ഇയുടെ തലസ്ഥാനത്തേക്ക് സര്‍വീസ് നടത്തും. ബുക്കിംഗ് ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

നിലവില്‍ ഹീത്രൂവില്‍ നിന്ന് ദിവസത്തില്‍ മൂന്ന് തവണ ദുബൈയിലേക്ക് വിമാന സര്‍വീസുണ്ട്. അബൂദബിയിലേക്കുള്ള സര്‍വീസ് ലണ്ടനിലേക്കുള്ള കണക്ടിവിറ്റി വര്‍ധിപ്പിക്കും. വേനല്‍ക്കാലത്ത് വിമാന നമ്പര്‍ ബി എ 73 ലണ്ടന്‍ ഹീത്രൂവില്‍ നിന്ന് പ്രാദേശിക സമയം രാത്രി 10.25 ന് പുറപ്പെട്ട് അടുത്ത ദിവസം പ്രാദേശിക സമയം 8.30 ന് അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരും. ബി എ 72 പ്രാദേശിക സമയം രാവിലെ 10.10 ന് അബൂദബിയില്‍ നിന്ന് പുറപ്പെട്ട് 3.20 ന് ഹീത്രുവില്‍ എത്തിച്ചേരും.

ശൈത്യകാലത്ത്, വിമാനം ഹീത്രുവില്‍ നിന്ന് പ്രാദേശിക സമയം രാത്രി 10.25-ന് പുറപ്പെട്ട് അടുത്ത ദിവസം പ്രാദേശിക സമയം രാവിലെ 9.30-ന് അബൂദബിയില്‍ എത്തും. ഫ്‌ളൈറ്റ് ബി എ 72 അബൂദബിയില്‍ നിന്ന് പ്രാദേശിക സമയം രാവിലെ 11.10 ന് പുറപ്പെട്ട് പ്രാദേശിക സമയം 3.20 ന് ഹീത്രുവില്‍ എത്തിച്ചേരും.

പുതിയ സര്‍വീസിന് മുന്നോടിയായി ബ്രിട്ടീഷ് എയര്‍വേയ്സ് നിരവധി പ്രമോഷണല്‍ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നു. ഞങ്ങളുടെ നെറ്റ്വര്‍ക്കിലേക്ക് കൂട്ടി ചേര്‍ക്കുന്ന ഒരു അതുല്യമായ ലക്ഷ്യസ്ഥാനമാണ് അബൂദബി എന്ന് ബ്രിട്ടീഷ് എയര്‍വേയ്സിന്റെ നെറ്റ്വര്‍ക്ക് ആന്‍ഡ് അലയന്‍സസ് ഡയറക്ടര്‍ നീല്‍ ചെര്‍നോഫ് പറഞ്ഞു. കടല്‍ത്തീരം, നഗരം, മരുഭൂമി എന്നിവയുടെ സമന്വയത്തോടെ, ഒരു മിഡില്‍ ഈസ്റ്റേണ്‍ യാത്രയില്‍ ഞങ്ങളുടെ ഉപഭോക്താക്കള്‍ തിരയുന്നതെല്ലാം അബൂദബി യാത്രയിലുണ്ട്. യു എ ഇയില്‍ ഞങ്ങളുടെ കാല്‍പ്പാടുകള്‍ വളരുമ്പോള്‍ അവരെ തിരികെ സ്വാഗതം ചെയ്യാനും ആഗ്രഹിക്കുന്നതായി നീല്‍ ചെര്‍നോഫ് പറഞ്ഞു.

 

Latest