Featured
വീണ്ടും അഭിമാനത്തിന്റെ ആകാശത്തിൽ
നിർദിഷ്ട ദൗത്യങ്ങൾക്കപ്പുറം ലോക ബഹിരാകാശ രംഗത്തെ പുത്തൻ പ്രവണതകൾ രാജ്യത്ത് കൊണ്ടുവരണമെന്ന നിലപാടാണ് പുതിയ സ്ഥാനലബ്ധിക്ക് ശേഷം സോമനാഥ് മുന്നോട്ടുവെക്കുന്നത്. വിവിധ ആവശ്യങ്ങൾക്ക..
ലോകത്തിന് മുന്നിൽ ഇന്ത്യയുടെ അഭിമാനമായ ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ (ഐ എസ് ആർ ഒ) തലപ്പത്ത് വീണ്ടും മലയാളി എത്തിയതിന്റെ ആഹ്ലാദത്തിലാണ് കേരളം. ബഹിരാകാശ ഗവേഷണ മേഖലയിൽ ഇതുവരെ കാണാത്ത വിപ്ലവങ്ങൾ അരങ്ങേറുന്ന വേളയിലാണ് മലയാളിയായ എസ് സോമനാഥ് ഐ എസ് ആർ ഒയുടെ മേധാവിയായി എത്തുന്നത്. ഐ എസ് ആർ ഒയുടെ തലവൻമാരായിരുന്ന എം ജി കെ മേനോൻ, ഡോ. കെ കസ്തൂരി രംഗൻ, ഡോ. ജി മാധവൻ നായർ, ഡോ. കെ രാധാകൃഷ്ണൻ എന്നീ മലയാളി പട്ടികയിലേക്കാണ് എസ് സോമനാഥും എത്തുന്നത്. രാജ്യം മുന്നോട്ടുവെച്ചിട്ടുള്ള വലിയ ബഹിരാകാശ സ്വപ്നങ്ങളാണ് സോമനാഥിന് മുന്നിലുള്ളത്. അടുത്ത വർഷം പ്രാവർത്തികമാക്കാൻ ഉദ്ദേശിക്കുന്ന മനുഷ്യനെ ബഹിരാകാശത്തിലെത്തിക്കാനുള്ള ഇന്ത്യയുടെ പദ്ധതിയായ ഗഗൻയാൻ, രണ്ട് വർഷത്തിനുള്ളിൽ നടപ്പാക്കാൻ ലക്ഷ്യമിട്ടിട്ടുള്ള ചന്ദ്രയാന്റെ മൂന്നാം ഘട്ടം എന്നിവയെല്ലാം സോമനാഥിന് മുന്നിലുള്ള വലിയ ദൗത്യങ്ങളാണ്.
നിർദിഷ്ട ദൗത്യങ്ങൾക്കപ്പുറം ലോക ബഹിരാകാശ രംഗത്തെ പുത്തൻ പ്രവണതകൾ രാജ്യത്ത് കൊണ്ടുവരണമെന്ന നിലപാടാണ് പുതിയ സ്ഥാനലബ്ധിക്ക് ശേഷം സോമനാഥ് മുന്നോട്ടുവെക്കുന്നത്. വിവിധ ആവശ്യങ്ങൾക്കായി ബഹിരാകാശ ഉപയോഗത്തിന്റെ വ്യാപ്തി വർധിപ്പിക്കണമെന്ന ആഗ്രഹവും ഉപഗ്രഹ നിർമാണം ബിസിനസാക്കി വികസിപ്പിക്കണമെന്ന ആശയവുമാണ് പ്രധാനമായി അദ്ദേഹത്തിനുള്ളത്. നമ്മുടെ ശാസ്ത്രദൗത്യങ്ങൾക്ക് പ്രത്യേകിച്ച് ഉപയോക്താക്കളുണ്ടാകുന്ന തരത്തിൽ വിക്ഷേപണം മാറണമെന്ന ചിന്തയും സ്വകാര്യ മേഖലയെ കൂടി സഹകരിപ്പിച്ച് ഉപഗ്രഹങ്ങൾ വഴി ഇന്റർനെറ്റ് ലഭ്യമാക്കുകയെന്ന സ്വപ്നവും അദ്ദേഹത്തിനുണ്ട്.
കൊല്ലം ടി കെ എം കോളജിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ബി ടെക് ബിരുദം നേടിയ അദ്ദേഹം ബെംഗളുരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയതിന് ശേഷമാണ് 1885ൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ ഭാഗമാകുന്നത്. ചാന്ദ്രയാൻ രണ്ടിന്റെ റോക്കറ്റ് നിർമാണം, വിക്ഷേപണം എന്നിവയുടെ വിവിധ ഘട്ടങ്ങൾക്ക് നേതൃത്വം നൽകി. വലിയമല എൽ പി എസ് സി, വി എസ് എസ് സി എന്നിവയുടെ സാരഥ്യത്തിൽ നിന്നുമാണ് അദ്ദേഹം ഇപ്പോൾ ഐ എസ് ആർ ഒയുടെ തലപ്പത്തെത്തുന്നത്.
വളമംഗലം വേടാംപറമ്പിൽ പരേതരായ ശ്രീധരപ്പണിക്കർ- തങ്കമ്മ ദമ്പതികളുടെ ഏക മകനാണ്. കുടുംബവീട് തുറവൂരാണെങ്കിലും അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം അരൂർ സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിലായിരുന്നു. അരൂർ സ്വദേശിനിയായ മാതാവ് തങ്കമ്മയുടെ വീട്ടിലായിരുന്നു ബാല്യകാലം.
തുറവൂരിന് ഏഴ് കിലോമീറ്റർ കിഴക്കുമാറി പൂച്ചാക്കലിലാണ് ജി എസ് ടി വകുപ്പിൽ ജോലി ചെയ്യുന്ന ഭാര്യ വത്സലാ ദേവിയുടെ വീട്. മക്കൾ രണ്ടു പേരും എൻജിനീയറിംഗ് ബിരുദധാരികളാണ്.