Ongoing News
വീണ്ടും ലങ്കന്‍ പതനം; ഇത്തവണ തോല്‍പ്പിച്ചത് ബംഗ്ലാദേശ്
ശ്രീലങ്ക മുന്നോട്ടു വച്ച 280 റണ്‍സ് വിജയലക്ഷ്യത്തില്‍ ബംഗ്ലാദേശ് എത്തുമ്പോള്‍ മൂന്ന് വിക്കറ്റും 53 പന്തുകളും അവശേഷിച്ചിരുന്നു.
ന്യൂഡല്‍ഹി | ലോകകപ്പില്‍ വീണ്ടും തോല്‍വി ഏറ്റുവാങ്ങി ശ്രീലങ്ക. ബംഗ്ലാദേശിന് മുമ്പിലാണ് ഇത്തവണ അടിയറവ് പറഞ്ഞത്. ഇതോടെ കളിച്ച എട്ട് മത്സരങ്ങളില്‍ ആറിലും ലങ്ക പരാജയത്തിന്റെ കയ്പ്പറിഞ്ഞു.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 279 റണ്‍സ് എന്ന തെറ്റില്ലാത്ത സ്‌കോര്‍ പടുത്തുയര്‍ത്തിയെങ്കിലും 41.1 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാ കടുവകള്‍ അത് മറികടന്നു. 53 പന്തുകള്‍ ശേഷിക്കേയാണ് ബംഗ്ലാദേശിന്റെ വിജയം.
നസ്മുല്‍ ഹുസൈന്‍ ഷാന്റോ, നായകന്‍ ഷക്കീബ് അല്‍ ഹസന്‍ എന്നിവരുടെ ഉജ്ജ്വല ബാറ്റിംഗാണ് ബംഗ്ലാദേശിന് വിജയം സമ്മാനിച്ചത്. ഇരുവര്‍ക്കും കുറച്ച് റണ്‍സ് മാത്രം അകലെ സെഞ്ച്വറി നഷ്ടമായെങ്കിലും ടീമിനെ ജയത്തിന് അരികെയെത്തിച്ചാണ് മടങ്ങിയത്. ഷാന്റോ 101 പന്തില്‍ നിന്ന് 90 റണ്‍സ് നേടിയപ്പോള്‍ ഷക്കീബ് 65 പന്തില്‍ നിന്ന് 82ല്‍ എത്തി. ലിറ്റന്‍ദാസ് (23), മഹ്മദുല്ലാഹ് (22) എന്നിവരും മികച്ച ബാറ്റിംഗ് കാഴ്ചവച്ചു.
ശ്രീലങ്കക്കായി ദില്‍ഷന്‍ മധുശങ്ക മൂന്ന് വിക്കറ്റ് വീഴ്ത്തി. മഹേഷ് തീക്ഷണ, എയ്ഞ്ജലോ മാത്യൂസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.
സെഞ്ച്വറി നേടിയ ചരിത് അസലങ്കയുടെ ബാറ്റിംഗ് പ്രകടനമാണ് ശ്രീലങ്കക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 105 പന്തില്‍ 108 റണ്‍സെടുത്താണ് അസലങ്ക മടങ്ങിയത്. പാത്തും നിസംഗ (41), സദീര സമരവിക്രമ (41), ധനഞ്ജയ ഡി സില്‍വ (34), മഹേഷ് തീക്ഷണ (21) എന്നിവരും നന്നായി ബാറ്റ് ചെയ്തു.
ശ്രീലങ്കയുടെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത് തന്‍സിം ഹസന്‍ സാക്കിബ് ആണ്. ഷോറിഫുല്‍ ഇസ്ലാം, ക്യാപ്റ്റന്‍ ഷക്കീബ് അല്‍ ഹസന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. മെഹ്ദി ഹസന്‍ ഒരു വിക്കറ്റ് നേടി.