Connect with us

Kerala

അഗത്തി അബൂബക്കർ സഖാഫി അൽ കാമിലി വഫാത്തായി

പ്രമുഖ ഗോള ശാസ്ത്ര പണ്ഡിതനും മഅ്ദിൻ അക്കാദമിയിലെ പ്രധാന മുദരിസുമായിരുന്നു

Published

|

Last Updated

മലപ്പുറം | പ്രമുഖ പണ്ഡിതനും മഅദിന്‍ അക്കാദമി പ്രധാന മുദരിസുമായ അബൂബക്കര്‍ കാമില്‍ സഖാഫി അഗത്തി (53) വഫാത്തായി. ഗോള ശാസ്ത്ര വിഷയങ്ങളിലടക്കം അതീവ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം 25 വര്‍ഷമായി ഖലീല്‍ ബുഖാരി തങ്ങളുടെ സന്തത സഹചാരിയായി മഅദിന്‍ അക്കാദമിയില്‍ സേവനമനുഷ്ടിച്ച് വരികയായിരുന്നു. 2000 ത്തില്‍ മര്‍കസിലെ പഠന ശേഷം മഅദിന്‍ അക്കാദമിയിലെത്തിയ അഗത്തി ഉസ്താദ് മഅദിന്‍ അക്കാദമിയുടെ മുന്നേറ്റത്തില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

നിസ്‌കാര സമയം നിര്‍ണയിക്കുന്നതില്‍ ആഴത്തില്‍ പഠനം നടത്തിയ അദ്ദേഹത്തിന്റെ കണക്കുകളാണ് കേരളത്തിലെ പ്രമുഖ കലണ്ടറുകളില്‍ ഉപയോഗിച്ച് വരുന്നത്. ശര്‍ഹു ലഖ്തുല്‍ ജവാഹിര്‍, ദശമഹാവൃത്തങ്ങള്‍ , നമസ്‌കാര സമയഗണനം സൈന്റിഫിക് കാല്‍ക്കുലേഷനിലൂടെ, മാര്‍ഗ ദര്‍ശി, ശര്‍ഹു അഖീദത്തില്‍ അവാം, മുസ്ത്വലഹാത്തുല്‍ ഫിഖ്ഹിശ്ശാഫിഈ തുടങ്ങി അറബിയിലും മലയാളത്തിലുമായി നൂറിലധികം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. സുല്‍ത്വാനുല്‍ ഉലമാ കാന്തപുരം ഉസ്താദിന്റെ ഇഷ്ട ശിഷ്യനും കഠിനാധ്വാനിയുമായിരുന്നു.

തിരൂര്‍ കോരങ്ങത്ത്, അനന്താവൂര്‍, പറമ്പില്‍കടവ്, കൊയിലാണ്ടി ചീനച്ചേരി, അത്തോളി പറമ്പത്ത് തനിയാറത്ത് എന്നിവിടങ്ങളിലും പഠനം നടത്തിയിട്ടുണ്ട്. എം.കെ മുഹമ്മദ് ബാഖവി മുണ്ടമ്പറമ്പ്, മുഹമ്മദ് ദാരിമി പുറക്കാട്ടിരി എന്നിവരാണ് മറ്റു പ്രധാന ഉസ്താദുമാര്‍.

ഭാര്യ: നസീമ അഗത്തി. മക്കള്‍: ഹഫ്‌സ, ഉമര്‍, ഖദീജ, ഉസ്മാന്‍, അലി, അബൂബക്കര്‍, ഹസന്‍, ഹുസൈന്‍

മരുമക്കള്‍: അസ്്‌ലം അഹ്‌സനി ്അഗത്തി, ആദില്‍ സഖാഫി അഗത്തി. പിതാവ്: പരേതനായ കുഞ്ഞിക്കോയ, മാതാവ് മറിയം.