cover story
അഗത്തി നല്ല കോളുള്ള മൊയ്‌ല്യാരാ...
തന്റെ ചുറ്റുമുള്ള ചേതന അചേതന വസ്തുക്കളുടെ സൃഷ്ടിപ്പിന്റെ പിന്നിലെ അത്ഭുതത്തെ തേടി പഠിക്കുകയും ആ പഠന ത്വര തന്റെ പ്രിയപ്പെട്ടവരിലേക്ക് പകരുകയും ചെയ്യുക എന്നത് അഗത്തി ഉസ്താദിന്റെ പ്രകൃതമായിരുന്നു.
മര്‍കസില്‍ നിന്നും പഠനം പൂര്‍ത്തീകരിച്ചതിന് ശേഷം, 2001 ജനുവരി ഒന്ന് മുതല്‍ കഴിഞ്ഞ 23 വര്‍ഷവും പത്ത് മാസവുമായി അഗത്തി ഉസ്താദ് (അബൂബക്കര്‍ കാമില്‍ സഖാഫി) മഅ്ദിന്‍ സ്വലാത്ത് നഗറിലായിരുന്നു. അവിടെയായിരുന്നു ഉസ്താദിന്റെ പ്രവര്‍ത്തന മണ്ഡലം. തന്റെ പരിസരങ്ങളെ അതിന്റെ അന്തസ്സത്തയോടെ മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നവരായിരുന്നു ഉസ്താദ്. അതുകൊണ്ട് തന്നെ ഉസ്താദുമായി ബന്ധം പുലര്‍ത്തിയവരെല്ലാം ഉസ്താദിന്റെ ആളുകളാകുമായിരുന്നു.
സ്വലാത്ത് നഗര്‍ സ്വദേശികളായ മൂസക്കുട്ടി ഹാജിയും പരേതനായ യൂസുഫ് ഹാജിയും അഗത്തി ഉസ്താദും സംസാരിച്ചു കൊണ്ടിരിക്കുകയാണ്. ഔഷധ സസ്യങ്ങളെ കുറിച്ച് വാചാലനാവുന്ന യൂസുഫ് ഹാജിയോട് ഉസ്താദ് ചോദിച്ചു: അല്ല, ഹാജ്യാരേ ഇത് നിങ്ങളിങ്ങനെ പറഞ്ഞാല്‍ മതിയോ…അടുത്ത തലമുറക്കും ഇതൊക്കെ അറിയണ്ടേ. ഇത് എവിടേലുമൊന്ന് കുറിച്ച് വെക്കണം. അങ്ങനെയാവട്ടെയെന്ന് യൂസുഫ് ഹാജിയും. തൊട്ടടുത്ത ദിവസം ഉസ്താദും കുട്ടികളും യുസുഫ് ഹാജിയും മൂസക്കുട്ടി ഹാജിയും സ്വലാത്ത് നഗറിലെയും പരിസരങ്ങളിലേയും കുന്നുകളിലും മലകളിലും കാടുകളിലും കയറുകയും ഔഷധ സസ്യങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുകയും വിവരണങ്ങള്‍ ശേഖരിക്കുകയും ചെയ്തു. അങ്ങനെയാണ് “സ്വലാത്ത് നഗറിലെ കൃഷികള്‍’ എന്ന പേരില്‍ ആ മാസത്തെ അൽ മിസ്ബാഹ് മാസിക പുറത്തിറങ്ങുന്നത്. ഇതായിരുന്നു ഉസ്താദിന്റെ ശൈലി. അഥവാ, തന്റെ ജീവിതത്തിലെ പതിവ് സംഭാഷണങ്ങള്‍ പോലും വെറുതെയാവരുത് എന്ന നിര്‍ബന്ധം ഉസ്താദിനുള്ളത് പോലെ. അത്തരമൊരു സംഭാഷണമാണല്ലോ ഇങ്ങനെയൊരു പുസ്തകത്തിലേക്ക് എത്തിച്ചത്.
താമസ സ്ഥലത്ത് മൂട്ട ശല്യം ഉണ്ടായപ്പോഴാണ് മൂട്ടയെ കുറിച്ച് പഠിക്കാനും സമര്‍പ്പിക്കാനും കുട്ടികളോട് പറഞ്ഞതെന്ന് ഒരു സുഹൃത്ത് പങ്കുവെച്ചു. മറ്റൊരു സമയത്ത് രാത്രി സബ്ഖില്‍ (ക്ലാസ്സ്) പാറ്റകള്‍ കാരണം ലൈറ്റണച്ചപ്പോള്‍, പാറ്റകളുടെ ജൈവിക ചരിത്രം അന്വേഷിക്കുന്ന ഉസ്താദിനെയും ശിഷ്യന്മാര്‍ അനുസ്മരിക്കുന്നുണ്ട്. തന്റെ ചുറ്റുമുള്ള ചേതന അചേതന വസ്തുക്കളുടെ സൃഷ്ടിപ്പിന്റെ പിന്നിലെ അത്ഭുതത്തെ തേടി പഠിക്കുകയും ആ പഠന ത്വര തന്റെ പ്രിയപ്പെട്ടവരിലേക്ക് പകരുകയും ചെയ്യുക എന്നത് അഗത്തി ഉസ്താദിന്റെ പ്രകൃതമായിരുന്നു.
കല്ലുകള്‍ക്കും കഥ പറയാനുണ്ട് എന്ന ഗ്രന്ഥം വ്യത്യസ്ത കല്ലുകളെ കുറിച്ചുള്ള പഠനമാണ്.
അഗത്തി ഉസ്താദും കുട്ടികളുമാണ് തയ്യാറാക്കിയത്. വിശുദ്ധ ഖുര്‍ആനിലെ കല്ലുകളെ കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ നിന്നാണ് ആ പഠനത്തെ കുറിച്ച് ഉസ്താദ് ആലോചിക്കുന്നത്. ഉസ്താദിന് വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ വ്യത്യസ്ത തരത്തിലുള്ള ഖുര്‍ആന്‍ പാരായണങ്ങളുണ്ടായിരുന്നു. അർഥവും വിവക്ഷയും ചിന്തിച്ചും അപഗ്രഥിച്ചും സ്വയം ഓതുന്നതോടൊപ്പം തന്നെ തന്റെ ശിഷ്യന്മാരെയും ഉസ്താദ് അത് ശീലിപ്പിക്കുമായിരുന്നു. സുബ്ഹ് നിസ്‌കാരാനന്തരം വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്ത് പള്ളിയില്‍ നിന്നും പുറത്തിറങ്ങുന്ന കുട്ടികളോട് വാതില്‍ക്കല്‍ നില്‍ക്കുന്ന ഉസ്താദ് ഇന്ന് ഓതിയ ഭാഗത്ത് നിന്നും നിങ്ങളെന്ത് മനസ്സിലാക്കി എന്ന് വിശദീകരിക്കാന്‍ പറയുമായിരുന്നു. അത്തരത്തിലൊരോര്‍മ പങ്കുവെച്ചു കൊണ്ട് ഒരു സുഹൃത്ത് പറഞ്ഞു : സൂറത്ത് യൂസുഫായിരുന്നു അന്ന് ഞാനോതിയത്.
ഖുര്‍ആനിന്റെ അർഥവും വ്യാഖ്യാനവുമൊന്നും പഠിച്ചു തുടങ്ങിയിട്ടില്ല. പഠനത്തിന്റെ തുടക്ക കാലമല്ലേ, അന്ന് ഉസ്താദ് എല്ലാവരോടും ചോദിക്കുന്ന കൂട്ടത്തില്‍ എന്നോടും ചോദിച്ചു. ഭാവിയില്‍ കാറ് കണ്ടു പിടിക്കാന്‍ സാധിക്കുമെന്ന് ഈ ആയത്തിലൂടെ മനസ്സിലാക്കാമെന്ന് ഞാന്‍ പറഞ്ഞു. “സയ്യാറത്ത്’ എന്ന വാക്ക് ആ സൂക്തത്തിലുണ്ടായിരുന്നു. ആ പദത്തിന് അന്നെന്റെ മനസ്സില്‍ ആ ഒരർഥം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ സൂക്തത്തില്‍ ആ പദം ഉപയോഗിച്ചത് കാറുമായി ബന്ധപ്പെട്ടല്ലായെന്നും യാത്രക്കാര്‍ എന്ന ഉദ്ദേശ്യത്തിലാണെന്നും പിന്നീട് എനിക്ക് മനസ്സിലായെങ്കിലും അന്ന് എന്റെ ആ ഉത്തരം കേട്ട് അഗത്തി ഉസ്താദ് അതിയായി സന്തോഷിച്ചു. എഴുപത് രൂപയും ഒരത്തറിന്റെ കുപ്പിയും എനിക്ക് സമ്മാനമായി തന്നു. തന്റെ ശിഷ്യന്മാരില്‍ ചിന്താശേഷി വർധിപ്പിക്കുക. അതിനവരെ പ്രാപ്തരാക്കുക അതായിരുന്നു ലക്ഷ്യം.
ചില സമയത്ത് ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ അതുമായി ബന്ധപ്പെട്ട കിതാബുകളും മലയാള പുസ്തകങ്ങളുമെല്ലാം പരതുമായിരുന്നു.
ഇത്തരത്തില്‍ ആശയങ്ങളും ഉള്‍സാരങ്ങളും ചിന്തിച്ച് ഒരു റമസാനില്‍ ഒരു ഖത്മ് പോലും പൂര്‍ത്തീകരിക്കാതിരിക്കാന്‍ സാധിക്കാത്ത സന്ദര്‍ഭം പോലും ഉസ്താദിനുണ്ടായിരുന്നുവത്രെ. എന്നാല്‍ മറ്റു ചിലപ്പോള്‍ നിരന്തര പാരായണത്തില്‍ മാത്രം ചെലവഴിച്ച് നിരവധി ഖത്മുകളും തീര്‍ക്കും.
ഗണിതമായിരുന്നു ഉസ്താദിന് ഏറ്റവും സരളമായ ഒരു വിഷയം. മർകസിലെ പഠന കാലത്താണ് സൈന്റിഫിക്ക് കാൽക്കുലേറ്ററിൽ നിസ്കാര സമയം ഗണിച്ചു കണ്ടെത്താനുള്ള സൂത്രവാക്യം (ഇക്വേഷൻ) ഉസ്താദ് കണ്ടെത്തിയത്. ആ സന്തോഷം ആദ്യം പങ്കുവെച്ചത് ചെറുശോല ഉസ്താദിനോ (കുഞ്ഞഹമ്മദ് മുസ്്ലിയാർ) ടാണ്. ചെറുശോല ഉസ്താദ് അഗത്തി ഉസ്താദിന്റെ തോളിലൂടെ കൈയിട്ട് നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്്ലിയാരുടെ അടുത്ത് ചെന്ന് പറഞ്ഞു: ഇനി നിസ്കാര സമയം കാണാൻ ങ്ളെ ആ കണക്കും സംഗതിം ഒന്നും വേണ്ട ദ ഈ സാധനത്തില് ഇതൊക്കെ കിട്ടുംന്ന് അഗത്തി കണ്ടെത്തീക്ക്ണ്. ചെറുശോല ഉസ്താദിന്റെ ഈ പ്രതികരണം അഗത്തി ഉസ്താദ് അനുസ്മരിക്കാറുണ്ട്. “അഗത്തി നല്ല കോളുള്ള മൊയ്്ല്യാരാണെന്ന്’ നെല്ലിക്കുത്ത് ഉസ്താദ് പറയാറുണ്ടായിരുന്നെന്ന് ഉസ്താദിന്റെ പഴയ കാല ശിഷ്യന്മാർ പങ്കുവെച്ചു.
അഗത്തി ഉസ്താദ് വഫാത്തായിരിക്കുന്നു. എളിയ ജീവിതം നയിച്ച ഉസ്താദ് വലിയ ജ്ഞാനമല തന്നെയായിരുന്നുവെന്ന് ബഹുഭൂരിപക്ഷവും മനസ്സിലാക്കിയത് അവിടുന്ന് ഇഹലോകവാസം വെടിഞ്ഞപ്പോഴാണ്. എന്തുകൊണ്ട് ഇങ്ങനെ ഒരു മനുഷ്യനെ ഞങ്ങളറിഞ്ഞില്ല എന്ന പരിഭവമുള്ളവരൊരുഭാഗത്ത്, വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞില്ലല്ലോയെന്ന നിരാശയില്‍ മറ്റൊരു കൂട്ടര്‍. വഫാത്തിന് ശേഷമോ, ജീവിതകാലത്തോ അഗത്തി ഉസ്താദിനെ അറിഞ്ഞ ജ്ഞാന കുതുകികള്‍ക്ക് ഈ രണ്ടാലൊരു വിഭാഗത്തില്‍ പെടാതിരിക്കാനാവുകയില്ല.
അന്വേഷണാത്മക പഠനം ഉസ്താദിന്റെ എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകതയാണ്.
തന്റെ അന്വേഷണത്തില്‍ അറിഞ്ഞ ഒന്നില്‍ നിന്ന് ലഭിക്കുന്ന സൂചനയില്‍ നിന്നും ഉസ്താദ് അതിന്റെ തുടര്‍ച്ചയെ അന്വേഷിച്ച് വീണ്ടും ദീര്‍ഘ ദൂരം പോകും. അതില്‍ ശാരീരിക മാനസിക സാമ്പത്തിക പ്രയാസങ്ങളെല്ലാം പരിഹരിക്കാനുള്ള മാര്‍ഗം ഉസ്താദ് തന്നെ ഉണ്ടാക്കും. “മൂടുകല്ല് വെച്ചതിന് ശേഷം ഉപകാരപ്പെടുന്ന ഏതൊരു ജ്ഞാനം നിങ്ങളെനിക്ക് പറഞ്ഞു തന്നാലും എത്ര പ്രയാസകരമാണെങ്കിലും അത് ഞാന്‍ പഠിച്ചെടുക്കുമെന്ന്’ പല ശിഷ്യന്മാരും പങ്കുവെച്ചതായി കണ്ടു. ആ വിശാലമായ അന്വഷണ ലോകത്തെ കുറിച്ച് കണ്ണൂര്‍ ജില്ലകാരനായ അലി സയ്യിദ് എന്ന മറ്റൊരന്വേഷണ കുതുകി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ നിന്നും ചെറിയൊരു ഉദാഹരണം ഉദ്ധരിക്കാം: “ഏറ്റവും ഒടുവില്‍ മഗ്്രിബ് കഴിഞ്ഞ് എന്റെ വീട്ടിലെത്തി ലൈബ്രറിയില്‍ നിന്ന് പെരുമാള്‍ രേഖകള്‍ മുതല്‍ സ്വാലിഹ് ബുഖാരി കൃതികള്‍ വരെ പകര്‍ത്തെടുത്തു.
കക്കുളങ്ങര മാല മൗലിദുകള്‍, പുറത്തീല്‍ ശൈഖ് മൗലിദ്, ശൈഖ് ബുഖാരിയുടെ നസബ കൈയെഴുത്ത് കിതാബ് കോപ്പിയെടുത്തപ്പോള്‍ അഗത്തി പറഞ്ഞു: ആറ് വര്‍ഷം മുമ്പ് മലപ്പുറത്ത് നിന്ന് ലഭിച്ച ഒരൊറ്റ പേജിന്റെ തുടര്‍ച്ചയാണിത്. വന്നത് മുതലായി.’ നോക്കൂ, ഒരു ജ്ഞാനി തന്റെ വൈജ്ഞാനിക പ്രതലം വികസിപ്പിച്ചു കൊണ്ടിരിക്കുന്ന വിധം. ഈ വൈജ്ഞാനികാന്വേഷണത്തില്‍ തുടങ്ങുന്ന അഗത്തി ഉസ്താദുമായുള്ള ബന്ധം അലി സയ്യിദ് വിവരിക്കുന്നത് വായിച്ചാല്‍ ഉസ്താദിന്റെ പഠനാന്വേഷണ രീതിയുടെ ഒരു ചെറിയ രൂപം ലഭിക്കും.
അറിവിൻ മധു പകർന്ന്…
അഗത്തി ഉസ്താദിന്റെ ആത്മീയ ജീവിതം വേറിട്ടതായിരുന്നു. പുറത്തേക്ക് തുളുമ്പുന്ന തന്റെ ആത്മീയത വിനയത്തിന്റെ മേലാപ്പ് വെച്ച് മറച്ച് പിടിക്കാന്‍ ഉസ്താദ് പരമാവധി ശ്രമിക്കുമായിരുന്നു. പ്രത്യക്ഷത്തില്‍ അത്രമേല്‍ സാധാരണയായി ജീവിതം നയിക്കുന്നുവെന്ന് തന്റെ പരിസരങ്ങളെ മുഴുവന്‍ വിശ്വസിപ്പിക്കാന്‍ ഉസ്താദിന് സാധിച്ചിരുന്നു. എന്നാല്‍ അസാധ്യം എന്ന് സാധാരണക്കാര്‍ വിശ്വസിക്കുന്ന തരത്തില്‍ തന്റെ ആത്മീയ ജീവിതം അഗത്തി ഉസ്താദ് ചിട്ടപ്പെടുത്തുകയും ചെയ്തിരുന്നു. തിരുനബി (സ)യുടെ ചര്യ ജീവിതത്തില്‍ അറിയാതെ പോലും മറക്കാതിരിക്കാന്‍ ഉസ്താദ് ശ്രദ്ധിച്ചിരുന്നു.
ഉദാഹരണത്തിന് വലതിനെ മുന്തിക്കുന്നതിന് ഉസ്താദ് കൊടുത്തിരുന്ന പ്രാധാന്യത്തെ ശിഷ്യന്മാര്‍ വിവരിക്കുന്നത് കേള്‍ക്കുമ്പോഴാണ് അതിന്റെ ഗൗരവം മനസ്സിലാവുക. ലൈറ്റോ, ഫാനോ ഇടത് കൈകൊണ്ട് ഓണ്‍ ചെയ്യുന്നതെങ്ങാനും ഉസ്താദ് കണ്ടാല്‍ ഉടനെ അവരെ തിരുത്തുമായിരുന്നു. വലത് കൈയില്‍ കിതാബ് നെഞ്ചോട് ചേര്‍ത്ത് പിടിച്ച് തന്റെ റൂമില്‍ നിന്നും മഅ്ദിനിലെ പഴയ പള്ളിയുടെ പടികളിറങ്ങുന്ന ഉസ്താദ് ഒരു സ്ഥിരം കാഴ്ചയായിരുന്നു.
തിരുനബി (സ) യോടുള്ള കൗതുകമുണര്‍ത്തുന്ന പ്രണയ പരിസരവും ഉസ്താദിന്റെ പ്രത്യേകതയായിരുന്നു. ഒരു സുഹൃത്ത് സംസാരത്തിനിടെ ചോദിച്ചു. എന്റെ എല്ലാ ഡിജിറ്റല്‍ കാര്യങ്ങളുടെയും പാസ് വേഡെന്താണെന്നറിയോ നിനക്ക്.? ഒന്ന് നിര്‍ത്തിയതിന് ശേഷം അവന്‍ പാസ്‌വേഡ് പറഞ്ഞു. 1225405363. ഈ നമ്പറിനെന്താണ് പ്രത്യേകത എന്ന് ആശ്ചര്യത്തോടെ ചിന്തിക്കുന്ന എന്നോട് അവന്‍ വിശദീകരിച്ചു. ഇതായിരുന്നു അഗത്തി ഉസ്താദിന്റെ പാസ് വേഡുകള്‍. ഇതിന് തിരുനബി(സ)യുമായി ബന്ധമുണ്ട്. 12 നബിപിറവി, 25 അവിടുത്തെ വിവാഹ പ്രായം, 40 അവിടുത്തെ പ്രവാചകത്വ പ്രായം, 53 അവിടുന്ന് ഹിജ്‌റ പോയ പ്രായം, 63 അവിടുന്ന് വഫാത്തായ പ്രായം. ഈ സംഖ്യപറഞ്ഞ ശേഷം ഉസ്താദ് ചോദിക്കുമായിരുന്നുവത്ര “ഇത്ര എളുപ്പത്തില്‍ നമുക്ക് ഓർത്തുവെക്കാന്‍ സാധിക്കുന്ന മറ്റ് അക്കങ്ങളുണ്ടോയെന്ന്. അറാക്ക്, അത്തറ്, തസ്ബീഹ് മാല പിന്നെ കീശയിൽ കുത്തിയ ഒരു പേന ആ ശരീരം ചലിച്ച ഇടങ്ങളിലെല്ലാം ഈ വസ്തുക്കളും കൂടെ ചെന്നിട്ടുണ്ട്. സാദാത്തീങ്ങളോടുള്ള ഉസ്താദിന്റെ ഇഷ്ടം ചുരുക്കി എഴുതാന്‍ ഇവിടെ ഇടം പോര. അത് വിവരിച്ച് എഴുതേണ്ടതാണ്.
മുഖത്ത് നിറഞ്ഞ പുഞ്ചിരിയുമായി വിനയത്തിന്റെ കമീസ് മേലാകെ പുതച്ച് തന്റെ ജ്ഞാന ഗരിമ ഗോപ്യമാക്കി ഭൂമുഖത്ത് തലതാഴ്ത്തി ഒരുറുമ്പ് പോലും തന്റെ ചെരിപ്പടിയില്‍ കിടന്ന് ജീവന് വേണ്ടി പിടയരുതെന്ന വാശിയുണ്ടായിരുന്ന ആ മഹാമനീഷി മണ്ണില്‍ മറഞ്ഞപ്പോഴാണ് ആ മേല്‍ക്കുപ്പാഴം അഴിഞ്ഞു വീണത് ലോകം കണ്ടത്. അതിന്റെ അനുരണങ്ങളാണ് അറിയാത്തതിലുള്ള ഖേദമായും അറിഞ്ഞിട്ടും വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ സാധിക്കാത്തതിലുള്ള പരിഭവമായുമെല്ലാം നാം ചുറ്റിലും വായിക്കുകയും കേള്‍ക്കുകയുമെല്ലാം ചെയ്യുന്നത്.
എന്നാല്‍ താന്‍ ശേഖരിച്ചതെല്ലാം തരിമ്പും നഷ്ടപ്പെടാതെ അടുത്ത തലമുറക്ക് കൈമാറാന്‍ ജീവിത കാലത്ത് വ്യഗ്രത കാണിച്ചിരുന്ന ആ ജ്ഞാന ഗുരു, തന്റെ അസാന്നിധ്യത്തിലും തന്റെ ജ്ഞാന ശേഖരണത്തില്‍ നിന്നും ആവശ്യക്കാര്‍ക്ക് മധു നുകരാന്‍ സാധിക്കണമെന്ന് ഉറപ്പ് വരുത്തിയിരുന്നു. അതിനു കൂടെ സാധ്യമാവുന്ന രീതിയിലാണ് തന്റെ ജീവിത കര്‍മത്തെ അഗത്തി ഉസ്താദ് ചിട്ടപ്പെടുത്തിയത്. വേണ്ട രീതിയില്‍ അത് ഉപയോഗിക്കാനും നമ്മുടെ വൈജ്ഞാനിക വലയം വിപുലപ്പെടുത്താനും തയ്യാറാവുക എന്നതാണ് ഉസ്താദിനും നമുക്കും വേണ്ടി നാം ചെയ്യേണ്ടത്.
“വിശ്രമം ഖബറിലാണ്’ ഉസ്താദുമായിടപ്പെട്ട ഒട്ടുമിക്ക പേരും അഗത്തി ഉസ്താദ് ഇങ്ങനെ പറയുന്നത് കേട്ടിരിക്കും. ആഗ്രഹിച്ചത് പോലെ ഉസ്താദ് ഇനി വിശ്രമിക്കട്ടെ.