cover story
വാർധക്യം തളർത്താത്ത ചിരിയിടങ്ങൾ
ഈ പകൽവീട് ആഹ്ലാദം വീണ്ടെടുക്കുന്ന ജീവിതമുഹൂർത്തങ്ങളുടെ കേന്ദ്രമാണ്. പ്രതീക്ഷയും പ്രത്യാശയുമാണ് ഇവിടെ നിറയുന്നത്. പ്രായമാകുന്നത് ഒരു ശാപമോ പരിമിതിയോ അല്ല. അത് പ്രകൃതിനിയമം മാത്രമാണ്. പ്രായത്തിന്റെ പ്രയാസങ്ങൾ പർവതീകരിച്ച് ആരെയും മാറ്റി നിർത്തേണ്ടതില്ല. പ്രായം ശരീരത്തെയും മനസ്സിനെയും കീഴടക്കുമ്പോഴും ചില കഴിവുകൾ, പ്രതിഭാവിലാസങ്ങൾ ബാക്കിയാകും. അതിനെ കണ്ടെടുത്ത് പ്രോത്സാഹിപ്പിക്കുകയാണ് പകൽവീട്ടിലെ അന്തേവാസികൾ. അങ്ങനെ ജീവിതസായാഹ്നത്തിലും നന്മയുടെയും സ്‌നേഹത്തിന്റെയും പൂക്കൾ സൗരഭ്യം പരത്തുകയാണ് ഇവിടെ.
എൺപത്തിമൂന്നിന്റെ നിറവിലും പണ്ടെങ്ങോ കഥയെഴുതിയതും കവിത ചൊല്ലിയതുമെല്ലാം ഇന്നലെയെന്നപോലെ മോഹനേട്ടന് ഓർത്തെടുക്കാനാകും. ബാല്യകാലത്തെ വികൃതികളോ വിനോദങ്ങളോ ഒക്കെയായിരുന്നു അവയെല്ലാം.ഇന്നതെല്ലാം ഓർമകളാണ്. ആ ഓർമകളുടെ മധുരം നുണഞ്ഞും കൊതിച്ചുമങ്ങനെ വാർധക്യം ആഘോഷമാക്കുകയാണയാൾ. കൗമാരവും യൗവനവും കടന്ന് ജീവിതത്തിലെ പരുക്കൻ യാഥാർഥ്യങ്ങളുമായി മനസ്സും ഭാവനയും ഒരുമിച്ചേറ്റുമുട്ടിയപ്പോൾ പലതും നഷ്ടമായി.
പിന്നീട് ജീവിത സായാഹ്നത്തിൽ എപ്പഴോ എത്തിപ്പെട്ട പകൽ വീട്ടിൽ ഒത്തുചേരലിന്റെ ഇമ്പം നിറഞ്ഞ മുഹൂർത്തങ്ങളാൽ മനസ്സ് നിറഞ്ഞപ്പോഴാണ് പഴയ പാട്ടും കഥകളും സന്തോഷങ്ങളുമെല്ലാം മനസ്സുവിട്ട് പുറത്തുവരുന്നത്. അങ്ങനെ കോഴിക്കോട് ജില്ലയിലെ കുണ്ടൂപറമ്പിലെ പകൽ വീട് മോഹനേട്ടന്റെ പുതിയ അരങ്ങായി മാറി. ഈ സന്തോഷവേളയിൽ തന്നെ കേക്ക് മുറിച്ചും പായസം വെച്ചും സദ്യയൊരുക്കിയുമെല്ലാം മോഹനേട്ടന്റെ പിറന്നാൾ ഇത്തവണയും ഇവിടെ ഗംഭീരമായി തന്നെ ആഘോഷിച്ചു.പകൽ വീട് തുടങ്ങിയപ്പോൾ മുതൽ എത്ര വലിയ മഴയാണെങ്കിലും വെയിലാണെങ്കിലും ഒരു ദിവസം പോലും മുടങ്ങാതെ ആവേശത്തോടെ മോഹനേട്ടൻ ഇവിടെയെത്തും. ഇത് തന്നെയാണ് എല്ലാവർക്കും മോഹനേട്ടനെ ഏറെ പ്രിയപ്പെട്ടതാക്കുന്നതും. വയ്യെന്ന് പറഞ്ഞ് മടി പിടിച്ചിരിക്കുന്നവർക്ക് വലിയ പ്രചോദനമാണിദ്ദേഹം.
കുണ്ടൂപറമ്പിലെ പകൽ വീട് ഇന്ന് നഗരത്തിലെ വയേജനങ്ങളുടെ ആശ്രയ കേന്ദ്രമാണ്. വീട്ടിൽ തനിച്ചാവുന്ന പ്രായമായവർക്ക് മിണ്ടിയും പറഞ്ഞുമിരിക്കാനും ഉല്ലസിക്കാനുമുള്ള ഇടമാണിത്. നാട്ടിലെ ഓരോ വിഷയങ്ങളും ചർച്ച ചെയ്യാൻ എല്ലാവർക്കും വലിയ ഉത്സാഹമാണ്. പത്ര വാർത്തകൾ മാത്രമല്ല. നാട്ടിൽ നടക്കുന്ന സംഭവങ്ങൾ എല്ലാം ഇവിടെ ചർച്ചാ വിഷയമാണ്. ചൂരൽ മലയിലെ പ്രകൃതി ദുരന്തം മുതൽ നാട്ടിലെ ബസപകടം വരെ വാർത്തായാനങ്ങളിൽ കടന്നു വരും. അങ്ങനെ കാര്യങ്ങൾ പറഞ്ഞിരുന്നാൽ സമയം പോകുന്നതേ അറിയില്ലെന്നാണ് അന്തേവാസിയായ കുറുപ്പേട്ടൻ പറയുന്നത്.
ഈ പകൽ വീട്ടിലെ ഏല്ലാവരും നല്ല ഒന്നാന്തരം പാട്ടുകാരാണ്. ആഘോഷ വേളകളിൽ പാട്ടുപാടാനുള്ള മത്സരമായിരിക്കുമെന്ന് പാലിക്കാടത്ത് ശോഭന പറയുന്നു. സുനജയും ജാനകിയും റീത്തയും സൗമിനിയും രാധയും രോഹിണിയും പ്രേമയും പുഷ്പയും ശ്രീമതിയും ഭരതിയുമൊക്കെ അടങ്ങുന്നതാണ് ഇവിടുത്തെ നൃത്ത കലാ ഗ്രൂപ്പിലെ അംഗങ്ങൾ. തിരുവാതിര, കൈകൊട്ടിക്കളി, ഗ്രൂപ്പ് ഡാൻസ് തുടങ്ങി ഒരുപാട് നൃത്തങ്ങൾ ഇവിടെ വന്നതിനു ശേഷം പഠിച്ചെടുത്തു.
പലയിടങ്ങളിലായി അവതരിപ്പിക്കുകയും ചെയ്തു. പാട്ടും ഡാൻസും പാചകവുമായി പകൽവീട്ടിലെ സജീവ പ്രവർത്തകരാണിവർ. ഇവർക്കൊപ്പം തന്നെ പാട്ടിലും നൃത്തത്തിനും നാടകത്തിലുമെല്ലാം വേണുവേട്ടനും മുന്നിലുണ്ടാകും. കഴിഞ്ഞ വാർഷികത്തിൽ വേണുവേട്ടന്റെ തൊഴിയും കണ്ണീരും എന്ന നാടകം മികച്ച കൈയടി നേടിയിരുന്നു. ഇത്തവണ ചത്തപ്പന്റെ കല്യാണം എന്ന ഹാസ്യ നാടകമാണ് എഴുതി തയ്യാറാക്കിയിട്ടുള്ളത്. വൈകാതെ റിഹേഴ്‌സൽ തുടങ്ങണം. കഥാപാത്രങ്ങളെയെല്ലാം തിരഞ്ഞെടുക്കുന്നതിന്റെ തിരക്കിലാണിപ്പോൾ. പുതിയ വിശേഷം പങ്കുവെക്കുമ്പോൾ വേണുവേട്ടന്റെ കണ്ണിൽ സന്തോഷത്തിന്റെ തിളക്കം.
ഇവരെ കൂടാതെ ഈ പകൽവീട്ടിൽ മറുനാട്ടിൽ നിന്നുള്ള ഒരു അതിഥി കൂടിയുണ്ട്. അതിഥിയായി വന്ന് ആതിഥേയയായി മാറിയ ശോഭാഹരിഹരൻ. ജോലിതേടി ഹൈദരാബാദിൽ നിന്നാണ് ഭർത്താവുമൊത്ത് മുപ്പത് വർഷം മുന്പേ ശോഭ കേരളത്തിൽ എത്തിയത്. ആദ്യം പാലക്കാടും പിന്നെ കോഴിക്കോടും താമസമാക്കി. എന്നാൽ വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് മരിച്ചതോടെ തികച്ചും ഒറ്റപ്പെട്ടു. ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ ഓരോ വീട്ടിൽ പല വിധ ജോലിക്കും പോയി. എന്നാൽ വാർധക്യസഹചമായ അസുഖങ്ങൾ കൂടിവന്നതോടെ ജോലിക്കു പോകാനും കഴിയാതെയായി. ഇവർക്ക് കുട്ടികളില്ല. ചെന്നൈയിലും മദ്രാസിലും ചില ബന്ധുക്കൾ ഉണ്ടെങ്കിലും ആരും വരാറില്ല.
കുണ്ടൂപറമ്പിലെ ഒരു കെട്ടിടത്തിനു മുകളിലെ ഒറ്റമുറി വീട്ടിൽ തനിച്ച് താമസിക്കുമ്പോഴാണ് പകൽവീടിനെപ്പറ്റി അറിയുന്നത്. അതോടെ ഇവിടെ സന്ദർശകയായി. പിന്നീട് സ്ഥിരമായി എത്താൻ തുടങ്ങി. 77 വയസ്സായ ശോഭ ഇപ്പോൾ പകൽവീടിന്റെ ഭാഗമാണ്. ആരുമില്ലാതിരുന്ന തനിക്ക് ഇപ്പോൾ നിരവധി ബന്ധുക്കളെയാണ് കിട്ടിയതെന്ന് ഇവർ പറയുന്നു. ഒരു ദിവസം വന്നില്ലെങ്കിൽ തന്നെ തിരക്കി ഇവിടെ നിന്നും സുഹൃത്തുക്കൾ താമസസ്ഥലത്തെത്തും, ഇതിലും വലിയ സന്തോഷം ഒന്നുമില്ലെന്നും ശോഭയുടെ വാക്കുകൾ. കലാപരിപാടികൾക്കും ആഘോഷങ്ങൾക്കും പിന്തുണ നൽകി ഇവർ ഇവിടെ സുഖമായി കഴിയുന്നു. ചിരിയും സന്തോഷവും ശോഭയുടെ മനസ്സിലേക്കും ജീവിതത്തിലേക്കും വിരുന്നുവന്നു കഴിഞ്ഞു.
പകൽവീട്ടിൽ എല്ലാവരും സന്തുഷ്ടരാണ്. മനസ്സ് തുറക്കാനും ആശയങ്ങളും ആശകളും പങ്കുവെക്കാനും ഇവിടെ സൗകര്യമുണ്ട്. വാർധക്യം എന്ന നിഴൽ ഇവരെ അലോസരപ്പെടുത്തുന്നില്ല. വീട്ടുകാരുടെ അടുത്തേക്ക് വൈകുന്നേരങ്ങളിൽ തിരിച്ചുപോകുന്നതിനാൽ കുടുംബത്തിന്റെ സാന്നിധ്യം നഷ്ടമാവുന്നുമില്ല. അതേസമയം, സ്വന്തം വ്യക്തിത്വം അറിയാനും അംഗീകരിക്കാനും സാധിക്കുകയും ചെയ്യുന്നു.
അംഗങ്ങളിൽ ഭൂരിഭാഗവും സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരാണ്. വാട്ട്‌സ് ആപ് ഗ്രൂപ്പുകളും സജീവം. ഒരു ദിവസം വരാൻ പറ്റിയില്ലെങ്കിൽ നേരത്തെ തന്നെ ഗ്രൂപ്പിൽ അറിയിക്കും. പറയാതെ ലീവ് എടുത്തവരെ വിളിച്ച് അന്വേഷിക്കും. അസുഖമോ മറ്റോ ആണെങ്കിൽ സാന്ത്വനിപ്പിക്കാൻ ഒന്നിച്ചിറങ്ങും. അങ്ങനെ ഗുഡ് മോണിംഗ്, ഗുഡ്‌നൈറ്റ് തുടങ്ങിയ ആശംസകളുമായി ഇവരുടെ ജീവിതം ഇവിടെ കളർ ആവുകയാണ്. ആദ്യം നൂറു പേരിൽ തുടങ്ങി ഇപ്പോൾ മൊത്തം 400 പേരാണ് ഈ പകൽ വീട്ടിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അൻപതോളം പേർ നിത്യേന വന്നുപോകുന്നു. രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ ഇവർ ഇവിടെ പാട്ടും കഥകളും ചർച്ചകളുമായി എല്ലാ ദിവസങ്ങളും സജീവമാക്കുന്നു. എന്നാൽ ഇങ്ങനെ വന്നുപോയാൽ മാത്രം പോരെന്ന ചിന്ത എപ്പോഴോ ഉള്ളിൽ നിന്നും പുറത്ത് ചാടി. അങ്ങനെയാണ് ഹാൻഡ് വാഷും ഡിഷ് വാഷും നിർമിക്കുന്ന പുതിയ പദ്ധതി കൂടി തുടങ്ങിയത്.
പകൽ വീട്ടിൽ നിന്നും നിർമിച്ചെടുക്കുന്ന ഹാൻഡ് വാഷിനും ഡിഷ് വാഷിനും “ഗ്രാൻഡ് മാം മാജിക്’ എന്ന പേരും നൽകി. വലിയ ബിസിനസ്സ് സംരംഭം എന്ന നിലയിലല്ല ഇത് തുടങ്ങിയത്. അംഗങ്ങളുടെ മാനസികമായ ഉല്ലാസം മാത്രമാണ് മുന്നിൽ കണ്ടത്. സമയം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന ചിന്തയും ഇതിന് പിന്നിലുണ്ട്. ആരെയും ജോലിയെടുക്കാൻ നിർബന്ധിക്കുന്നില്ല. കഴിവുള്ളവർക്കും താത്പര്യമുള്ളവർക്കും പങ്കെടുക്കാം. ഹാൻഡ് വാഷും ഡിഷ് വാഷും വിറ്റുകിട്ടുന്ന തുക അംഗങ്ങൾക്ക് വീതിച്ചു നൽകുകയാണ് ചെയ്യുന്നത്. ഹാൻഡ് വാഷ് ഗ്രീൻ ആപ്പിൾ, ഓറഞ്ച്, ലാവൻഡർ, സ്ട്രോബറി എന്നിങ്ങനെ നാല് ഫ്ളേവറുകളിൽ നിർമിക്കുന്നു.
ആയിരത്തിലേറെ ബോട്ടിലുകൾ വിൽപ്പനക്കായി ഇതിനകം എത്തിച്ചുകഴിഞ്ഞു. 300 ഗ്രാം ഹാൻഡ് വാഷിന് 79 രൂപയും 500 ഗ്രാം ഡിഷ് വാഷിന് 89 രൂപയുമാണ് വില. സൂപ്പർമാർക്കറ്റ്, കുടുംബശ്രീ, റസിഡൻസ് അസോസിയേഷൻ എന്നിവ വഴിയാണ് വിറ്റഴിക്കുന്നത്. ഇവയുടെ ലോഞ്ചിംഗ് ആഗസ്റ്റിൽ നടന്നു. ഉത്സച്ഛായയിലാണ് വിപണനോദ്ഘാടനം നടന്നത്. അടുത്തഘട്ടത്തിൽ ചന്ദനത്തിരി, കറിപ്പൊടികൾ എന്നിവ വിപണിയിൽ എത്തിക്കാനും പരിപാടിയുണ്ട്. കോർപറേഷൻ സാമൂഹികക്ഷേമകാര്യസമിതിയുടെയും കെയർ ടേക്കർമാരുടെയും പതിനൊന്നംഗ കമ്മിറ്റിയുടേയും സഹകരണത്തോടെയാണ് പകൽവീട് മുന്നോട്ടുപോകുന്നത്. അന്തേവാസികൾക്ക് മൂന്ന് നേരം ഭക്ഷണം നൽകും. രാവിലെ ചായയോടൊപ്പം പുട്ടും കടലയും പോലുള്ള വിഭവങ്ങൾ. ഉച്ചക്ക് ഊണ്. മത്സ്യവും മാംസവും ഇടദിവസങ്ങളിൽ വിളമ്പും. പച്ചക്കറിയും പയർവർഗങ്ങളും നിത്യവും ഉണ്ടാവും. വൈകുന്നേരം ചായയും ചെറുപലഹാരങ്ങളും ലഭിക്കും.
ഈ പകൽവീട് ആഹ്ലാദം വീണ്ടെടുക്കുന്ന ജീവിതമുഹൂർത്തങ്ങളുടെ കേന്ദ്രമാണ്. പ്രതീക്ഷയും പ്രത്യാശയുമാണ് ഇവിടെ നിറയുന്നത്. പ്രായമാകുന്നത് ഒരു ശാപമോ പരിമിതിയോ അല്ല. അത് പ്രകൃതിനിയമം മാത്രമാണ്. പ്രായത്തിന്റെ പ്രയാസങ്ങൾ പർവതീകരിച്ച് ആരെയും മാറ്റി നിർത്തേണ്ടതില്ല. പ്രായം ശരീരത്തെയും മനസ്സിനെയും കീഴടക്കുമ്പോഴും ചില കഴിവുകൾ, പ്രതിഭാവിലാസങ്ങൾ ബാക്കിയാകും. അതിനെ കണ്ടെടുത്ത് പ്രോത്സാഹിപ്പിക്കുകയാണ് കുണ്ടൂപറമ്പിലെ പകൽവീട്ടിലെ അന്തേവാസികൾ. നടത്തിപ്പുകാർ അവർക്ക് പൂർണ പിന്തുണയും നൽകുന്നു. അങ്ങനെ ജീവിതസായാഹ്നത്തിലും നന്മയുടെയും സ്‌നേഹത്തിന്റെയും പൂക്കൾ സൗരഭ്യം പരത്തുകയാണ് ഇവിടെ.