Connect with us

From the print

കൊവിഡ് കാലത്ത് പ്രായപരിധി കഴിഞ്ഞു; പി എസ് സി അവസരം നഷ്ടമായത് പതിനായിരങ്ങള്‍ക്ക്

'ഒറ്റത്തവണ വയസ്സിളവ്' നല്‍കണമെന്ന് ആവശ്യം.

Published

|

Last Updated

കോഴിക്കോട് | കൊവിഡ് മഹാമാരിയെ തുടര്‍ന്ന് പി എസ് സി വിജ്ഞാപനങ്ങളില്‍ കാലതാമസം നേരിട്ടതിനാല്‍ പ്രായപരിധി കഴിഞ്ഞ പതിനായിരക്കണക്കിന് പേര്‍ക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാനായില്ല. 2023 നവംബര്‍, ഡിസംബറില്‍ പുറത്തിറങ്ങിയിട്ടുള്ള എല്‍ ഡി സി, എല്‍ ജി എസ്, സെക്രട്ടേറിയറ്റ് ഒ എ ഉള്‍പ്പെടെ 160ലധികം തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസരമാണ് പലര്‍ക്കും നഷ്ടമായത്.

കൊവിഡിനെ തുടര്‍ന്ന് മറ്റെല്ലാ മേഖലയിലും ഇളവുകള്‍ അനുവദിച്ചപ്പോള്‍ ഇത്തരത്തിലുള്ള ഉദ്യോഗാര്‍ഥികളുടെ കാര്യത്തില്‍ മാത്രം ഒരു നടപടിയുമുണ്ടായില്ല. നല്ലൊരു ശതമാനം ഉദ്യോഗാര്‍ഥികളും പ്രായപരിധി പിന്നിട്ട് ഒരു തസ്തികയിലേക്കും അപേക്ഷിക്കാന്‍ കഴിയാതെ പുറത്തായിരിക്കുകയാണ്. തങ്ങളുടേതല്ലാത്ത കാരണത്താല്‍ അവസരം നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ അവലംബിച്ച മാര്‍ഗങ്ങള്‍ കേരളവും സ്വീകരിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

കൊവിഡിനെ തുടര്‍ന്ന് പ്രായപരിധി കഴിഞ്ഞ് അവസരം നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നാഗാലാന്‍ഡ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയും ഇളവ് നല്‍കിയിട്ടുണ്ട്. രാജസ്ഥാന്‍ നാല് വര്‍ഷവും നാഗാലാന്‍ഡ് രണ്ട് വര്‍ഷവുമാണ് പ്രായപരിധിയില്‍ ഇളവ് പ്രഖ്യാപിച്ചത്. മധ്യപ്രദേശ് സര്‍ക്കാര്‍ മൂന്ന് വര്‍ഷത്തെ ഇളവ് പ്രഖ്യാപിച്ചപ്പോള്‍ മഹാരാഷ്ട്രയും പോണ്ടിച്ചേരിയും രണ്ട് വര്‍ഷം ഇളവ് നല്‍കി. സ്റ്റാഫ് സെലക്്ഷന്‍ കമ്മീഷനും റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡും മൂന്ന് വര്‍ഷത്തെ വയസ്സിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. എല്‍ ഡി ക്ലാര്‍ക്ക്, ലാസ്റ്റ്ഗ്രേഡ് സര്‍വന്റ്, എല്‍ പി, യു പി സ്‌കൂള്‍ അധ്യാപകര്‍, ഓഫീസ് അറ്റന്‍ഡന്റ്, തദ്ദേശ സ്ഥാപനങ്ങളില്‍ സെക്രട്ടറി ഉള്‍പ്പെടെ 160 തസ്തികകളിലേക്കാണ് കഴിഞ്ഞ നവംബര്‍, ഡിസംബറില്‍ മാത്രം വിജ്ഞാപനം പുറപ്പെടുവിച്ചത്. കൊവിഡ് കാരണം രണ്ട് വര്‍ഷത്തോളം വൈകിയ വിജ്ഞാപനങ്ങളാണ് ഇവയെല്ലാം.

2021ലും 2022ലും പ്രായപരിധി പിന്നിട്ടവര്‍ക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ കഴിയില്ല. എല്‍ ഡി ക്ലാര്‍ക്ക്, ലാസ്റ്റ്ഗ്രേഡ് സര്‍വന്റ് പരീക്ഷകള്‍ക്ക് നാല് വര്‍ഷത്തിന് ശേഷമാണ് വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. എല്‍ ഡി ക്ലാര്‍ക്കിന് 2024 ജനുവരി മൂന്ന് വരെയും ലാസ്റ്റ്ഗ്രേഡ് സര്‍വന്റിന്റേത് ജനുവരി 17 വരെയുമായിരുന്നു അപേക്ഷിക്കാനുള്ള സമയപരിധി.

തദ്ദേശ സെക്രട്ടറി, സെക്രട്ടേറിയറ്റ്/പി എസ് സി ഓഫീസ് അറ്റന്‍ഡന്റ്, എല്‍ പി, യു പി സ്‌കൂള്‍ അധ്യാപകര്‍ എന്നീ തസ്തികകളിലേക്ക് 2024 ജനുവരി 31 വരെയുമായിരുന്നു അപേക്ഷിക്കാനുള്ള തീയതി. എന്നാല്‍ പ്രായപരിധി കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാന്‍ കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ ‘ഒറ്റത്തവണ വയസ്സിളവ്’ നല്‍കണമെന്നാണ് ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെടുന്നത്.

 

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest