Kerala
പ്രായപരിധി തീരുമാനിക്കുന്നത് അതാത് സംസ്ഥാനങ്ങള്‍; തീരുമാനം ആരോഗ്യശേഷിയും കാര്യശേഷിയും കണക്കിലെടുത്ത്: പ്രകാശ് കാരാട്ട്
ഓരോ സംസ്ഥാനത്തും വ്യത്യസ്ത പ്രായപരിധിയാണെന്നും അദ്ദേഹം പറഞ്ഞു

കൊല്ലം | സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി സംസ്ഥാന നേതൃത്വമാണ് തീരുമാനിക്കുകയെന്ന് സിപിഎം പിബി കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട്. ഓരോ സംസ്ഥാനത്തും വ്യത്യസ്ത പ്രായപരിധിയാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിലും കേരളത്തിലും എല്ലാം പ്രായപരിധി വ്യത്യസ്തമാണ്. തമിഴ്നാട്ടില്‍ പ്രായപരിധി 72 ആണെങ്കില്‍, ആന്ധ്രയില്‍ 70 ഉം കേരളത്തില്‍ 75 ആണെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേര്‍ത്തു. അതാത് സംസ്ഥാനത്തിലെ കേഡര്‍മാരുടെ പാര്‍ട്ടി നേതൃത്വത്തിന്റെ ആരോഗ്യശേഷിയും കാര്യശേഷിയും കണക്കിലെടുത്താണ് പാര്‍ട്ടി ഈ തീരുമാനം കൈക്കൊണ്ടത്.
അതേ സമയം സംസ്ഥാന സമ്മേളനത്തില്‍ സംഘടനാകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും വിമര്‍ശനങ്ങളും സ്വയം വിമര്‍ശനങ്ങളും ഉണ്ടാകുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരില്‍ മദ്യപിക്കുന്നവരുണ്ടാകുമെന്നും എന്നാല്‍ പാര്‍ട്ടി മെമ്പര്‍മാര്‍ മദ്യപിക്കരുത് എന്നാണ് പറഞ്ഞത്, മദ്യപിക്കുന്ന ആളുകള്‍ അല്ല പാര്‍ട്ടി ആഗ്രഹിക്കുന്ന കേഡര്‍മാര്‍, പാര്‍ട്ടിയുടെ ഭരണഘടനയില്‍ ഉള്ളതാണ് പറഞ്ഞതെന്നും എംവി ഗോവിന്ദന്‍ മാസ്റ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു