Connect with us

Minimum Marriageable Age of Girls

പെൺകുട്ടികളുടെ വിവാഹപ്രായം; കേന്ദ്ര തീരുമാനത്തിൽ ആശങ്ക

പ്രത്യേക അജൻഡയെന്ന് വിവിധ സംഘടനകൾ

Published

|

Last Updated

കോഴിക്കോട് | പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ആക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ ആശങ്ക. സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തിലുള്ള കൈകടത്തലാണെന്ന് ചൂണ്ടിക്കാട്ടി സർക്കാർ തീരുമാനത്തിനെതിരെ രാഷ്ട്രീയ പാർട്ടികളുൾപ്പെടെ രംഗത്ത് വന്നു. പുരുഷന്മാരുടെ വിവാഹപ്രായവുമായി ഏകീകരിക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നുണ്ടെങ്കിലും തീരുമാനത്തിന് പിന്നിൽ പ്രത്യേക അജൻഡകളുണ്ടെന്നാണ് സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്.

അമേരിക്ക, ജർമനി, ആസ്‌ത്രേലിയ, ഫ്രാൻസ് തുടങ്ങി 146 രാജ്യങ്ങളിൽ വിവാഹപ്രായം 18 ആണെന്നിരിക്കെ ഇന്ത്യയിൽ മാത്രം പെൺകുട്ടികൾക്ക് 21 ആക്കാനുള്ള തീരുമാനത്തെയാണ് എതിർക്കുന്നത്. ബ്രിട്ടീഷ് ഭരണ കാലത്ത് 1929 സെപ്തംബർ 28ന് പാസ്സാക്കിയ ബാല വിവാഹ നിയന്ത്രണ നിയമപ്രകാരം പെൺകുട്ടികൾക്ക് 14, ആൺകുട്ടികൾക്ക് 18 എന്നിങ്ങനെയായിരുന്നു വിവാഹപ്രായം. സെൻട്രൽ അസംബ്ലിയിൽ ഇതിന് ബിൽ അവതരിപ്പിച്ച മുൻ ജഡ്ജി ഹർബിലാസ് ശാരദയുടെ പേരിലാണ് നിയമം അറിയപ്പെട്ടത്. 1978ൽ ശാരദാ നിയമം ഭേദഗതി ചെയ്തു. പെൺകുട്ടികൾക്ക് 18 വയസ്സ്, പുരുഷന്മാർക്ക് 21 എന്നാക്കി. ശാരദാ നിയമത്തിന് പകരമായി ബാലനിരോധന നിയമം 2006ൽ കൊണ്ടുവന്നെങ്കിലും പ്രായപരിധി മാറ്റിയില്ല.

വിവാഹപ്രായം ഉയർത്താനുള്ള ചർച്ചകൾക്ക് തുടക്കമിടുന്നത് 2020ലെ ബജറ്റ് വേളയിൽ കേന്ദ്രമന്ത്രി നിർമലാ സീതാരാമനാണ്. പെൺകുട്ടികളുടെ വിവാഹപ്രായം പുതുക്കുമെന്നും അതിന് കർമസേനയെ നിയോഗിക്കുമെന്നുമായിരുന്നു പ്രഖ്യാപനം. ഇതേ തുടർന്ന് ജൂൺ രണ്ടിന് വനിതാ ശിശുക്ഷേമ മന്ത്രാലയം പഠന സമിതിയെ നിയോഗിച്ചു. ഈ സമിതിയുടെ നിർദേശത്തെ തുടർന്നാണ് പെൺകുട്ടികളുടെ വിവാഹപ്രായം ഇപ്പോൾ 21ലേക്ക് ഉയർത്തുന്നത്. വോട്ടവകാശത്തിന് 18 വയസ്സ് നിശ്ചയിക്കുമ്പോഴാണ് സ്ത്രീകളുടെ വിവാഹത്തിന് ഇതേ പ്രായം പക്വതയല്ലെന്ന് ചൂണ്ടിക്കാട്ടി നിയമം മാറ്റുന്നത്. വോട്ട് ചെയ്യാൻ പറ്റുമെങ്കിൽ വിവാഹം കഴിക്കാനും ഈ പ്രായം സ്ത്രീകൾക്ക് പര്യാപ്തമാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു. 18 വയസ്സിൽ നിർബന്ധമായും വിവാഹം കഴിക്കണമെന്നല്ല, മിനിമം 18 വയസ്സ് ഉണ്ടായിരിക്കണമെന്നാണ് നിലവിലെ നിയമം.
പുരോഗമനമാണെന്ന് തോന്നുമെങ്കിലും പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നത് കൊണ്ട് ഉപരി വിപ്ലവമായ മാറ്റം മാത്രമേ ഉണ്ടാക്കുന്നുള്ളൂവെന്നാണ് ആരോഗ്യവിദഗ്ധരുൾപ്പെടെ അഭിപ്രായപ്പെടുന്നത്. മാതൃമരണനിരക്ക്, ശിശു മരണം പോലുള്ള കാര്യങ്ങളാണ് വയസ്സ് ഉയർത്താൻ കേന്ദ്രം ചൂണ്ടിക്കാട്ടുന്നതെന്നിരിക്കെ ഇത്തരം കാര്യങ്ങൾ ശൈശവ വിവാഹം കൊണ്ട് മാത്രം ഉണ്ടാകുന്നതാണോ എന്നാണ് ഉയരുന്ന ചോദ്യം. മാതൃമരണ നിരക്കും ശിശു മരണവും കുറക്കാൻ സർക്കാർ തലത്തിൽ മറ്റ് സംവിധാനങ്ങളുണ്ടാകണം. ഈ സാഹചര്യത്തിലാണ് വിവിധ സംഘടനകൾ കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ രംഗത്തു വന്നത്.

ലിംഗസമത്വം കൊണ്ടുവരാൻ സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തണമെന്ന വാദം തെറ്റാണെന്ന് സി പി എമ്മിന്റെ വനിതാ സംഘടനയായ അഖിലേന്ത്യാ ജനാധിപത്യമഹിളാ അസ്സോസിയേഷൻ വ്യക്തമാക്കി. സി പി എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്, സി പി ഐ നേതാവ് ആനി രാജ, മുസ്‌ലിം ലീഗ് തുടങ്ങിയ രാഷ്ട്രീയ സാമൂഹിക സംഘടനകളും രംഗത്ത് വന്നു.

 

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്