National
പിണറായിക്ക് ഇനിയും പ്രായ പരിധി ഇളവ്; പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കുമെന്ന് പ്രകാശ് കാരാട്ട്
24ാം പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയ പ്രമേയം പ്രസിദ്ധീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
ന്യൂഡല്‍ഹി | പാര്‍ട്ടി കമ്മിറ്റികളിലെ പ്രായപരിധിയില്‍ ഏപ്രില്‍ രണ്ടുമുതല്‍ ആറുവരെ മധുരയില്‍ ചേരുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് സി പി എം കോ ഓഡിനേറ്റര്‍ പ്രകാശ് കാരാട്ട് പറഞ്ഞു.
പാര്‍ട്ടി ഭാരവാഹിത്വത്തിലെ പ്രായപരിധി മാനദണ്ഡത്തില്‍ പിണറായി വിജയന് ഇനിയും ഇളവ് നല്‍കണമോ എന്ന കാര്യം പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. 75കഴിഞ്ഞ പിണറായിക്ക് കഴിഞ്ഞ തവണ ഇളവ് നല്‍കിയത് മുഖ്യമന്ത്രിയായതിനാലാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
24ാം പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയ പ്രമേയം പ്രസിദ്ധീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ബിജെപിയെ പ്രതിരോധിക്കുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ച സംഭവിച്ചെന്നും ഇക്കാര്യം ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ വ്യക്തമാണെന്നും കരട് രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നു.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ ഭരണത്തിനെതിരെ ആശയ പോരാട്ടം ശക്തമായി തുടരും. തെരഞ്ഞെടുപ്പുകളില്‍ ബി ജെ പിക്കെതിരായ പരമാവധി വോട്ടുകള്‍ ഏകോപിപ്പിക്കുന്നതിനുള്ള അടവുനയം സ്വീകരിക്കും. ഇതര മതനിരപേക്ഷ കക്ഷികളുമായുള്ള നിലപാട് ഇതിന്റെ അടിസ്ഥാനത്തിലാകുമെന്നും കരട് രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നു.
കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യമില്ല, മറിച്ച് സഹകരണമാകാം. ഇടതുപക്ഷ പാര്‍ടികളുടെ ഐക്യം ശക്തിപ്പെടുത്തുന്നതിനും, വിശാലമായ വിധത്തില്‍ മതനിരപേക്ഷ-ജനാധിപത്യ ശക്തികളെ യോജിപ്പിച്ചുനിര്‍ത്താനും കഴിയണം. രാഷ്ട്രീയ സഹകരണം ഇന്ത്യാസഖ്യത്തില്‍ മാത്രം ഒതുങ്ങണമെന്നില്ല. ബംഗാളിലും ത്രിപുരയിലും പാര്‍ട്ടിയുടെ കെട്ടുറപ്പ് വീണ്ടെടുക്കുമെന്നും കരട് രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നു.