indrans
പ്രായം തടസ്സമായില്ല; യോഗ്യതകള്‍ നേടാന്‍ ഇന്ദ്രന്‍സ്
അറുപത്തി എട്ടാം വയസിലാണ് ഇന്ദ്രന്‍സ് ഏഴാം ക്ലാസ് പരീക്ഷ എഴുതുന്നത്
തിരുവനന്തപുരം | യോഗ്യതകള്‍ കരസ്ഥമാക്കുന്നതിന് പ്രായം തടസ്സമല്ലെന്നു പ്രഖ്യാപിച്ച് നടന് ഇന്ദ്രന്‍സ്. സാക്ഷരതാ മിഷന് നടത്തുന്ന ഏഴാം ക്ലാസ് തുല്യതാ പരീക്ഷ അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്കൂളില്‍ എഴുതി നടന് യോഗ്യതയുടെ പുതിയ വാതായനം തുറന്നു.
അറുപത്തി എട്ടാം വയസിലാണ് ഇന്ദ്രന്‍സ് ഏഴാം ക്ലാസ് പരീക്ഷ എഴുതുന്നത്. പത്താംക്ലാസ് യോഗ്യത നേടുക എന്നതാണ് ഇന്ദ്രന്‍സിന്റെ ലക്ഷ്യം. ഏഴാംക്ലാസ് ജയിച്ചാലേ പത്തില്‍ പഠിക്കാനാവൂ എന്ന സാക്ഷരതാമിഷന്റെ ചട്ടപ്രകാരം ആണ് താരം ഇപ്പോള്‍ പരീക്ഷ എഴുതിയത്.
2018ല്‍ പുറത്തിറങ്ങിയ ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഇന്ദ്രന്‍സ് നേടിയിരുന്നു. 2019ല്‍ വെയില്‍മരങ്ങള്‍ എന്ന ചിത്രത്തിലൂടെ സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്ക്കാരം നേടി. കഴിഞ്ഞ വര്‍ഷം ഹോം എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്കാരവും ഇന്ദ്രന്‍സിന് ലഭിച്ചു.
തിരുവനന്തപുരം കുമാരപുരം സ്കൂളിലാണ് പ്രഥമിക വിദ്യാഭ്യാസം ഇന്ദ്രന്‍സ് പൂര്‍ത്തിയാക്കിയത്. സ്കൂളില്‍ പോകാന്‍ പുസ്തകവും വസ്ത്രവും ഇല്ല എന്ന അവസ്ഥയിലാണ് താന്‍ സ്കൂള്‍ വിദ്യാഭ്യാസം നിര്‍ത്തി തയ്യല്‍ ജോലിയിലേക്ക് എത്തിയത് എന്നാണ് ഇന്ദ്രന്‍സ് മുന്‍പ് പറഞ്ഞത്. എന്നാല്‍ വായന ശീലം വിടാത്തതിനാല്‍ കുറേ കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിച്ചു. അത് വലിയ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാക്കിയെന്നും ഇന്ദ്രന്‍സ് പറഞ്ഞിരുന്നു.
നടന് അഭിനന്ദനങ്ങള്‍ അറിയിച്ച് മന്ത്രി ശിവന്‍കുട്ടി രംഗത്ത് എത്തി. നവകേരള സദസ്സിന്റെ ചടങ്ങില്‍ പങ്കെടുക്കവേയാണ് തുടര്‍പഠനത്തിന് ഇന്ദ്രന്‍സ് താത്പര്യം അറിയിച്ചതും പത്താംക്ലാസിലേക്കുള്ള അപേക്ഷ കൈമാറിയതും.