Connect with us

Prathivaram

പ്രായം തളര്‍ത്താത്ത പോരാട്ട വീര്യം

ജര്‍മനിയിൽ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി ജഴ്‌സിയണിയുന്ന നാസിമുദ്ദീന്‍ 5000, 1500 മീറ്റര്‍ ഓട്ടങ്ങളിലാണ് മത്സരിക്കുന്നത്. കൂടാതെ 100 മീറ്റര്‍, 400 മീറ്റര്‍ റിലേകളിലും മാറ്റുരക്കും. 2020ല്‍ ഹരിയാനയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിൽ സ്വര്‍ണവും വെള്ളിയും വെങ്കലവും നേടിയാണ് സാന്നിധ്യമറിയിച്ചത്.

Published

|

Last Updated

അടക്കാനാകാത്ത അഭിനിവേശവുമായി അമ്പത്തിമൂന്നുകാരനായ നാസിം എന്ന ചുമട്ട് തൊഴിലാളി ഓടിക്കയറാന്‍ ശ്രമിക്കുന്നത് ലോകത്തിന്റെ നെറുകയിലേക്കാണ്. കൊല്ലൂര്‍ വിള പള്ളിമുക്കിലെ ചുമട്ട് തൊഴിലാളിയായ നാസിമുദ്ദീന്‍ ദേശീയ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യന്‍ ഷിപ്പില്‍ നേടിയ മിന്നും ജയവുമായിട്ടാണ് ജർമനിയില്‍ നടക്കുന്ന വേള്‍ഡ് മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി മാറ്റുരയ്ക്കാനൊരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം വാരാണസിയില്‍ നടന്ന ദേശീയ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 5000 മീറ്ററില്‍ സ്വര്‍ണവും 1500 മീറ്റില്‍ വെള്ളിയും നേടി. രണ്ട് റിലേ മത്സരങ്ങളില്‍ നാസിമുദ്ദീന്‍ നേടിയത് മൂന്നാം സ്ഥാനം. 50- 55 വയസ്സിനിടയിലുള്ള വരുടെ വിഭാഗത്തിലാണ് നാസിമുദ്ദീന്‍ നേട്ടം കൊയ്തത്. ജര്‍മനിയിൽ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി ജഴ്‌സിയണിയുന്ന നാസിമുദ്ദീന്‍ 5000, 1500 മീറ്റര്‍ ഓട്ടങ്ങളിലാണ് മത്സരിക്കുന്നത്. കൂടാതെ 100 മീറ്റര്‍, 400 മീറ്റര്‍ റിലേകളിലും നാസിമുദ്ദീന്‍ മാറ്റുരക്കും.

2020ല്‍ ഹരിയാനയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണവും വെള്ളിയും വെങ്കലവും നേടിയാണ് സാന്നിധ്യമറിയിച്ചത്. മാരത്തണ്‍ ഓട്ടക്കാരനായ നാസിമുദ്ദീന്‍ അന്ന് 1500 മീറ്ററില്‍ ഒരു പരീക്ഷണം നടത്തിയതായിരുന്നു. എന്നാല്‍, സ്വര്‍ണവും നേടിയാണ് തിരിച്ചു വണ്ടികയറിയത്. കൂടാതെ 10,000 മീറ്ററില്‍ വെള്ളിയും 5,000 മീറ്ററില്‍ വെങ്കലവും അന്ന് നേടി. ക്വയിലോണ്‍ അത്‌ലറ്റിക്ക് ക്ലബ്ബിനെ പ്രതിനിധാനം ചെയ്തായിരുന്നു മത്സരത്തിനിറങ്ങിയത്. പതിമൂന്നാം വയസ്സില്‍ ട്രാക്കിലേക്കിറങ്ങിയ നാസിമുദ്ദീന് മാരത്തണിലാണ് കൂടുതല്‍ താത്പര്യം. രാവിലെ സുബ്ഹി നിസ്‌കാരത്തിന് ശേഷമുള്ള പരിശീലനം ഒഴിച്ചുകൂടാനാകാത്തതാണ്. വര്‍ഷങ്ങളായി അത് ജീവിതത്തിന്റെ ഭാഗമായി ചേര്‍ന്ന് കഴിഞ്ഞു. ലാല്‍ ബഹാദൂര്‍ സ്റ്റേഡിയത്തിലെ രണ്ട് മണിക്കൂര്‍ പരിശീലനം യുവാക്കളും മാതൃകയാക്കുന്നതാണ്. രാവിലെ എട്ട് മണിക്ക് ചുമട്ട് ജോലിക്കായി ഇറങ്ങുന്ന നാസിമുദ്ദീന്‍ പിന്നെ ജോലിയില്‍ മുഴുകും. ചുമട്ട് തൊഴിലാളികളായ സുഹൃത്തുക്കള്‍ ജാതി മത രാഷ്ട്രിയ ഭേദമന്യേ കരുത്തായി കൂടെ നില്‍ക്കുന്നതും നാസിമുദ്ദീന് മുന്നോട്ടുള്ള യാത്ര സുഗമമാക്കുന്നു.

കേരള മുസ്‌ലിം ജമാഅത്തിന്റെ പ്രവര്‍ത്തകനായ നാസിമുദ്ദീന്‍ സംഘടനാ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. ഐ ടി ഐ വിദ്യാര്‍ഥിയായ മകന്‍ മുഹമ്മദ് ഇര്‍ഫാനും പിതാവിനെ പോലെ ഓട്ടത്തില്‍ മികവ് പുലര്‍ത്തുന്നു. മകള്‍ നൗഫിയ ബിരുദ വിദ്യാര്‍ഥിയാണ്. ഭാര്യ: ബിന്‍ഷ.

ayoobcnan@gmail.com

Latest