International
ബംഗ്ലാദേശിൽ വീണ്ടും പ്രക്ഷോഭം; 90 മരണം
ആവശ്യം ശേഖ് ഹസീനയുടെ രാജി . അനിശ്ചിത കാലത്തേക്ക് കർഫ്യൂ
ധാക്ക | പ്രധാനമന്ത്രി ശേഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് പതിനായിരങ്ങൾ തെരുവിലിറങ്ങിയതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ 90 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ പ്രക്ഷോഭകരും ഭരണാനുകൂല സംഘടനാ പ്രവർത്തകരും പോലീസും ഉൾപ്പെടും. സിരാഗഞ്ച് ജില്ലയിലെ ഇനായത്പൂർ പോലീസ് സ്റ്റേഷനിലെ 13 സുരക്ഷാ ഉദ്യോഗസ്ഥർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു. തലസ്ഥാനമായ ധാക്കയിലും വടക്കൻ ജില്ലകളായ ബൊഗുര, പബ്‌ന, രംഗ്‌പൂർ, പടിഞ്ഞാറ് മഗുര, കിഴക്ക് കോമില്ല, തെക്ക് ബാരിസൽ, ഫെനി എന്നിവിടങ്ങളിലുമാണ് മരണമുണ്ടായത്. നൂറുകണക്കിന് പേർക്ക് പരുക്കേറ്റിട്ടുണ്ട്.
സർക്കാർ ജോലിയിൽ വിമുക്ത ഭടന്മാരുടെ കുടുംബത്തിനുള്ള സംവരണ സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ ജൂലൈയിൽ തുടങ്ങിയ പ്രക്ഷോഭത്തിനിടെ 200ലേറെ പേർ കൊല്ലപ്പെട്ടിരുന്നു. ഈ സമരം കെട്ടടങ്ങിയതിന് പിന്നാലെയാണ് ശേഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് ജനം ഇന്നലെ തെരുവിലിറങ്ങിയത്. സംഘർഷം വ്യാപിക്കുന്നത് തടയാൻ, അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. സാമൂഹിക മാധ്യമങ്ങളായ ഫേസ്ബുക്കിനും വാട്സ്ആപ്പിനും വിലക്കേർപ്പെടുത്തി.
ഇന്നലെ രാവിലെ പ്രതിഷേധം തുടങ്ങിയപ്പോൾ തന്നെ ഭരണ കക്ഷിയായ അവാമി ലീഗ്, അതിന്റെ വിദ്യാർഥി സംഘടനയായ ഛാത്ര ലീഗ്, യുവജന സംഘടനയായ ജൂബോ ലീഗ് പ്രവർത്തകർ എതിർപ്പുമായി രംഗത്തെത്തിയതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന് വാർത്താ ഏജൻസികൾ റിപോർട്ട് ചെയ്തു.
സംഘർഷം കണക്കിലെടുത്ത് ഇന്നലെ വൈകുന്നേരം ആറ് മുതൽ അനിശ്ചിതകാലത്തേക്ക് രാജ്യവ്യാപക കർഫ്യൂ ഏർപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രതിഷേധത്തിന്റെ പേരിൽ രാജ്യത്ത് അട്ടിമറിക്ക് ശ്രമിക്കുന്നവർ വിദ്യാർഥികളല്ല ഭീകരരാണെന്നും അവരെ അടിച്ചമർത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സുരക്ഷാ കാര്യങ്ങൾക്കുള്ള ദേശീയ സമിതി വിളിച്ചു ചേർക്കുകയും ചെയ്തു. കര, നാവിക, വ്യോമ, പോലീസ്, മറ്റ് ഏജൻസി മേധാവികൾ യോഗത്തിൽ പങ്കെടുത്തു.
ശേഖ് ഹസീന ചർച്ചക്കുള്ള സന്നദ്ധത അറിയിച്ചെങ്കിലും, രാജിയിൽ കുറഞ്ഞ ഒന്നും സ്വീകാര്യമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രക്ഷോഭകർ അത് തള്ളിക്കളഞ്ഞു. നികുതിയും ബില്ലുകളും അടക്കരുതെന്നും ബംഗ്ലാദേശിലെ പ്രവൃത്തി ദിവസമായ ഞായറാഴ്ച ജോലിക്ക് ഹാജരാകരുതെന്നും പ്രതിഷേധക്കാർ ആഹ്വാനം ചെയ്തു.
അതേസമയം, പ്രതിഷേധം അടിച്ചമർത്തുന്ന സർക്കാർ നടപടിക്കെതിരെ മനുഷ്യാവകാശ സംഘടനകൾ ഉൾപ്പെടെ രംഗത്തെത്തി. എന്നാൽ, പ്രക്ഷോഭകരെ നേരിടാൻ വെടിവെപ്പ് നടത്തിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.