National
ജില്ലയുടെ പേര് മാറ്റത്തിനെതിരെ പ്രക്ഷോഭം; ആന്ധ്ര പ്രദേശിൽ മന്ത്രിയുടെ വീടിന് തീയിട്ടു

അമരാവതി |ആന്ധ്രാപ്രദേശിൽ പുതുതായി രൂപീകരിച്ച ജില്ലയുടെ പേര് മാറ്റത്തിന് എതിരായ ജനക്കൂട്ടത്തിന്റെ പ്രതിഷേധത്തിനിടെ മന്ത്രിയുടെ വസതിക്ക് തീയിട്ടു. പുതുതായി രൂപീകരിച്ച കോൺസീമ ജില്ലയെ ബിആർ അംബേദ്കർ കോൺസീമ ജില്ല എന്ന് പുനർനാമകരണം ചെയ്യാനുള്ള നിർദേശത്തിനെതിരെയാണ് അമലാപുരത്ത് ജനക്കൂട്ടം പ്രതിഷേധിച്ചത്. അക്രമത്തിൽ ഗതാഗത മന്ത്രി പിനിപെ വിശ്വരൂപുവിന്റെ വീടിന് തീയിട്ടു. മന്ത്രിയെയും കുടുംബത്തെയും പൊലീസ് സുരക്ഷിതമായി രക്ഷപ്പെടുത്തി.
പോലീസ് വാഹനത്തിനും വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ബസിനും സന്ദർശകർ തീയിട്ടു. പ്രതിഷേധക്കാർ നടത്തിയ കല്ലേറിൽ നിരവധി പൊലീസുകാർക്ക് പരിക്കേറ്റു. സംഭവത്തിൽ 20 ലധികം പോലീസുകാര്ക്ക് പരിക്കേറ്റത് ദൗര്ഭാഗ്യകരമാണെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പഴയ കിഴക്കൻ ഗോദാവരിയിൽ നിന്ന് വേർപെടുത്തി ഏപ്രിൽ 4 നാണ്, കോൺസേമ ജില്ല രൂപീകരിച്ചത്. കഴിഞ്ഞയാഴ്ചയാണ് സംസ്ഥാന സർക്കാർ ഇതിൻെറ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചത്. കോൺസീമയുടെ പേര് ബി ആര് അംബേദ്കര് എന്ന് പുനര് നാമകരണം ചെയ്യാനാണ് നിർദേശം. എന്തെങ്കിലും എതിർപ്പുകൾ ഉണ്ടെങ്കിൽ അറിയിക്കണമെന്ന് സർക്കാർ നിർദേശം നൽകിയിരുന്നു.
ഈ പശ്ചാത്തലത്തിൽ, പേര് മാറ്റാനുള്ള നിർദ്ദേശത്തെ കോൺസീമ സാധന സമിതി എതിർക്കുകയും ജില്ലയുടെ പേര് മാറ്റാതെ തുടരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ജില്ലയുടെ പുനർനാമകരണത്തിനെതിരെ ജില്ലാ മജിസ്‌ട്രേറ്റ് ഹിമാൻഷു ശുക്ലക്ക് നിവേദനം നൽകാൻ ശ്രമിക്കുന്നതിനിടെയാണ് ചൊവ്വാഴ്ച കമ്മിറ്റി പ്രകടനം സംഘടിപ്പിച്ചത്. സമരക്കാരെ പോലീസ് തടയാൻ ശ്രമിച്ചതോടെ പ്രതിഷേധക്കാർ രോഷാകുലരാവുകയും ഒടുവിൽ ശാന്തമായ അമലപുരത്ത് തീവെപ്പ് നടത്തുകയുമായിരുന്നു.