Connect with us

Protests against Agnipath

അഗ്നിപഥ്; വടക്കേ ഇന്ത്യയില്‍ ഇന്നും വ്യാപക പ്രതിഷേധം

ബിഹാറില്‍ ഇന്ന് മൂന്ന്‌ ട്രെയ്‌നുകള്‍ക്ക് തീയിട്ടു; ബി ജെ പി എം എല്‍ എയുടെ വീട് ആക്രമിച്ചു -യു പിയില്‍ ട്രെയിനുകള്‍ക്ക് നേരെ വ്യാപക ആക്രമണം

Published

|

Last Updated

ന്യൂഡല്‍ഹി|  കേന്ദ്ര സര്‍ക്കാറിന്റെ സൈനിക റിക്രൂട്ട്‌മെന്റിനുള്ള അഗ്നിപഥ് പദ്ധതിക്കെതിരെ ഇന്നും വ്യാപക പ്രതിഷേധം. ബിഹാറില്‍ എട്ട് റെയില്‍വേ സ്റ്റേഷനുകളില്‍ ഇപ്പോള്‍ പ്രതിഷേധം അരങ്ങേറുന്നുണ്ട് . ബിഹാറില്‍ ഇന്ന് മൂന്ന് ട്രെയിനുകള്‍ക്ക് തീയിട്ടു. സമസ്തിപൂര്‍, ബക്‌സര്‍, അര റെയില്‍വേ സ്റ്റേഷനുകളിലാണ് വ്യാപക ആക്രമം. ബിഹാറില്‍ മാത്രം ഇതിനകം ആറ്‌ ട്രെയിനുകള്‍ക്ക് തീയിട്ടു. ബിഹാറില്‍ 22 ജില്ലകളില്‍ പ്രതിഷേധം നടക്കുന്നുണ്ട്. ബി ജെ പി എം എല്‍ എയുടെ വീടിന് നേരെ ആക്രമണമുണ്ടായി.

ഉത്തര്‍പ്രദേശിലെ ബാലിയില്‍ ട്രെയിനുകള്‍ക്ക് നേരെ വ്യാപക ആക്രമണമുണ്ടായി. സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള പ്രക്ഷോഭ ആഹ്വാനത്തെ തുടര്‍ന്ന് ഹരിയാനയില്‍ പലയിടത്തും ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. ഹരിയാനയില്‍ മൂന്നിടത്ത് ഹൈവേ ഉപരോധം നടക്കുന്നുണ്ട്‌.  ഉത്തരേന്ത്യയിലുടനീളം യുവാക്കള്‍ തെരുവിലിറങ്ങിയിരിക്കുകയാണ്. യു പിയിലും ഉത്തരാഖണ്ഡിലും രാജസ്ഥാനിലും പഞ്ചാബിലുമെല്ലാം നിരവധി ദേശീയപാതകളില്‍ ഉപരോധം നടക്കുന്നു. ട്രെയിനുകള്‍ക്ക് നേരെ വ്യാപക ആക്രമണമാണ് നടക്കുന്നത്.

അതിനിടെ പദ്ധതിക്കെതിരെ ബി ജെ പിക്കുള്ളിലും എന്‍ ഡി എക്കുള്ളിലും എതിര്‍പ്പ് ഉയര്‍ന്നതോടെ സേനയില്‍ ചേരാന്‍ ഉള്ള ഉയര്‍ന്ന പ്രായപരിധി കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്തു. സേനയില്‍ ചേരാനുള്ള ഉയര്‍ന്ന പ്രായപരിധിയാണ് 21ല്‍ നിന്നും 23 ആക്കി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയത്.

കോണ്‍ഗ്രസ്, ജെ ഡി യു, സി പി എം തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി കേന്ദ്ര സര്‍ക്കാറിന്റെ അഗ്‌നിപഥ് പദ്ധതിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിന് പിന്തുണയുമായി ഹരിയാന സംസ്ഥാന സര്‍ക്കാറും അഗ്‌നിപഥ് പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി സേനയില്‍ ചേരുന്നവര്‍ക്ക് സംസ്ഥാന പോലീസില്‍ പരിഗണന നല്‍കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.