Connect with us

Ongoing News

അഗ്നിപഥ്: ഹിന്ദി ഹൃദയഭൂമിയിൽ ആളിപ്പടർന്ന് പ്രതിഷേധം;  ട്രെയിനുകള്‍ക്ക് വ്യാപകമായി തീയിട്ടു; ഒരു മരണം

കുറഞ്ഞത് ഏഴ് സംസ്ഥാനങ്ങളെങ്കിലും വെള്ളിയാഴ്ച ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ആദ്യം ബീഹാറില്‍ തുടങ്ങിയ പ്രതിഷേധം പിന്നീട് ഉത്തര്‍പ്രദേശിലേക്കും അവിടെ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കും പടരുകയാണ്.

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര സര്ക്കാരിന്റെ പുതിയ സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ ‘അഗ്‌നിപഥ്’നെതിരെ രാജ്യത്തുടനീളം പ്രതിഷേധം ശക്തമാകുന്നു. കുറഞ്ഞത് ഏഴ് സംസ്ഥാനങ്ങളെങ്കിലും വെള്ളിയാഴ്ച ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ആദ്യം ബീഹാറില്‍ തുടങ്ങിയ പ്രതിഷേധം പിന്നീട് ഉത്തര്‍പ്രദേശിലേക്കും അവിടെ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കും പടരുകയാണ്.

തെലങ്കാനയില്‍ നടന്ന പ്രതിഷേധത്തില്‍ ഒരാള് കൊല്ലപ്പെട്ടു. തെലങ്കാനയിലെ സെക്കന്ദരാബാദ് റെയില്‍വേ സ്റ്റേഷനില്‍ നടന്ന പ്രതിഷേധം അക്രമാസക്തമാവുകയും തീവെപ്പുണ്ടാകുകയും ചെയ്തതിനെ തുടര്‍ന്ന് ജനക്കൂട്ടത്തെ ഒഴിപ്പിക്കാന്‍ പോലീസിന് ആകാശത്തേക്ക് വെടിയുതിര്‍ക്കേണ്ടി വന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സംഘര്‍ഷങ്ങളില്‍ 15 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

യു.പി-ബിഹാര്‍ എന്നിവിടങ്ങളില്‍ അതിരാവിലെ മുതല്‍ പ്രകടനങ്ങള്‍ ആരംഭിച്ചിരുന്നു. പ്രതിഷേധക്കാര്‍ പലയിടത്തും ട്രെയിനുകള്‍ക്ക് തീയിട്ടു. തെലങ്കാന, യുപി, ബീഹാര് എന്നീ സംസ്ഥാനങ്ങള്ക്ക് പുറമെ മധ്യപ്രദേശ്, പശ്ചിമ ബംഗാള്, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളിലും പ്രതിഷേധം ശക്തമായിട്ടുണ്ട്.

പ്രധാന അപ്‌ഡേറ്റുകള്‍

യുപിയിലെ ബല്ലിയയിലെ റെയില്‍വേ സ്റ്റേഷന് പ്രതിഷേധക്കാര്‍ തീയിട്ടു. ഇതുവരെ 100 പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബല്ലിയയ്ക്ക് പിന്നാലെ യുപിയിലെ മഥുര, ആഗ്ര എന്നിവിടങ്ങളിലും സംഘര്‍ഷമുണ്ടായി. ബനാറസില്‍ സര്‍ക്കാര്‍ ബസ് സ്റ്റാന്‍ഡില്‍ ആള്‍ക്കൂട്ടം പെട്ടെന്ന് പ്രവേശിച്ച് ബസുകള്‍ ആക്രമിച്ചു. നിരവധി ബസുകള് അടിച്ചുതകര്‍ത്തു. കുറഞ്ഞത് 200-300 പേരടങ്ങുന്ന ആള്‍ക്കൂട്ടമാണ് ആക്രമണം നടത്തിയതെന്ന് ജീവനക്കാര്‍ പറഞ്ഞു.

യുപിയിൽ ആഗ്ര-ഗ്വാളിയോര്‍-മുംബൈ റോഡ് പ്രതിഷേധക്കാര്‍ ഉപരോധിച്ചു. ഈ സമയത്ത് പോലീസ് വാഹനത്തിന് നേരെ കല്ലേറുണ്ടായി. യമുന എക്‌സ്പ്രസ് ഹൈവേയില്‍ പ്രതിഷേധക്കാര്‍ ബസ് മറിച്ചിട്ടു. വൈറലായ വീഡിയോയില്‍, ഒത്തുകൂടിയ യുവാക്കള്‍ ബസ് തലകീഴായി മറിക്കുന്നത് കാണാം.

ഹരിയാനയില്‍, ഗുരുഗ്രാം ജില്ലാ ഭരണകൂടം മുന്‍കരുതല്‍ നടപടിയായി നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചവരെ പുതിയ പ്രതിഷേധങ്ങളൊന്നും ഉണ്ടായില്ല. പ്രതിഷേധം രണ്ടാം ദിവസവും തുടരാന്‍ സാധ്യതയുള്ളതിനാലാണ് നിരോധനാജ്ഞ ഉത്തരവ് പുറപ്പെടുവിച്ചതെന്നും റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, മാര്‍ക്കറ്റുകള്‍, ദേശീയ പാതകള്‍, വൈദ്യുതി ഗ്രിഡുകള്‍ എന്നിവയുള്‍പ്പെടെ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ രോഷാകുലരായ ആള്‍ക്കൂട്ടം തടിച്ചുകൂടാന്‍ സാധ്യതയുണ്ടെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ നിഷാന്ത് യാദവ് പറഞ്ഞു. നോയിഡയിലും പൊലീസും ജാഗ്രതയിലാണ്.

ബിഹാറില്‍ നേതാക്കള്‍ക്ക് നേരെ ആക്രമണമുണ്ടായി. ഉപമുഖ്യമന്ത്രി രേണു ദേവിയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ബി.ജെ.പിയുടെ ബീഹാര്‍ യൂണിറ്റ് പ്രസിഡന്റ് സഞ്ജയ് ജയ്‌സ്വാളിന്റെ വീടിന് നേരെയും പ്രതിഷേധക്കാര്‍ ആക്രമണം നടത്തി. നഗരത്തിലെ ഹോസ്പിറ്റല്‍ റോഡിലെ വസതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഈ സമയം അദ്ദേഹം വീട്ടിലുണ്ടായിരുന്നു. വീടിന്റെ ചില്ല് തകര്‍ന്നു. ആക്രമണത്തില്‍ ഒരു പോലീസുകാരന് പരിക്കേറ്റു.

ബിഹാറില്‍ നൂറുകണക്കിന് പ്രതിഷേധക്കാര്‍ മധേപുര ബി.ജെ.പി ഓഫീസ് അടിച്ചുതകര്‍ക്കുകയും തീയിടുകയും ചെയ്തു. 500 ലധികം യുവാക്കള്‍ പൊടുന്നനെ ബി.ജെ.പി ഓഫീസിലേക്ക് എത്തിയതായാണ് വിവരം.

നളന്ദയിലെ ഇസ്ലാംപൂര് സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ഇസ്ലാംപൂര് ഹതിയ എക്‌സ്പ്രസ് ട്രെയിനിന് ജനക്കൂട്ടം തീയിട്ടു. നിരവധി ബോഗികള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ബിഹാറിലെ സമസ്തിപൂര്, സുപോള്, ലഖിസരായ് എന്നിവിടങ്ങളില്‍ രാവിലെ പ്രതിഷേധക്കാര് ട്രെയിനിന് തീയിട്ടിരുന്നു.

അഗ് നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിക്കുകയും അക്രമം നടത്തുകയും ചെയ്തതിന് 125 പേരെ കസ്റ്റഡിയിലെടുത്തതായി ബിഹാര്‍ നിയമ എഡിജി സഞ്ജയ് സിംഗ് പറഞ്ഞു. കേസില് ഇതുവരെ ആകെ 24 എഫ്.ഐ.ആര് രജിസ്റ്റര് ചെയ്തിട്ടുണ്ട്.

അതിനിടെ, ആളിക്കത്തുന്ന പ്രതിഷേധാഗ്നിക്കിടയിലും പദ്ധതിയെ അനുകൂലിച്ച് കേന്ദ്ര മന്ത്രിമാരും സൈനിക നേതൃത്വവും രംഗത്ത് വന്നു. നിരവധി കേന്ദ്രമന്ത്രിമാര്‍ പദ്ധതിയെ അനുകൂലിച്ച് ട്വീറ്റ് ചെയ്തു. പ്രായപരിധി വര്‍ദ്ധിപ്പിച്ചതിനെ അവര്‍ സ്വാഗതം ചെയ്തു.

കൊറോണ മഹാമാരിക്കിടയിലും കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി നടത്താന്‍ കഴിയാതിരുന്ന റിക്രൂട്ട്‌മെന്റ് റാലികളില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്ന മിടുക്കരും ദേശസ്‌നേഹികളുമായ എല്ലാ യുവാക്കള്‍ക്കും ഈ തീരുമാനം അവസരമൊരുക്കുമെന്ന് കരസേനാ മേധാവി ലഫ്റ്റനന്റെ് ജനറല്‍ മനോജ് പാണ്ടേ ട്വീറ്റ് ചെയ്തു. റിക്രൂട്ട്‌മെന്റ് പ്രക്രിയയുടെ സമയക്രമം ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുവാക്കളുടെ പ്രതിഷേധം റെയില്‍വേ ഗതാഗതത്തെ സാരമായി ബാധിച്ചു. ഇതുവരെ 200 ലധികം ട്രെയിനുകളുടെ സര്‍വീസ് തടസ്സപ്പെട്ടു. ബുധനാഴ്ച പ്രതിഷേധം ആരംഭിച്ചതിന് ശേഷം 35 ട്രെയിനുകള്‍ റദ്ദാക്കിയതായും 13 ട്രെയിനുകള്‍ ലക്ഷ്യസ്ഥാനത്തിന് മുമ്പ് സര്‍വീസ് നിര്‍ത്തിയതായും റെയില്‍വേ അറിയിച്ചു. ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പല ഭാഗങ്ങളും ഉള്‍പ്പെടുന്ന ഈസ്റ്റ് സെന്‍ട്രല്‍് റെയിവേയിലാണ് പ്രതിഷേധത്തിന്റെ ഏറ്റവും വലിയ ആഘാതമുണ്ടായത്.

Latest