Protests against Agnipath
അഗ്നിപഥ്: പ്രതിഷേധക്കാര്‍ക്കെതിരെ നിഷേധ മറുപടിയുമായി വി കെ സിംഗ്
'ആരാണ് നിങ്ങളോട് സൈന്യത്തില്‍ ചേരാന്‍ ആവശ്യപ്പെടുന്നത്; പുതിയ സ്‌കീം ഇഷ്ടമില്ലാത്തവര്‍ വരേണ്ട'
ന്യൂഡല്‍ഹി | സൈനിക റിക്രൂട്ട്‌മെന്റിനുള്ള കേന്ദ്ര സര്‍ക്കാറിന്റെ അഗ്നിപഥിനെതിരെ പ്രതിഷേധിക്കുന്നവരെ പരിഹസിച്ച് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിയും മുന്‍സൈനിക മേധാവിയുമായ വി കെ സിംഗ്. സൈന്യത്തില്‍ ചേരുക എന്നത് ഓരോരുത്തരും സ്വയം എടുക്കേണ്ട തീരുമാനമാണ്. ആരേയും നിര്‍ബന്ധിക്കേണ്ടതല്ല. സൈനിക റിക്രൂട്ട്മെന്റിന് വേണ്ടിയുള്ള പുതിയ പോളിസി ഇഷ്ടമില്ലാത്തവര്‍ അത് തിരഞ്ഞെടുക്കേണ്ട. ആരേയും ഞങ്ങള്‍ നിര്‍ബന്ധിക്കുന്നില്ല. ആരാണ് നിങ്ങളോട് സൈന്യത്തില്‍ ചേരാന്‍ ആവശ്യപ്പെടുന്നത്. ഇഷ്ടമില്ലാത്തവര്‍ വരേണ്ടതില്ലെന്നും വി കെ സിംഗ് പറഞ്ഞു.
സൈന്യം എന്ന് പറയുന്നത് ഒരു എംപ്ലോയ്മെന്റ് ഏജന്‍സിയോ, ഒരു കമ്പനിയോ, കടയോ അല്ലെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയില്‍ കോണ്‍ഗ്രസ് നടത്തുന്ന എതിര്‍പ്പിനേയും അദ്ദേഹം പരിഹസിച്ചു. രാഹുല്‍ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്തതിലുള്ള നിരാശയിലാണ് മോദി സര്‍ക്കാറിന്റെ ഏറ്റവും മികച്ച പദ്ധതിയെ ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടി എതിര്‍ക്കുന്നതെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു.