Connect with us

Career Notification

അഗ്നിവീർ; 3,000 ഒഴിവിന് സാധ്യത

സ്ത്രീകൾക്കും അവസരം • ഓൺലൈൻ അപേക്ഷ ഈ മാസം 31 വരെ

Published

|

Last Updated

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ സെലക്‌ഷൻ ടെസ്റ്റിന് അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ഇത് കമ്മീഷൻഡ് ഓഫീസർ, പൈലറ്റ്, നാവിഗേറ്റർ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പല്ല. ഈ മാസം 17 മുതൽ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. കഴിഞ്ഞ വർഷം 3,000 പേർക്കാണ് വ്യോമസേനയിൽ അഗ്നിവീർ ആയി അവസരം ലഭിച്ചത്. ഇത്തവണയും 3,000 ഒഴിവുകളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

വിദ്യാഭ്യാസ യോഗ്യത
സയൻസ് വിഷയങ്ങൾ- 50 ശതമാനം മാർക്കോടെ മാത്സ്, ഫിസിക്‌സ്, ഇംഗ്ലീഷ് പഠിച്ച് പ്ലസ് ടു ജയം, തത്തുല്യം. ഇംഗ്ലീഷിന് 50 ശതമാനം മാർക്ക് വേണം അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ മൂന്ന് വർഷ എൻജിനീയറിംഗ് ഡിപ്ലോമ ജയം (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ്, ഓട്ടോമൊബൈൽ, കമ്പ്യൂട്ടർ സയൻസ്, ഇൻസ്ട്രുമെന്റേഷൻ ടെക്‌നോളജി, ഐ ടി). ഇംഗ്ലീഷിന് 50 ശതമാനം മാർക്ക് വേണം. ഡിപ്ലോമ തലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ്ടു, പത്താംക്ലാസ്സിൽ ഇംഗ്ലീഷിന് 50ശതമാനം മാർക്ക് വേണം. അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ രണ്ട് വർഷ വൊക്കേഷനൽ കോഴ്സ് ജയം (ഫിസിക്‌സ്, മാത്സ് പഠിച്ചിരിക്കണം). ഇംഗ്ലീഷിന് 50 ശതമാനം മാർക്ക് വേണം. വൊക്കേഷനൽ കോഴ്സിന് ഇംഗ്ലീഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ് ടു, പത്താം ക്ലാസ്സ് ഇംഗ്ലീഷിന് 50 ശതമാനം മാർക്ക് നേടിയിരിക്കണം. സയൻസ് ഇതര വിഷയങ്ങൾ- 50 ശതമാനം മാർക്കോടെ പ്ലസ് ടു ജയം, തത്തുല്യം. ഇംഗ്ലീഷിന് 50 ശതമാനം മാർക്ക് വേണം അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ വൊക്കേഷനൽ കോഴ്‌സ് ജയം. ഇംഗ്ലീഷിന് 50 ശതമാനം മാർക്ക് വേണം. വൊക്കേഷനൽ കോഴ്സിന് ഇംഗ്ലീഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ് ടു, പത്താം ക്ലാസ്സിൽ ഇംഗ്ലീഷിന് 50 ശതമാനം മാർക്ക് നേടിയിരിക്കണം. സയൻസ് പഠിച്ചവർക്ക് സയൻസ് ഇതര വിഭാഗങ്ങളിലേക്കും അപേക്ഷിക്കാം. ഓൺലൈൻ രജിസ്‌ട്രേഷൻ ഫോം പൂരിപ്പിക്കുമ്പോൾ ഇവർക്ക് സയൻസ്, സയൻസ് ഇതര വിഷയങ്ങളുടെ പരീക്ഷയിൽ ഒറ്റ സിറ്റിംഗിൽ പങ്കെടുക്കാൻ ഓപ്ഷൻ ലഭിക്കും.

ശാരീരിക യോഗ്യത
ഉയരം- പുരുഷൻമാർക്ക് കുറഞ്ഞത് 152.5 സെ മി. സ്ത്രീകൾക്ക് 152 സെ. മി. തൂക്കം ഉയരത്തിനും പ്രായത്തിനും ആനുപാതികം.

ശാരീരികക്ഷമത- പുരുഷൻ ഏഴ് മിനുട്ടിൽ 1.6 കിലോമീറ്റർ ഓട്ടം. നിശ്ചിത സമയത്തിനുള്ളിൽ പത്ത് പുഷ്അപ്, പത്ത് സിറ്റ് അപ്, 20 സ്‌ക്വാട്‌സ് എന്നിവയും പൂർത്തിയാക്കണം. സ്ത്രീ. എട്ട് മിനുട്ടിൽ 1.6 കിലോമീറ്റർ ഓട്ടം. നിശ്ചിത സമയത്തിനുള്ളിൽ പത്ത് സിറ്റ് അപ്, 15 സ്‌ക്വാട്‌സ് എന്നിവയും പൂർത്തിയാക്കണം.

പ്രായം- 2002 ഡിസംബർ 26നും 2006 ജൂൺ 26നും മധ്യേ ജനിച്ചവരാകണം. (രണ്ട് തീയതിയും ഉൾപ്പെടെ). എൻറോൾ ചെയ്യുന്പോൾ പ്രായപരിധി 21. ഫീസ്- 250.

തിരഞ്ഞെടുപ്പ്- ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ഓൺലൈൻ ടെസ്റ്റ്, അഡാപ്റ്റബിലിറ്റി ടെസ്റ്റ്, ശാരീരകക്ഷമതാ പരിശോധന എന്നിവയും വൈദ്യപരിശോധനയും ഉണ്ടാകും. മെയ് 20 മുതലാണ് ഓൺലൈൻ ടെസ്റ്റ്. വിവിരങ്ങൾക്ക് https://agnipathvayu.cdac.in

ശമ്പളം- അഗ്നിവീറായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യ വർഷം 30,000 രൂപയും അടുത്ത മൂന്ന് വർഷങ്ങളിൽ 33,000 രൂപ, 36,500, 40,000 രൂപ എന്നിങ്ങനെയുമായിരിക്കും പ്രതിമാസ വേതനം. ഇതിൽ നിന്ന് നിശ്ചിത തുക അഗ്നിവീർ കോർപസ് ഫണ്ടിലേക്ക് വകയിരുത്തും. നാല് വർഷ സേവനത്തിന് ശേഷം സേനയിൽ നിന്ന് പിരിയുന്നവർക്ക് ഏകദേശം 10.04 ലക്ഷം രൂപ സേവാനിധി പാക്കേജായി നൽകും.

Latest