Taliban
താലിബാന്‍ അത്രയൊന്നും കരുത്തരല്ലെന്ന് അഹമ്മദ് മസൂദ്
രാജ്യത്തെ എല്ലാ വംശങ്ങളില്‍പ്പെട്ടവരേയും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ രൂപീകരിച്ചാലേ അവരെ അംഗീകരിക്കാന്‍ സാധിക്കൂവെന്നും അഹമദ് മസൂദ് പറഞ്ഞു
കാബൂള്‍ | പലരും കരുതുന്ന പോലെ അത്രയൊന്നും കരുത്തരല്ല താലിബാനെന്ന് പാഞ്ച്ശീര്‍ മേഖലയുടെ ചെറുത്ത് നില്‍പ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന അഫ്ഗാന്‍ നേതാവ് അഹമ്മദ് മസൂദ്. ഭരണത്തിലിരുന്ന സര്‍ക്കാറിന്റെ കഴിവുകേട് കൊണ്ടും അഫ്ഗാന്‍ സേനയുടെ നിഷ്‌ക്രിയത്വം കൊണ്ടുമാണ് താലിബന്‍ അഫ്ഗനിന്റെ നിയന്ത്രണം ഏറ്റെടുത്തതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താലിബാനെതിരെ പൊരുതാന്‍ അറിവും കഴിവും ധൈര്യവുമുള്ള അഫ്ഗാന്‍ സേനാ ഓഫീസര്‍മാരേയും ജനറലുകളേയും അശ്‌റഫ് ഗനിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പുറത്താക്കി. രാജ്യത്തിന്റെ നേതൃത്വം തന്നെ വലിയ കുഴപ്പമായിരുന്നവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അശ്‌റഫ് ഗനിയുടെ വിശ്വാസ്യത നഷ്ടമായി. അടുത്ത കാലങ്ങളില്‍ ജനങ്ങള്‍ ആയാളില്‍ നിന്നും അകന്നു പോയെന്നും മസൂദ് പറഞ്ഞു. യാതൊരു സൈനിക പരിശീലനവും ലഭിക്കാത്ത ഹംദുല്ല മൊഹിബും ഗനിയുമായിരുന്നു സൈനിക കാര്യങ്ങളില്‍ അവസാന തീരുമാനമെടുത്തിരുന്നത്. നിര്‍ഭാഗ്യവശാല്‍ താലിബാന് ഒരു മാറ്റവുമില്ല. രാജ്യത്ത് ഉടനീളം അവരുടെ നിയന്ത്രണത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളെ അനുകൂലിക്കാത്ത ഒരു ജനതക്ക് മേല്‍ ഒരു രാഷ്ട്രീയ പ്രത്യയ ശാസ്ത്രം തങ്ങളുടെ അസഹിഷ്ണുതയും അടിച്ചമര്‍ത്തലും മേധാവിത്വവും അടിച്ചേല്‍പ്പിക്കുകയാണ്. രാജ്യത്തെ എല്ലാ വംശങ്ങളില്‍പ്പെട്ടവരേയും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ രൂപീകരിച്ചാലേ അവരെ അംഗീകരിക്കാന്‍ സാധിക്കൂവെന്നും അഹമദ് മസൂദ് പറഞ്ഞു.