Non Veg Foods
അഹമ്മദാബാദില്‍ വിദ്യഭ്യാസ സ്ഥാപനങ്ങളുടേയും ആരാധനാലയങ്ങളുടേയും നൂറ് മീറ്റര്‍ ചുറ്റളവില്‍ മാംസാഹാര വില്‍പ്പനക്ക് നിരോധനം
കഴിഞ്ഞ ദിവസം വഡോദര, രാജ്‌കോട് മുന്‍സിപ്പല്‍ കോര്‍പ്പറഷനുകളില്‍ പൊതു ഇടങ്ങളില്‍ മാംസാഹാരങ്ങള്‍ വില്‍ക്കുന്നത് മറച്ച് കൊണ്ടായിരിക്കണം എന്ന് ഉത്തരവിട്ടിരുന്നു
അഹമ്മദാബാദ് | ഗുജറാത്തിലെ അഹമ്മദാബാദില്‍ സ്‌കൂളുടേയും കോളേജുകളുടേയും ആരാധനാലയങ്ങളുടേയും നൂറ് മീറ്റര്‍ ചുറ്റളവില്‍ മാംസങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് നിരോധനം. അഹമ്മദാബാദ് ടൗണ്‍ പ്ലാനിംഗ് കമ്മിറ്റിയുടേതാണ് നിരോധന ഉത്തരവ്. ചൊവ്വാഴ്ച മുതല്‍ നിരോധനത്തിന് പ്രാബല്യമുണ്ടാവുമെന്ന് പ്ലാനിംഗ് കമ്മിറ്റി ചെയര്‍മാന്‍ ദേവാങ്ക് ദാനി അറിയിച്ചു.
Stalls selling non-vegetarian items will not be allowed along public roads & in the 100-meter radius of schools, colleges & religious places, Town Planning Committee of Ahmedabad Municipal Corporation has decided. The execution will start tomorrow: Committee Chairman Devang Dani pic.twitter.com/TBDrlvCPrb
— ANI (@ANI) November 15, 2021
കഴിഞ്ഞ ദിവസം വഡോദര, രാജ്‌കോട് മുന്‍സിപ്പല്‍ കോര്‍പ്പറഷനുകളില്‍ പൊതു ഇടങ്ങളില്‍ മാംസാഹാരങ്ങള്‍ വില്‍ക്കുന്നത് മറച്ച് കൊണ്ടായിരിക്കണം എന്ന് ഉത്തരവിട്ടിരുന്നു. മുട്ടയടക്കം ഇത്തരത്തില്‍ പൊതു ജനങ്ങളുടെ ശ്രദ്ധയില്‍ നിന്ന് മറക്കാനായിരുന്നു നിര്‍ദ്ദേശം. ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുമെന്ന് കാണിച്ചാണ് ഇരു കോര്‍പ്പറേഷനുകളും ഇത്തരമൊരു നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. ഇതിന് പുറമേ, ഇത്തരം ഇടങ്ങളില്‍ നിന്ന് പുറത്ത് വരുന്ന പുക ആരോഗ്യത്തിന് ഭീഷണിയാണെന്നും ഇവര്‍ ചൂണ്ടിക്കാണിച്ചിരുന്നു. കാലങ്ങളായി ഇറച്ചിയും മത്സ്യവും മുട്ടയും പ്രദര്‍ശിപ്പിച്ച് വില്‍പ്പന നടക്കുന്നുണ്ടെന്നും എന്നാല്‍ അത് അവസാനിപ്പിക്കാന്‍ സമയമായെന്നും വഡോദര മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹിതേന്ദ്ര പട്ടേല്‍ ഇതിന് ന്യായീകരണമായി പറഞ്ഞിരുന്നു.
എന്നാല്‍, അഹമ്മദാബാദ് ടൗണ്‍ പ്ലാനിംഗ് കമ്മിറ്റിയുടെ തീരുമാനത്തോട് പ്രതികരിക്കവെ പ്രശ്‌നം മാസാംഹാരത്തിന്റേയോ വെജിറ്റേറിയന്‍ ഭക്ഷത്തിന്റേതോ അല്ലെന്നായിരുന്നു മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ പ്രതികരണം. ജനങ്ങള്‍ക്ക് താത്പര്യമുള്ളത് ഭക്ഷിക്കാം. എന്നാല്‍ ഇത്തരം കടകളില്‍ വില്‍ക്കുന്ന ഭക്ഷണ സാധങ്ങള്‍ ഹാനികരമായിരിക്കരുത്. ഇത്തരം കടകള്‍ ഗതാഗതത്തെ കുരുക്കരുതെന്നും ഭൂപേന്ദ്ര പട്ടേല്‍ പറഞ്ഞു.