Kerala
എ ഐ ക്യാമറ വിവാദം; ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് വ്യവസായ മന്ത്രി
വിവാദം സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചെന്നും എ ഐ ക്യാമറകളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തിയതായും മന്ത്രി
തിരുവനന്തപുരം | സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനം തടയുന്നതിന് സേഫ് കേരള പദ്ധതിയുടെ ഭാഗമായി റോഡുകളില്‍ സ്ഥാപിച്ച എ ഐ ക്യാമറയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് വ്യവസായ മന്ത്രി പി രാജീവ്. വിവാദം സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചെന്നും എ ഐ ക്യാമറകളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തിയതായും മന്ത്രി പറഞ്ഞു. റോഡ് ക്യാമറ ഇടപാട് വിവാദത്തില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന മുഹമ്മദ് ഹനീഷ് തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് ഇന്നലെയാണ് സര്‍ക്കാറിന് സമര്‍പ്പിച്ചത്.
സംസ്ഥാനമുടനീളം എ ഐ ക്യാമറകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദമുയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം പ്രഖ്യാപിച്ചത്. പദ്ധതിയുടെ ടെക്‌നിക്കല്‍ കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമാണ് കെല്‍ട്രോണിന് കരാര്‍ കൈമാറിയത്. സേഫ് കേരള പദ്ധതിക്കുളള ടെന്‍ഡര്‍ നടപടികള്‍ സി ഡബ്ല്യു സി മാനദണ്ഡ പ്രകാരമാണ് നടത്തിയത്. ഡാറ്റ സെക്യൂരിറ്റി ഒഴികെ മറ്റെല്ലാത്തിനും ഉപകരാര്‍ നല്‍കുന്നതിന് പ്രശ്‌നമില്ല. ഭാവിയില്‍ ഇത്തരം പദ്ധതികള്‍ക്ക് ഒരു ഉന്നത അധികാര സമിതി രൂപവത്കരിക്കും.
പ്രസാഡിയോ കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കേണ്ടതില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം. കെല്‍ട്രോണിനെ സംരക്ഷിക്കുന്ന നടപടികള്‍ ഉണ്ടാകണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ട്. എന്നാല്‍ ഉപകരാര്‍ നല്‍കിയ കമ്പനിയുടെ പേര് കരാറില്‍ ഉള്‍പ്പെടുത്തിയത് ശരിയല്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. അല്‍ ഹിന്ദ് കമ്പനി പിന്‍മാറിയ കാര്യം സര്‍ക്കാര്‍ പരിശോധിക്കേണ്ടതില്ലെന്നും അവര്‍ക്ക് പരാതി ഉണ്ടെങ്കില്‍ എന്ത് കൊണ്ട് കോടതിയില്‍ പോകുന്നില്ലെന്നും മന്ത്രി ചോദിച്ചു.