Kerala
എ ഐ കാമറ: ഒരുമാസം പിഴ ഈടാക്കില്ല; മെയ് 19 വരെ ബോധവത്ക്കരണമെന്ന് മന്ത്രി
മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് തീരുമാനമെന്ന് മന്ത്രി.
തിരുവനന്തപുരം | സംസ്ഥാനത്ത് ട്രാഫിക് നിയമ ലംഘനങ്ങള്‍ കണ്ടെത്താനുള്ള എ ഐ കാമറകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിച്ചെങ്കിലും ഒരു മാസം പിഴ ഈടാക്കില്ല. മെയ് 19 വരെ ബോധവത്ക്കരണം നടത്തുമെന്ന് ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു അറിയിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.
എ ഐ കാമറകള്‍ ഉള്‍പ്പെട്ട സേഫ് കേരള പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ആധുനിക സംവിധാനമുപയോഗിച്ച് ട്രാഫിക് നിയമ ലംഘനങ്ങള്‍ കണ്ടെത്തുമെന്നും സംസ്ഥാനത്ത് സുരക്ഷിത യാത്ര ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി ഉദ്ഘാടന വേളയില്‍ പറഞ്ഞു.
ഗ്രാമീണ പാതകളില്‍ ഉള്‍പ്പെടെ 726 എ ഐ കാമറകളാണ് സ്ഥാപിച്ചിട്ടുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രധാന അപകട മേഖലകള്‍, നിയമലംഘനം നടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് കാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്.
675 എഐ കാമറകള്‍, 25 പാര്‍ക്കിംഗ് വയലേഷന്‍ ഡിറ്റക്ഷന്‍ കാമറകള്‍, 18 റെഡ് ലൈറ്റ് വയലേഷന്‍ ഡിറ്റക്ഷന്‍ കാമറകള്‍, 4സ്പീഡ് വയലേഷന്‍ ഡിറ്റക്ഷന്‍ കാമറകള്‍, 4 മൊബൈല്‍ സ്പീഡ് വയലേഷന്‍ ഡിറ്റക്ഷന്‍ കാമറകള്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ ഉണ്ടായിരിക്കുക. സോളാര്‍ എനര്‍ജി ഉപയോഗിച്ചും 4ജി സംവിധാനത്തിലൂടെയുമാണ് കാമറ പ്രവര്‍ത്തിക്കുക.