Kerala
എ ഐ കാമറ; പദ്ധതിയുമായി യാതൊരു ബന്ധവുമില്ലെന്ന് ഊരാളുങ്കല്‍ സൊസൈറ്റി
പദ്ധതിക്ക് ഉപ കരാറെടുത്ത എസ് ആര്‍ ഐ ടിയുമായും നിലവില്‍ ബന്ധമില്ലെന്നും സൊസൈറ്റി.
കോഴിക്കോട് | സംസ്ഥാനത്തെ എ ഐ കാമറ പദ്ധതിയുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി. പദ്ധതിക്ക് ഉപ കരാറെടുത്ത എസ് ആര്‍ ഐ ടിയുമായും നിലവില്‍ ബന്ധമില്ലെന്നും സൊസൈറ്റി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. എന്നാല്‍, ആറ് വര്‍ഷം മുമ്പ് സ്വകാര്യ പ്രൊജക്ടുമായി സഹകരിച്ചിരുന്നതായും സൊസൈറ്റി വെളിപ്പെടുത്തി.
എ ഐ കാമറ പദ്ധതിയുടെ കരാര്‍ ലഭിച്ച സ്വകാര്യ കമ്പനിക്ക് ഊരാളുങ്കല്‍ സൊസൈറ്റിയുമായി ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
എ ഐ കാമറകള്‍ സ്ഥാപിക്കുന്നതിന് കെല്‍ട്രോണ്‍ ഉപ കരാര്‍ നല്‍കിയിരിക്കുന്ന എസ് ആര്‍ ഐ ടി ഇതുമായി ബന്ധപ്പെട്ട പ്രവൃത്തി പരിചയമില്ലാത്ത കമ്പനിയാണെന്ന് ആരോപണമുണ്ട്. ഇങ്ങനെ കരാര്‍ നല്‍കിയതില്‍ വന്‍ അഴിമതിയുള്ളതായും പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആരോപിച്ചിരുന്നു.