aicc
എ ഐ സി സി പുനഃസംഘടന; മുല്ലപ്പള്ളി ജനറല്‍ സെക്രട്ടറിയായേക്കും
ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കും; ചെന്നിത്തലയുടെ വാതിലും അടയുന്നു

ന്യൂഡല്‍ഹി | എ ഐ സി സി പുന:സംഘടന ചര്‍ച്ചകള്‍ സജീവമായിരിക്കെ മുന്‍ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍ കോണ്‍ഗ്രസ്. ഏതെങ്കിലും സംസ്ഥാനത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മുല്ലപ്പള്ളി എത്തുമെന്ന് ഏതാണ്ട് ഉറപ്പായതായാണ് റിപ്പോര്‍ട്ട്. അതേ സമയം കേരളത്തിലെ മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടിയെ എ ഐ സി സി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കും. നിലവില്‍ ആന്ധ്രയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായ ഉമ്മന്‍ചാണ്ടിയെ അനാരോഗ്യം പറഞ്ഞാണ് മാറ്റുന്നത്.
മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ നേരത്തെ നീക്കങ്ങളുണ്ടായിരുന്നെങ്കിലും ഡി സി സി പുനഃസംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സാധ്യതക്ക് മങ്ങലേല്‍പ്പിച്ചതായാണ് വിവരം. ഡി സി സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല നടത്തിയ പരസ്യ വിമര്‍ശനങ്ങളില്‍ ഹൈക്കമാന്‍ഡ് അതൃപതരാണ്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് തോല്‍വിക്കുശേഷം വളരെ പെട്ടെന്ന് മുലപ്പള്ളി രാമചന്ദ്രനെ കെ പി സി സി അധ്യക്ഷ പദിവിയില്‍ നിന്ന് മാറ്റിയിരുന്നു. ഡി സി സി പുന:സംഘടന വന്നപ്പോഴും മുല്ലപ്പള്ളിയുമായി കൂടിയാലോചന നടന്നില്ലെന്ന പരാതിയും ഉയര്‍ന്നിരുന്നു. എന്നാല്‍ പരസ്യമായ ഒരു വിമര്‍ശനവും മുല്ലപ്പള്ളി നടത്തിയിരുന്നില്ല. ഈ സാഹര്യത്തിലാണ് മുല്ലപ്പള്ളി രാമചന്ദ്രനെ ദേശീയതലത്തിലേക്ക് പരിഗണിക്കുന്നത്. മുമ്പും കേന്ദ്ര നേതൃത്വത്തില്‍ നിര്‍ണായക സ്ഥാനങ്ങള്‍ വഹിച്ച മുല്ലപ്പള്ളിക്ക് പദവി നല്‍കുന്നത് സജീവമായി ഹൈക്കമാന്‍ഡ് പരിഗണിക്കുന്നതായാണ് അറിവ്. നേരത്തെഎഐസിസി ജോ സെക്രട്ടറി, കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ തുടങ്ങിയ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.