Kerala
സംസ്ഥാന കോണ്‍ഗ്രസ്സില്‍ നേതൃമാറ്റത്തിന് അഭിപ്രായം തേടി എ ഐ സി സി
ദീപാദാസ് മുന്‍ഷി നേതാക്കളെ പ്രത്യേകം കണ്ട് ഇതു സംബന്ധിച്ച് അഭിപ്രായം ആരാഞ്ഞു
തിരുവനന്തപുരം | കെ പി സി സിനേതൃമാറ്റത്തിലും പുനസ്സംഘടനയിലും നേതാക്കളോട് എ ഐ സി സി അഭിപ്രായം തേടി. എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി നേതാക്കളെ പ്രത്യേകം കണ്ട് ഇതു സംബന്ധിച്ച് അഭിപ്രായം ആരാഞ്ഞു.
നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് കെ പി സി സി രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷമുള്ള വാര്‍ത്ത സമ്മേളനം മാറ്റിയതെന്നാണ് വിവരം. രമേശ് ചെന്നിത്തല, ബെന്നി ബഹനാന്‍, സണ്ണി ജോസഫ് തുടങ്ങിയവര്‍ ദീപാദാസ് മുന്‍ഷിയെ കണ്ട് നേതൃമാറ്റം ആവശ്യമാണെന്ന് ആവശ്യം ഉന്നയിച്ചു. നിലനവിലെ നേതൃത്വമായി മുന്നോട്ടുപോയാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ ശക്തമായ പ്രകടനം നടത്താന്‍ കഴിയില്ലെന്ന് ഈ നേതാക്കള്‍ ദീപാദാസ് മുന്‍ഷിയെ അറിയിച്ചുവെന്നാണ് സൂചന.
വി ഡി സതീശനെയും മറ്റ് നേതാക്കളെയും ദീപദാസ് മുന്‍ഷി നേരില്‍ കണ്ട് നേതൃമാറ്റത്തെക്കുറിച്ച് അഭിപ്രായം തേടു. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആര് എന്ന ചര്‍ച്ചകള്‍ അവസാനിപ്പിച്ച് പൂര്‍ണമായ ഐക്യത്തോടെ പെരുമാറണമെന്ന് ഇന്നലെ ചേര്‍ന്ന രാഷ്ട്രീയ കാര്യ സമിതിയില്‍ സന്ദേശം ഉയര്‍ന്നിരുന്നു. എന്നാല്‍ സംയുക്ത വാര്‍ത്താ സമ്മേളനം നടത്തുന്ന തരത്തിലേക്ക് വിവിധ വിഷയങ്ങളില്‍ അഭിപ്രായ ഐക്യം യോഗത്തില്‍ ഉണ്ടായില്ല.
കെ സുധാകരനും വി ഡി സതീശനും തമ്മിലെ വിയോജിപ്പുകളാണ് സംയുക്ത വര്‍ത്താ സമ്മേളനം നടത്തുന്നതിനു തടസ്സമായത് എന്നാണ് വിവരം. എ ഐ സി സി സെക്രട്ടറി പി വി മോഹനന് വാഹനാപകടത്തില്‍ പരിക്കേറ്റതിനാലാണ് വാര്‍ത്താ സമ്മേളനം മാറ്റിവെച്ചത് എന്നു വിശദീകരിച്ച് രക്ഷപ്പെടാനാണ് നേതാക്കള്‍ ശ്രമിച്ചത്.