National
ശ്രീലങ്കക്കുള്ള സഹായം തുടരും; അഭയാര്‍ഥി പ്രവാഹം ഉണ്ടാകുമെന്ന ആശങ്കയില്ല: വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍
ശ്രീലങ്കയിലെ സ്ഥിതിഗതികള്‍ ഇന്ത്യ നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യമന്ത്രി
തിരുവനന്തപുരം | ആഭ്യന്തര കലാപം രൂക്ഷമായ ശ്രീലങ്കയിലെ സ്ഥിതിഗതികള്‍ ഇന്ത്യ നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ശ്രീലങ്കക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ എക്കാലവും ശ്രീലങ്കയെ സഹായിച്ചിട്ടുണ്ട്. അത് ഇനിയും തുടരും. ഇപ്പോള്‍ അഭയാര്‍ഥി പ്രശ്‌നങ്ങള്‍ ഇല്ലെന്നും സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും വിദേശകാര്യ മന്ത്രി പ്രതികരിച്ചു. ഇന്ത്യയിലേക്ക് അഭയാര്‍ഥി പ്രവാഹം ഉണ്ടാകുമെന്ന ആശങ്കയില്ലെന്നും വിദേശകാര്യമന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ശ്രീലങ്കക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ടെങ്കിലും നിലവിലത്തെ രാഷ്ട്രീയ സാഹചര്യം അനുസരിച്ചു മാത്രമാകും ഇന്ത്യ നിലപാട് സ്വീകരിക്കുക. ശ്രീലങ്കയുമായി നല്ല ബന്ധമാണ് ഇന്ത്യയ്ക്കുള്ളതെന്നും വിദേശകാര്യമന്ത്രി പ്രതികരിച്ചു.
അതേസമയം ശ്രീലങ്കയിലെ തലൈ മന്നാറില്‍ നിന്ന് കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും വ്യാപകമായ അഭയാര്‍ത്ഥി പ്രവാഹമുണ്ടാകുമെന്ന് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാമേശ്വരം അടക്കമുള്ള സ്ഥലങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.