International
അശ്ലീല താരത്തിന് വഴിവിട്ട് സഹായം; ട്രംപ് കുറ്റക്കാരൻ; ശിക്ഷാ വിധി ജൂലൈ 11ന്
കുറ്റകൃത്യത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തുന്ന ആദ്യ മുൻ യുഎസ് പ്രസിഡന്റായി ട്രംപ്
വാഷിംഗ്ടൺ |യു എസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. കള്ളപ്പണം സംബന്ധിച്ച 34 കേസുകളിലും ഡൊണാൾഡ് ട്രംപ് കുറ്റക്കാരനാണെന്ന് കോടതി പ്രഖ്യാപിച്ചു. അശ്ലീലതാരം സ്റ്റോമി ഡാനിയൽസിൻ്റെ വായടപ്പിക്കാൻ നടത്തിയ പണമിടപാടുകൾ മറച്ചുവെക്കാൻ 34 ബിസിനസ് രേഖകളിൽ കൃത്രിമം കാണിച്ചതു സംബന്ധിച്ച കേസുകളിലാണ് 77 കാരനായ ട്രംപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ഇതോടെ ഒരു കുറ്റകൃത്യത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്ന ആദ്യ മുൻ അമേരിക്കൻ പ്രസിഡന്റായി ട്രംപ്. അമേരിക്കയുടെ 45-ാമത് പ്രസിഡൻ്റായിരുന്നു ഡൊണാൾഡ് ട്രംപ്.
റിപ്പബ്ലിക്കൻ പാർട്ടി അവരുടെ പാർട്ടി കോൺഫറൻസിൽ അദ്ദേഹത്തെ പ്രസിഡൻ്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിപ്പിക്കുന്നതിന് ഔപചാരികമായി തിരഞ്ഞെടുക്കുന്നതിന് നാല് ദിവസം മുമ്പാണ് കോടതി നടപടി. ജൂലൈ 11 ന് അദ്ദേഹത്തിന് ശിക്ഷ വിധിക്കും.
അതേസമയം കോടതി വിധിയെ ട്രംപ് അപലപിച്ചു. കോടതി വിധിയെ അപമാനകരം, കഷ്ടം എന്ന് വിശേഷിപ്പിച്ച അദ്ദേഹം താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും പറഞ്ഞു. നവംബർ അഞ്ചിന് പൊതുസമൂഹം ഇക്കാര്യത്തിൽ ശരിയായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണിയെയും ബിഡൻ ഭരണകൂടത്തെയും ട്രംപ് വിമർശിച്ചു.